പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധാകേന്ദ്രമായി ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ ജീവിതം അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 800 എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഇൻ കോൺവർസേഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തന്റെ ബയോപിക്കിനെ പറ്റിയും ക്രിക്കറ്റിനെപ്പറ്റിയും മുരളീധരൻ പരിപാടിയിൽ സംസാരിച്ചു. സ്പിൻ മാന്ത്രികന്റെ ജീവചരിത്രമായ എ ലെജൻഡറി 800-ൽ മുരളിയെ അവതരിപ്പിക്കുന്ന മധുർ മിത്തലും ചർച്ചയിൽ പങ്കെടുത്തു.

To advertise here,

അവ്യക്തതയിൽ നിന്ന് ക്രിക്കറ്റ് ഇതിഹാസമായുള്ള മുരളിയുടെ യാത്രയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു കോമൾ നഹ്ത മോഡറേറ്റ് ചെയ്ത ഇൻ കോൺവർസേഷൻ സെഷൻ. 

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ ആരംഭിച്ച തന്റെ അവിശ്വസനീയമായ കഥ മുത്തയ്യ മുരളീധരൻ പരിപാടിയിൽ പങ്കുവെച്ചു. ക്രിക്കറ്റ് ഇതിഹാസമാകാനുള്ള യാത്രയിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നതെങ്ങനെയെന്ന് ചിത്രത്തിൽ വ്യകതമായി വരച്ചുകാട്ടിയിട്ടുണ്ടെന്നും മുരളി പറഞ്ഞു. പ്രക്ഷുബ്ധമായ ആ സമയങ്ങളിൽ ക്രിക്കറ്റ് മാത്രമായിരുന്നു ആശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ടീമിൽ പോലും കളിക്കുന്നത് സ്വപ്നം കാണാത്ത സമയം പോലുമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

തന്റെ ജീവിതത്തെ കുറിച്ചുള്ള സിനിമയെപറ്റി ചർച്ച ചെയ്യവെ ആധികാരികതയുടെ പ്രാധാന്യം മുരളി ഊന്നിപ്പറഞ്ഞു. ഇത് ഒരിക്കലും മഹത്വവൽക്കരണമായി കാണരുതെന്നും സത്യം മാത്രമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചിത്രം തന്റെ ക്രിക്കറ്റ് ജീവിതത്തെപ്പറ്റിയും വ്യക്തിജീവിതത്തോടും വിശ്വസ്തത പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ തിരക്കഥ ഒന്നിലധികം തവണ സൂക്ഷ്മമായി പരിശോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1995-ൽ ഓസ്‌ട്രേലിയയിൽ തന്റെ ബൗളിംഗ് ആക്ഷനെ ചൊല്ലിയുണ്ടായ ചക്കിംഗ് വിവാദത്തെ കുറിച്ചും മുരളീധരൻ പരിപാടിയിൽ സംസാരിച്ചു. തന്നെ തളർത്താൻ ബോധപൂർവം നടന്ന ശ്രമമായിരുന്നു ആ വിവാ​ദമെന്ന് മുരളീധരൻ അവകാശപ്പെട്ടു. "ചക്കിങ് വിവാദം ഹൃദയഭേദകമായിരുന്നു, പക്ഷേ ഞാൻ തളർന്നില്ല, എന്റെ സഹതാരങ്ങളുടെയും ക്രിക്കറ്റ് ബോർഡിന്റെയും സജീവ പിന്തുണയോടെ ഞാൻ ശക്തമായി തന്നെ കരിയർ തുടർന്നു." മുരളി പറഞ്ഞു.

തന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം സംഭവമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേരെ പാകിസ്ഥാനിൽ നടന്ന ആക്രമണമെന്ന് ക്രിക്കറ്റ് ജീവിതത്തിലെ തന്റെ പോരാട്ടങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ മുത്തയ്യ മുരളീധരൻ അഭിപ്രായപ്പെട്ടു. 

ഒരു ടെസ്റ്റ് മത്സരത്തിൽ ശരാശരി ആറ് വിക്കറ്റ് എന്ന കണക്കുവെച്ച് കായിക ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് മുരളീധരൻ. 800 ടെസ്റ്റ് വിക്കറ്റുകളും 530-ലധികം ഏകദിന വിക്കറ്റുകളും നേടിയ ഒരേയൊരു ബൗളറാണ് അദ്ദേഹം. 1996 ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ ഭാഗമായിരുന്നു മുത്തയ്യ മുരളീധരൻ.