മുംബൈ: ടി20 ലോകകപ്പിൽ സെമിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് വിവരം. വിൻഡീസിനെതിരേ കളിച്ച ടീമിനെ തന്നെ നിലനിർത്തിയേക്കും. എന്നാൽ ഫോമിലല്ലാത്ത അഭിഷേകിനെ മാറ്റണമോ എന്നത് സംബന്ധിച്ച് ചർച്ചകളും ഉയരുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.
മാനസികമായി സജ്ജമായാൽ മാത്രമേ അഭിഷേക് ശർമയെ സെമിയിൽ കളിപ്പിക്കേണ്ടതുള്ളൂ എന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം ടീം മാനേജ്മെന്റിന് വിലയിരുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അഭിഷേകുമായി സംസാരിച്ചും നെറ്റ്സിലെ ബാറ്റിങ്ങും കണ്ട് ഇത് മനസിലാക്കാം. അഭിഷേകിനെ കളിപ്പിക്കാത്ത സാഹചര്യം വന്നാലുള്ള മറ്റ് ഓപ്ഷനുകളെ കുറിച്ചും രവി ശാസ്ത്രി പ്രതികരിച്ചു.
അങ്ങനെയെങ്കിൽ സെമിയിൽ ഇംഗ്ലണ്ടിനെതിരേ അഭിഷേകിന് പകരം ഇഷാൻ കിഷനെ ഓപ്പണറായി കളിപ്പിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. സഞ്ജു-ഇഷാൻ സഖ്യം ഓപ്പണിങ് ചെയ്യണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ടൂർണമെന്റിൽ മിന്നും ഫോമിലാണ് ഇഷാൻ. മാത്രമല്ല, റിങ്കു സിങ്ങിനെ ടീമിലെടുക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. എന്നാൽ സെമി നടക്കുന്ന വേദിയിൽ അഭിഷേകിന്റെ പ്രകടനം മികച്ചതാണെന്ന് ശാസ്ത്രി ഓർമപ്പെടുത്തി. കഴിഞ്ഞവർഷം ഇംഗ്ലണ്ടിനെതിരേ 54 പന്തിൽ നിന്ന് 135 റൺസെടുത്തിരുന്നു.
ഓപ്പണർ അഭിഷേക് ശർമയുടെ ഫോമില്ലായ്മ തുടർച്ചയായി ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോകകപ്പിൽ നിരാശപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ പ്രകടനം. കളിച്ച ആദ്യ മൂന്ന് മത്സരത്തിലും താരം ഡക്കായി മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിലാണ് താരം അക്കൗണ്ട് തുറന്നത്. 12 പന്തിൽ നിന്ന് 15 റൺസെടുത്ത ശേഷം താരം കൂടാരം കയറി. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
സിംബാബ്‌വേയ്‌ക്കെതിരേ മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. 30 പന്തിൽ നിന്ന് 55 റൺസെടുത്തു. പിന്നാലെ വിൻഡീസിനെതിരേ വെറും 10 റൺസ് മാത്രമെടുത്ത് മടങ്ങി.
Content Highlights: Ravi Shastri's analysis on Abhishek Sharma's inclusion for the T20 WC semi-final., Shastri suggests Ishan Kishan as an alternative opener if Abhishek is not mentally ready., Discussion on potential team changes for the crucial India vs England match., Highlights Abhishek's strong past performance against England at the same venue.
Published: 04 Mar 2026, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented