മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന ഒഡിഷ എഫ്‌സി - ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വിതം നേടി.

To advertise here,

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഒഡിഷയ്ക്ക് സാധിച്ചു. ഒഡിഷ താരം നന്ദകുമാര്‍ ഇടയ്ക്കിടെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പിന്നാലെ 13-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് രക്ഷപ്പെടുത്തി. പിന്നാലെ 15-ാം മിനിറ്റിലും മൗറീസിയോ കമല്‍ജിത്തിനെ പരീക്ഷിച്ചു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി 38-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യം സ്‌കോര്‍ ചെയ്തു. ഒഡിഷ പ്രതിരോധ താരം നരേന്ദര്‍ ഗഹ്‌ലോട്ടിന്റെ പിഴവില്‍ നിന്നും പന്ത് ലഭിച്ച മുഹമ്മദ് മുബഷീര്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഈസ്റ്റ് ബംഗാളിന് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. പക്ഷേ ജെയ്ക്ക് ജെര്‍വിസിന്റെ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ അമരിന്ദര്‍ രക്ഷപ്പെടുത്തി. ഒടുവില്‍ 73-ാം മിനിറ്റില്‍ ഒഡിഷയുടെ സമനില ഗോളെത്തി. ഇടതുവിങ്ങില്‍ നിന്ന് ഡിയഗോ മൗറീസിയോ ബോക്‌സിലേക്ക് നല്‍കിയ അളന്ന് മുറിച്ച ക്രോസ് നന്ദകുമാര്‍ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരു ടീമും വിജയ ഗോളിനായി പൊരുതി. 86-ാം മിനിറ്റില്‍ ജെര്‍വിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ഈസ്റ്റ് ബംഗാളിന് നിരാശയായി. ഇന്‍ജുറി ടൈമിലും ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങള്‍ പുറത്തെടുത്തെങ്കിലും വിജയ ഗോള്‍ മാത്രം വന്നില്ല.