ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്ര പുറത്താകാതെ രക്ഷപ്പെട്ടത് മൂന്നു തവണ. വെറും എട്ടു പന്തുകള്‍ക്കിടെ മൂന്ന് തവണ ലൈഫ് കിട്ടിയ രചിനെ ഒടുവില്‍ 11-ാം ഓവറില്‍ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.

To advertise here,

മുഹമ്മദ് ഷമി എറിഞ്ഞ ഏഴാം ഓവറിലാണ് ആദ്യ അവസരം. ഇത്തവണ രചിന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈപ്പിടിയിലാക്കാന്‍ സാധിക്കാതിരുന്നത് ഷമിക്ക് തന്നെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സെമിയിലും സമാന രീതിയില്‍ ഷമി ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യപന്തില്‍ തന്നെ ക്യാച്ചിനായുള്ള വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ അപ്പീലില്‍ അമ്പയര്‍ രചിനെതിരേ ഔട്ട് വിളിച്ചു. എന്നാല്‍ റിവ്യൂ ആവശ്യപ്പെട്ട രചിന്‍, റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ നോട്ടൗട്ട് ആയി. താരത്തിന്റെ ബാറ്റിന് സമീപത്തുകൂടിയാണ് പന്ത് കടന്നുപോയതെങ്കിലും സ്‌നിക്കോ മീറ്ററില്‍ ബാറ്റില്‍ കൊണ്ടതിന് തെളിവില്ലായിരുന്നു. റീപ്ലേയില്‍ പന്ത് രചിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ അമ്പയര്‍ ഈ പന്ത് വൈഡും വിളിച്ചു.

അടുത്തതായി എറിഞ്ഞ പന്തില്‍ ഒരു തവണ കൂടി രചിന് ജീവന്‍ കിട്ടി. വരുണിനെതിരേ രചിന്‍ സ്ലോഗ് സ്വീപ് ചെയ്ത പന്ത് ബൗണ്ടറി ലൈനു സമീപം ശ്രേയസ് അയ്യര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും രചിന് രക്ഷ. എന്നാല്‍ 11-ാം ഓവറിലെ ആദ്യ പന്തില്‍ രചിന്റെ കുറ്റി തെറിപ്പിച്ച് കുല്‍ദീപ് യാദവ് താരത്തിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 29 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 37 റണ്‍സെടുത്താണ് രചിന്‍ ഒടുവില്‍ മടങ്ങിയത്.