ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്. എന്നാൽ നിർണായകപോരാട്ടത്തിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ഒറ്റയാൾപോരാട്ടമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഇപ്പോഴിതാ മറ്റൊരു പ്രവചനം കൂടി നടത്തിയിരിക്കുകയാണ് ആമിർ.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ലെന്നാണ് ആമിറിന്റെ പുതിയ പ്രവചനം. ഇന്ത്യ നല്ല രീതിയിൽ കളിക്കുന്നില്ല. അവരുടെ ഫീൽഡിങ് പരിശോധിക്കൂ. അവർ ചുരുങ്ങിയത് 3-4 ക്യാച്ചുകളെങ്കിലും നഷ്‌ടപ്പെടുത്തി. ഫീൽഡിങ്ങിൽ തെറ്റുകൾ വരുത്തി. ബുംറ ഒഴികെ എല്ലാ ബൗളർമാരും റൺസ് വഴങ്ങിയെന്നും ആമിർ പറഞ്ഞു. ഹാർദിക് പാണ്ഡ്യ വലിയ ടീമുകൾക്കെതിരെ ഒരിക്കലും മികച്ച പ്രകടനം നടത്തിയിട്ടില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹം 4 ഓവറിൽ 40 റൺസ് വഴങ്ങി. വെസ്റ്റ് ഇൻഡീസ് വരുൺ ചക്രവർത്തിക്കെതിരെയും ആക്രമിച്ചു കളിച്ചു. സെമി ഫൈനലിലെ ടീമുകൾ സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്നു. ടൂർണമെന്റിൽ ഇന്ത്യ കിരീടസാധ്യതയുള്ള ടീമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.- അമീർ പ്രതികരിച്ചു.
അതേസമയം മത്സരത്തിലെ വിൻഡീസ് ബാറ്റർ ഹെറ്റ്മെയറുടെ പുറത്താകൽ വിവാദപരമാണെന്നും ആമിർ കൂട്ടിച്ചേർത്തു. അദ്ദേഹം ഔട്ടാണെന്ന് ഞാൻ കരുതുന്നില്ല. അവൻ കുറച്ചുകൂടി സമയം അവിടെ നിന്നിരുന്നെങ്കിൽ, സ്കോർ 220-230 എത്തിയിരുന്നെങ്കിൽ, ഇന്ത്യ ഇന്ന് പുറത്തായേനെ," - ആമിർ പറഞ്ഞു.
ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ആമിർ ഇന്ത്യ സെമി കടക്കില്ലെന്ന് പ്രവചിച്ചത്. പാകിസ്താൻ സെമിയിലെത്തുമോ എന്ന ചോദ്യത്തിന് അത് വിഷയമല്ലെന്നും എന്നാൽ ഇന്ത്യ കടക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. പ്രവചനത്തിൽ ആമിർ ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാൽ പ്രവചനം പാളിയതോടെ ആരാധകർ ആമിറിനെതിരേ രംഗത്തെത്തി. ആമിറിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് പലരും പരിഹസിച്ചു. ഇന്ത്യസെമിയിലെത്തിയതോടെ ഇനി കപ്പ് ഉയർത്തുന്നില്ലെന്നാണ് ആമിർ പറയുന്നതെന്നും അതും നടക്കാൻ പോകുന്നില്ലെന്നും ഇന്ത്യൻ ആരാധകർ പറയുന്നു.
സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ വിജയ റണ്ണും കുറിച്ചു. അനാവശ്യഷോട്ടുകൾക്ക് മുതിരാതെ ശ്രദ്ധയോടെ ബാറ്റേന്തിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്.
Content Highlights: Mohammad Amir's initial prediction of India not reaching the semi-finals failed., He now predicts India will not win the T20 World Cup, citing poor fielding and bowling., Amir specifically criticized Hardik Pandya's performance against big teams., Sanju Samson's crucial 97-run innings secured India's semi-final spot against West Indies., The former Pakistani pacer is facing heavy trolling from fans for his inaccurate predictions.
Published: 03 Mar 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented