കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സ്‌കോടലൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് സ്‌കോടലൻഡ് എടുത്ത 152 റൺസ് ഇംഗ്ലണ്ട് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയം ഇംഗ്ലണ്ടിനെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റ ഇംഗ്ലണ്ടിന് മനോവീര്യം വർദ്ധിപ്പിക്കുന്ന വിജയമാണിത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് സ്‌കോട്‌ലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് പന്ത് ബാക്കിനിൽക്കെ സ്‌കോട്‌ലൻഡ് ബാറ്റർമാർ മുഴുവൻ കീഴടങ്ങി.

To advertise here,

ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ (49), മൈക്കൽ ജോൺസ് (33) എന്നിവരാണ് സ്‌കോടലൻഡ് നിരയിൽ തിളങ്ങിയത്. ആദിൽ റാഷിദ് മൂന്നും ആർച്ചർ, ലിയാം ദാവ്‌സൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യമൊന്ന് വിറച്ചു. 13 റൺസെടുക്കുന്നതിനിടെ ജോസ് ബട്‌ലറുടേത് അടക്കം രണ്ട് വിക്കറ്റുകൾ വീണു. തുടർന്നെത്തിയ ജേക്കബ് ബെതല്ലും (32) ടോം ബെന്റണും (63) ആണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. സാം കുറന് 28 റൺസടിച്ചു.