ബെംഗളൂരു: അടുത്തമാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്‌ലൻഡ് ടീം മുഖ്യസ്പോൺസറായ കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി ബ്രാൻഡ് ലോഗോയുള്ള ജേഴ്‌സി പുറത്തിറക്കി.

To advertise here,

ബ്രാൻഡിന്റെ പേര് കന്നഡയിലാണ് ജഴ്‌സിയിൽ എഴുതിയത്. അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസറും ‘നന്ദിനി’യാണ്. ആദ്യമായാണ് നന്ദിനി ബ്രാൻഡ് അന്താരാഷ്ട്രതലത്തിൽ സ്പോൺസറാകുന്നത്. ജൂൺ രണ്ടുമുതൽ യു.എസിലും വെസ്റ്റ്‌ ഇൻഡീസിലുമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

ജൂൺ നാലിന് ഇംഗ്ലണ്ടിനെതിരേയാണ് സ്കോട്ട്‌ലൻഡിന്റെ ആദ്യമത്സരം. ‘നന്ദിനി’യെ ആഗോള ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമമാണെന്നും മത്സരത്തിനിടെ ടീമുകൾ നന്ദിനി ബ്രാൻഡ് പ്രദർശിപ്പിക്കുമെന്നും കർണാടക മിൽക്ക് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ എം.കെ. ജഗദീഷ് പറഞ്ഞു. നിലവിൽ മിഡിൽ ഈസ്റ്റിലും സിങ്കപ്പൂരിലും നന്ദിനിയുടെ സാന്നിധ്യമുണ്ട്. യു.എസിലും നന്ദിനി ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.