പനജി: ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഞായറാഴ്ച ശ്രദ്ധ നേടി ബോളിവുഡ് താരം റാണി മുഖർജി. ഇൻ കോൺവർസേഷൻ വിഭാ​ഗത്തിൽ 'ഡെലിവറിംഗ് പെർഫോമൻസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു നടി. ഗലാട്ട പ്ലസ് എഡിറ്ററും ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നിരൂപകനുമായ ഭരദ്വാജ് രംഗൻ മോഡറേറ്റ് ചെയ്ത പരിപാടിയിൽ റാണി മുഖര്‍ജി അഭിനയിച്ച മികച്ച കഥാപാത്രങ്ങളെപ്പറ്റിയും  27 വര്‍ഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ത്യൻ സ്ത്രീകളെ ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്ന്  സിനിമാ യാത്രയെക്കുറിച്ച് റാണി മുഖർജി പറഞ്ഞു. 

To advertise here,

'ശക്തമായ സിനിമകൾക്കും വേഷങ്ങൾക്കും ഒപ്പം നിൽക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ നിങ്ങൾക്ക് ആ കാലഘട്ടത്തിൽ പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചേക്കില്ല. എന്നാൽ സിനിമാ ചരിത്രത്തിൽ അത്തരം സിനിമകൾക്കും കഥാപാത്രങ്ങൾക്കും ഒരു പ്രത്യേക സ്ഥാനമുണ്ടാകും. ഒരു അഭിനേതാവിന് ജീവിതാനുഭവമുണ്ടെങ്കിൽ, അവർക്ക് ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിക്കാൻ കഴിയും. എനിക്ക് എന്റെ കഥാപാത്രങ്ങളെ എത്രത്തോളം വ്യത്യസ്തമാക്കാൻ കഴിയുമോ, അത് പ്രേക്ഷകർക്കും എനിക്കും കൂടുതൽ രസകരമായിരിക്കും. കഥാപാത്രങ്ങളിലെ ഈ വൈവിധ്യം എന്നെ എല്ലാക്കാലവും പ്രചോദിപ്പിക്കുന്നുണ്ട്.'

കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ സങ്കീർണതകളെക്കുറിച്ചും നടി തൻ്റെ അഭിപ്രായം പങ്കുവെച്ചു. 'ചില പ്രത്യേക വേഷങ്ങൾ ചെയ്യുന്നതിനായി, അഭിനേതാക്കൾ അവരുടെ ശരീരഭാഷ ശരിയാക്കുന്നതിനായി യഥാർത്ഥ ജീവിതത്തിലെ ആളുകളെ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എന്നാൽ അവർ കടന്നുപോകുന്ന എല്ലാ വികാരങ്ങളിലൂടെയും കടന്നുപോകുന്നത് പ്രധാനമാണ്. ഒരു രംഗം എന്താണ് ആവശ്യപ്പെടുന്നത്? അത് ഒരു സിനിമയിൽ ദൃശ്യത്തിന് പിന്നിലെ വികാരങ്ങളാണ്. പ്രേക്ഷകരുടെ ഹൃദയത്തിൽ തൊടുന്നതിന് കഥാപാത്രങ്ങളുടെ വികാരങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തേണ്ടത് പ്രധാനമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഒരു കഥാപാത്രവും ചെയ്തതിലോ ചെയ്യാത്തതിലോ ഒരിക്കലും ഖേദിക്കുന്നില്ല. പക്ഷേ ഡേറ്റ് ക്ലാഷ് കാരണം ആമിർ ഖാന്റെ ആദ്യ പ്രൊഡക്ഷൻ വെഞ്ച്വർ ചിത്രമായ ലഗാന്റെ ഭാഗമാകാൻ എനിക്ക് കഴിയാത്തത് നിർഭാഗ്യകരമായിരുന്നു', റാണി മുഖർജി പറഞ്ഞു.

സിനിമാ മേഖലയിലെ പ്രായപരിധിയെപ്പറ്റിയുള്ള ചർച്ചയിൽ അഭിനേതാക്കൾ അവരുടെ പ്രായം അംഗീകരിക്കണമെന്നും പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ സ്വീകരിക്കണമെന്നും റാണി മുഖർജി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ പ്രായഭേദവും മറ്റ് തടസ്സങ്ങളും തകർത്തെറിഞ്ഞ് മുന്നോട്ട് പോകാൻ പ്രേക്ഷകരാണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി.

കുച്ച് കുച്ച് ഹോതാ ഹേയിലെ ‘ടീന മൽഹോത്ര’ മുതൽ കഭി അൽവിദ നാ കെഹ്‌നയിലെ ‘മായാ തൽവാർ’, മിസിസ് ചാറ്റർജി vs നോർവേയിലെ ‘ദേബിക ചാറ്റർജി’ എന്നിങ്ങനെ നൂറുകണക്കിന് മനോഹരമായ കഥാപാത്രങ്ങളിലൂടെ റാണി മുഖർജി പ്രേക്ഷകരെ ത്രസിപ്പിച്ചു. അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതെന്ന ചോദ്യത്തിന് ബ്ലാക്ക് എന്ന ചിത്രത്തിലെ കഥാപാത്രമെന്നാണ് അവര്‍ ഉത്തരം നല്‍കിയത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതാണ് ആ ചിത്രവും കഥാപാത്രവുമെന്ന് അവർ വെളിപ്പെടുത്തി. ആ കഥാപാത്രം തന്നെ രൂപാന്തരപ്പെടുത്തുകയും മികച്ച ഒരു വ്യക്തിയായി മാറാൻ സഹായിക്കുകയും ചെയ്തു. ബ്ലാക്കിലെ 'മിഷേൽ മക്നാലി' എന്ന കഥാപാത്രം ഒരേ സമയം തന്നെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്നും റാണി മുഖർജി കൂട്ടിച്ചേർത്തു.