
കൊളംബോ: മഴകളിക്കുമോ അതോ ഇന്ത്യയെയും പാകിസ്താനെയും കളിപ്പിക്കുമോയെന്നാണ് ക്രിക്കറ്റിലെ മെഗാപോരാട്ടദിനം വരുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ക്രിക്കറ്റിൽ എന്നും ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് ചൂടു കൂടും. എന്നാൽ, കൊളംബോയിൽ ഞായറാഴ്ച്ച മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രവചനം. മഴ മാറിനിന്നാൽ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ആവേശച്ചൂട് നിറയുന്ന കളി കാണാം. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ട്വന്റി-2 ക്രിക്കറ്റിൽ അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
വിവാദങ്ങൾക്കു ശേഷം...
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, മത്സരം അനിശ്ചിതത്വത്തിലായി. ബംഗ്ലാദേശ് ടൂർണമെന്റിൽനിന്ന് പിൻമാറിയതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സർക്കാർ തീരുമാനം. പിന്നീട് നടന്ന ചർച്ചകളെത്തുടർന്നാണ് പാകിസ്താൻ സർക്കാർ തീരുമാനം മാറ്റിയത്.
ഐ.പി.എലിൽനിന്ന് ബംഗ്ലാദേശ് കളിക്കാരൻ മുസ്താഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ കളിക്കില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇതനുവദിച്ചില്ല. ഇതോടെയാണ് ബംഗ്ലാദേശ് പിൻമാറിയത്.
സ്പിൻ കുരുക്ക്
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചുള്ള മാറ്റം ഇന്ത്യൻ ടീമിലുണ്ടാകും. നിലവിൽ ടീമിലുള്ള വരുൺ ചക്രവർത്തിക്കും അക്‌സർ പട്ടേലിനും പുറമെ, ഒന്നോ രണ്ടോ സ്പിന്നർമാരെക്കൂടി ടീമിലെടുക്കാൻ സാധ്യതയുണ്ട്. പേസർ അർഷ്ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും റിങ്കു സിങ്ങിനുപകരം സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയും കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാല് സ്പിന്നർമാരെ ഇന്ത്യക്ക് ലഭിക്കും. നാലുവീതം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വരുണും അക്സറും മികച്ച ഫോമിലാണ്.
അസുഖം മാറിയ അഭിഷേക് ശർമ ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തും. അങ്ങനെയെങ്കിൽ മലയാളിതാരം സഞ്ജു സാംസൺ പുറത്താകും. ബാറ്റിങ് ലൈനപ്പിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. സ്പിന്നർമാർക്കെതിരേ മികച്ച ട്രാക്ക് റെക്കോഡുള്ള അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവരുടെ പ്രകടനം നിർണായമാകും. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്കുയർന്നതും ഇന്ത്യൻ ആത്മവിശ്വാസം നൽകുന്നതാണ്.
പാകിസ്താൻ യു.എസിനെതിരേ കളിച്ച ടീമിനെ ഇറക്കാനാണ് സാധ്യത. അഞ്ച് സ്പിന്നർമാർ ടീമിലുള്ളത് കരുത്തുകൂട്ടും. യു.എസിനെതിരേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖ് അപകടകാരിയാണ്. ലെഗ് സ്പിന്നർമാരായ അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, ഇടംകൈയൻ സ്പിന്നർ മുഹമ്മദ് നവാസ് എന്നിവർക്കൊപ്പം പാർട്ട്ടൈം സ്പിന്നറായ സയിം അയൂബുംകൂടി ചേരുമ്പോൾ സ്പിൻവിഭാഗത്തിന് വൈവിധ്യമേറും. ബാറ്റിങ്ങിൽ സാഹിബ്സദ ഫർഹാൻ, ബാബർ അസം, ക്യാപ്റ്റൻ സൽമാൻ ആഗ എന്നിവരിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. മുഹമ്മദ് നവാസും ഷദാബ് ഖാനും ബാറ്റിങ്ങിൽ വിശ്വസിക്കാവുന്ന താരങ്ങളാണ്.
ടോസ് സമയത്തെ ഹസ്തദാനത്തിൽ അപ്പോൾ കാണാം. 24 മണിക്കൂർകൂടി കാത്തിരിക്കൂ.- സൂര്യകുമാർ യാദവ്(ഇന്ത്യൻ ക്യാപ്റ്റൻ)
ഇന്ത്യൻ ടീമുമായി ഹസ്തദാനം നടത്താൻ തയ്യാറാണ്. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം, എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്- സൽമാൻ ആഗ(പാകിസ്താൻ ക്യാപ്റ്റൻ)
Content Highlights: Get the latest on the highly anticipated India vs Pakistan cricket match.
Published: 15 Feb 2026, 08:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented