മഞ്ചേരി: സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ എഫ്‌സിക്ക് ജയം. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ തകര്‍ത്തുവിട്ടത്.

To advertise here,

റഹീം അലി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജൂലിയസ് വിന്‍സന്റ് ഡക്കറും എഡ്വിന്‍ വാന്‍സ്‌പോളും ചെന്നൈയിനായി സ്‌കോര്‍ ചെയ്തു. റോച്ചര്‍സെല, ലാല്‍ഡന്‍മാവിയ റാല്‍തെ എന്നിവരാണ്  നോര്‍ത്ത്ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍.

കളിതുടങ്ങി 17-ാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. വഫ ഹക്കാമനേഷി വലത് വിങ്ങില്‍ നിന്ന് നീട്ടിനല്‍കിയ ക്രോസ് ഒന്നാന്തരമൊരു ഹെഡറിലൂടെ അലി വലയിലെത്തിക്കുകയായിരുന്നു.

33-ാം മിനിറ്റില്‍ എഡ്വിന്‍ വാന്‍സ്‌പോളിലൂടെ ചെന്നൈയിന്‍ ലീഡുയര്‍ത്തി. ആകാശ് സാങ്‌വാന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് എഡ്വിന്‍ ഒരു ഇടംകാലന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

42-ാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റിന്റെ മറുപടി ഗോളെത്തി. നോര്‍ത്ത്ഈസ്റ്റ് ക്യാപ്റ്റന്‍ വില്‍മര്‍ ജോര്‍ദാന്‍ പോസ്റ്റിലേക്കടിച്ച പന്ത് ചെന്നൈയില്‍ ഗോള്‍കീപ്പര്‍ സാമിക് മിത്ര തടുത്തിട്ടു, പക്ഷേ റീബൗണ്ട് വന്ന പന്ത് റോച്ചര്‍സെല കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 51-ാം മിനിറ്റില്‍ ജൂലിയസ് വിന്‍സന്റ് ഡക്കറിലൂടെ ചെന്നൈയിന്‍ മൂന്നാം ഗോള്‍ നേടി. ആകാശ് സാങ്‌വാന്‍ എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഡക്കറിന്റെ ഗോള്‍.

നോര്‍ത്ത്ഈസ്റ്റ് മടങ്ങിവരവിന് ശ്രമിക്കവെ 82-ാം മിനിറ്റില്‍ രണ്ടാമതൊരു ഹെഡറിലൂടെ റഹീം അലി ചെന്നൈയിന്റെ ഗോള്‍പട്ടിക തികച്ചു. പിന്നാലെ ഇന്‍ജുറി ടൈമില്‍ മലയാളി താരം എമില്‍ ബെന്നിയുടെ ക്രോസില്‍ നിന്ന് ലാല്‍ഡന്‍മാവിയ റാല്‍തെ നോര്‍ത്ത്ഈസ്റ്റിന്റെ രണ്ടാം ഗോള്‍ നേടി.