ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്. എന്നാൽ നിർണായകപോരാട്ടത്തിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ഒറ്റയാൾപോരാട്ടമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് ആമിർ. മുൻ പാക് താരമായ റാഷിദ് ലത്തീഫും സമാനമായ പ്രവചനം നടത്തി.

To advertise here,

ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് ആമിർ, സെമിയിൽ ഇംഗ്ലണ്ടിനാണ് സാധ്യത കൂടുതലെന്ന് പറഞ്ഞത്. ഇന്ത്യ ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുന്നു. ബാറ്റിങ്ങിൽ ഭൂരിഭാഗം പേരും ഫോമിലല്ല. ഇപ്പോൾ ഒന്ന് രണ്ട് കളിക്കാർ മാത്രമാണ് ടീമിനെ താങ്ങി നിർത്തുന്നത്. ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുമ്പോൾ ആധിപത്യം പുലർത്താൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാണ് സാധ്യത. - ആമിർ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ട് സെമിഫൈനൽ ജയിക്കുമെന്ന് മുൻ പാക് താരമായ റാഷിദ് ലത്തീഫ് പറഞ്ഞു. ഇംഗ്ലണ്ട് വളരെ ബുദ്ധിമുട്ടുണ്ടായ സാഹചര്യങ്ങൾ കടന്നാണ് വരുന്നത്. അവരുടെ മധ്യനിര ശക്തമാണ്. ഇംഗ്ലണ്ടിന് ഈ സാഹചര്യങ്ങൾ നന്നായി അറിയാം. ഇംഗ്ലണ്ടിന്റെ ഒരു കളിക്കാരൻ മാത്രം മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇന്ത്യയെ തോൽപ്പിക്കാം.- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ആമിർ ഇന്ത്യ സെമി കടക്കില്ലെന്ന് പ്രവചിച്ചത്. പാകിസ്താൻ സെമിയിലെത്തുമോ എന്ന ചോദ്യത്തിന് അത് വിഷയമല്ലെന്നും എന്നാൽ ഇന്ത്യ കടക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. പ്രവചനത്തിൽ ആമിർ ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാൽ പ്രവചനം പാളിയതോടെ ആരാധകർ ആമിറിനെതിരേ രംഗത്തെത്തി. ആമിറിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് പലരും പരിഹസിച്ചു. ഇന്ത്യസെമിയിലെത്തിയതോടെ ഇനി കപ്പ് ഉയർത്തുന്നില്ലെന്നാണ് ആമിർ പറയുന്നതെന്നും അതും നടക്കാൻ പോകുന്നില്ലെന്നും ഇന്ത്യൻ ആരാധകർ പറയുന്നു.