കൊളംബോ: പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും മത്സരശേഷം സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ശകാരിച്ചത് ചർച്ചയായിരുന്നു. ഹാർദിക് എറിഞ്ഞ 18-ാം ഓവറിൽ കുൽദീപ് ക്യാച്ച് പാഴാക്കിയിരുന്നു. ഇതാണ് സൂര്യയേയും ഹാർദിക്കിനെയും പ്രകോപിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ കുൽദീപുമായുള്ള മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

To advertise here,

മത്സരശേഷം നടന്ന നാടകീയ സംഭവങ്ങളെ പുനരാവിഷ്കരിച്ചിരിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് ഇന്ത്യൻ ക്യാപ്റ്റൻ പങ്കുവെച്ചത്. നടന്നുവരുന്ന ക്യാപ്റ്റനെ ചെറുതായൊന്ന് തട്ടിയിട്ട് ദേഷ്യത്തോടെ പോകുന്ന കുൽദീപാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ വൈറലായി. ഇന്ത്യൻ ക്യാംപിൽ മറ്റുപ്രശ്നങ്ങളില്ലെന്ന് അടിവരയിടുന്നത് കൂടിയാണ് വീഡിയോ. ദേഷ്യപ്പെടുന്നത് നിർത്തൂ സഹോദരാ എന്ന ക്യാപ്ഷനോടെയാണ് സൂര്യ വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞദിവസം പാകിസ്താനെതിരേ നടന്ന മത്സരശേഷം ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങൾക്കിടെയാണ് സംഭവം. എന്നാൽ, പരസ്പരം ഹസ്തദാനം ചെയ്ത് താരങ്ങൾ മടങ്ങുന്നതിനിടെ കുൽദീപിനോട് സൂര്യയും ഹാർദിക്കും രോഷത്തോടെയാണ് സംസാരിച്ചത്. ഹാർദിക് കുൽദീപിനെ മൈതാനത്തുവെച്ച് ചോദ്യംചെയ്തുകൊണ്ടിരുന്നു. പിന്നാലെ റിങ്കു സിങ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൈകൊടുക്കുന്നതിനിടെ ക്യാപ്റ്റനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ ഷഹീൻ അഫ്രീദിയെ പുറത്താക്കാനുള്ള അവസരം കുൽദീപ് നഷ്ടപ്പെടുത്തിയിരുന്നു. ബൗണ്ടറിക്ക് സമീപംവെച്ച് ക്യാച്ച് പാഴാക്കുകയും സിക്‌സറിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാൽ, ഓവറിലെ അവസാനപന്തിൽ ഉസ്മാൻ താരിഖിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ജയം സമ്മാനിച്ചു.