മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കാത്തത് ചർച്ചയായിരുന്നു. വരുൺ ചക്രവർത്തി നന്നായി റൺസ് വഴങ്ങിക്കൊണ്ടിരിക്കുമ്പോൾ കുൽദീപിനെപ്പോലെയൊരു സ്പിന്നറില്ലാത്തത് തിരിച്ചടിയായെന്നാണ് പലരും വിലയിരുത്തുന്നത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രവേശവും തുലാസിലായി. ഇപ്പോഴിതാ കുൽദീപിന്റെ പുറത്താകൽ സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ഇന്ത്യൻ നായകൻ സൂര്യകുമാറുമായുള്ള തർക്കമായിരിക്കാം ഇതിന് പിന്നിലെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
‘പാകിസ്താനുമായുള്ള കളിക്കു ശേഷം സൂര്യകുമാർ യാദവ് കുൽദീപിനെ പിടിച്ചുതള്ളിയ ഒരു സംഭവം ഉണ്ടായി. കുൽദീപ് യാദവിനെ അച്ചടക്കനടപടിയുടെ ഭാഗമായോ അതല്ലെങ്കിൽ സൂര്യകുമാർ യാദവുമായുള്ള പ്രശ്നം കൊണ്ടോ ഒഴിവാക്കിയതായിരിക്കാം എന്ന് പലരും പറയുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുമായിരുന്നില്ല. കുൽദീപ് യാദവ് കളി വിജയിപ്പിക്കാൻ കെൽപ്പുള്ള താരമാണ്.’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെയും ഷെഹ്‌സാദ് വിമർശിച്ചു. ഗംഭീറിന്റെ ഡ്രസ്സിംഗ് റൂം പൊളിറ്റിക്സ് ടീമിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയതായും ഷെഹ്സാദ് ആരോപിച്ചു. ടീമിലെ താരങ്ങളെ ശരിയായി ഉപയോഗിക്കുന്നില്ല. ഗംഭീർ നന്നായി കൈകാര്യം ചെയ്യുന്നുമില്ല. കുൽദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നർ ഉണ്ടായിട്ടും, അദ്ദേഹത്തെ ശരിയായി ഉപയോഗപ്പെടുത്താനായില്ലെന്നും അദ്ദേഹം വിമർശിച്ചു.
പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും മത്സരശേഷം സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ശകാരിച്ചത് ചർച്ചയായിരുന്നു. ഹാർദിക് എറിഞ്ഞ 18-ാം ഓവറിൽ കുൽദീപ് ക്യാച്ച് പാഴാക്കിയിരുന്നു. ഇതാണ് സൂര്യയേയും ഹാർദിക്കിനെയും പ്രകോപിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പരസ്പരം ഹസ്തദാനം ചെയ്ത് ഇന്ത്യൻ താരങ്ങൾ മടങ്ങുന്നതിനിടെ കുൽദീപിനോട് സൂര്യയും ഹാർദിക്കും രോഷത്തോടെയാണ് സംസാരിച്ചത്. ഹാർദിക് കുൽദീപിനെ മൈതാനത്തുവെച്ച് ചോദ്യംചെയ്തുകൊണ്ടിരുന്നു. പിന്നാലെ റിങ്കു സിങ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൈകൊടുക്കുന്നതിനിടെ ക്യാപ്റ്റനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഇത് വൻ ചർച്ചയായി മാറിയിരുന്നു. അതേസമയം മുൻ പാക് താരം ആരോപിക്കുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഇന്ത്യൻ ക്യാംപിലില്ല.
മത്സരശേഷം നടന്ന നാടകീയ സംഭവങ്ങളെ പുനരാവിഷ്കരിച്ചിരിക്കുന്ന രസകരമായ ഒരു വീഡിയോ അടുത്തിടെ ഇന്ത്യൻ ക്യാപ്റ്റൻ പങ്കുവെച്ചിരുന്നു. നടന്നുവരുന്ന ക്യാപ്റ്റനെ ചെറുതായൊന്ന് തട്ടിയിട്ട് ദേഷ്യത്തോടെ പോകുന്ന കുൽദീപാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ വൈറലായി. ഇന്ത്യൻ ക്യാംപിൽ മറ്റുപ്രശ്നങ്ങളില്ലെന്ന് അടിവരയിടുന്നത് കൂടിയായിരുന്നു ഈ വീഡിയോ. ദേഷ്യപ്പെടുന്നത് നിർത്തൂ സഹോദരാ എന്ന ക്യാപ്ഷനോടെയാണ് സൂര്യ വീഡിയോ പങ്കുവെച്ചത്.
Content Highlights: Kuldeep was dropped over Suryakumar rift, Ex-Pakistan stars explosive claim
Published: 24 Feb 2026, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented