മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിക്ക് ജയം. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മുംബൈ ജയിച്ചുകയറിയത്.

To advertise here,

മെഹ്താബ് സിങ്ങും ലാലിയന്‍സുല ചാങ്‌തെയും മുംബൈക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍സുമാന ക്രോമയാണ് ചര്‍ച്ചിലിന്റെ ഗോള്‍ നേടിയത്.

നേരത്തെ ഇതേ മൈതാനത്ത് ജംഷേദ്പുരിനെ തോല്‍പ്പിച്ച് എഎഫ്‌സി കപ്പിന് യോഗ്യത നേടിയ മുംബൈ പക്ഷേ ഒരൊറ്റ വിദേശ താരം പോലുമില്ലാതെയാണ് ചര്‍ച്ചിലിനെതിരേ ടീമിനെ ഇറക്കിയത്.

പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മുബൈ ഗോള്‍കീപ്പര്‍ വരുത്തിയ പിഴവില്‍ നിന്ന് ഒമ്പതാം മിനിറ്റില്‍ തന്നെ അന്‍സുമാന ക്രോമ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മുന്നിലെത്തിച്ചു.

എന്നാല്‍ 27-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ഗെസിന്റെ ഫ്രീകിക്ക് കൃത്യമായി ഹെഡ് ചെയ്ത് വലയിലെത്തിച്ച് മെഹ്താബ് സിങ് മുംബൈയെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് ഇര ടീമിനും മികച്ച ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ സാധിച്ചില്ല. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ വിക്രം സിങ്ങിനെ ചര്‍ച്ചില്‍ ഡിഫന്‍ഡര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച ചാങ്‌തെ മുംബൈക്ക് ജയം സമ്മാനിക്കുകയായിരുന്നു.