
കോഴിക്കോട്: സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ തന്നെ കരുത്ത് കാട്ടി ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന്‍. ഗോകുലം കേരളയെ അവരുടെ ഹോം മൈതാനത്ത് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് എടികെ തകര്‍ത്തുവിട്ടത്. എടികെയ്ക്കായി ലിസ്റ്റന്‍ കൊളാസോ ഇരട്ട ഗോളുമായി തിളങ്ങി. ഹ്യൂഗോ ബോമസ്, മന്‍വീര്‍ സിങ്,കിയാന്‍ നസ്സിരി എന്നിവരാണ് എടികെയുടെ മറ്റ് സ്‌കോറര്‍മാര്‍. സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയയുടെ വകയായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍.
ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് കാണിച്ചുതരികയായിരുന്നു എടികെ മത്സരത്തില്‍ ഉടനീളം. കളിതുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ എടികെയുടെ മുന്നേറ്റമെത്തി. പ്രസ്സിങ് ഗെയിമിന്റെ കരുത്ത് മുഴുവന്‍ പുറത്തെടുത്ത എടികെയ്ക്ക് മുന്നില്‍ തുടക്കത്തില്‍ തന്നെ ഗോകുലത്തിന്റെ പ്രതിരോധം ചിതറിപ്പോയി.
കടുത്ത ആക്രമണങ്ങള്‍ക്കൊടുവില്‍ ആറാം മിനിറ്റില്‍ ലിസ്റ്റന്‍ കൊളാസോയിലൂടെ എടികെയുടെ ആദ്യ ഗോളെത്തി. ഗോകുലത്തിന്റെ പ്രതിരോധ താരം അബ്ദുള്‍ ഹക്കുവിന്റെ പിഴവാണ് ഗോളിന് കാരണമായത്. ഹക്കുവില്‍ നിന്ന് പന്ത് റാഞ്ചിയ ഹ്യൂഗോ ബോമസിന്റെ ഗോള്‍ശ്രമം ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍ രക്ഷപ്പെടുത്തി. എന്നാല്‍ ഇടതുവിങ്ങിലേക്ക് പോയ പന്ത് റാഞ്ചിയെടുത്ത് ബോമോ നല്‍കിയ പാസ് ലിസ്റ്റണ്‍, ഷിബിന് യാതൊരു അവസരവും നല്‍കാതെ മനോഹരമായി പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
12-ാം മിനിറ്റിലാണ് ഗോകുലത്തിന് മത്സരത്തിലെ ആദ്യ അവസരം ലഭിക്കുന്നത്. വലതുവിങ്ങില്‍ നിന്ന് ശുഭാങ്കര്‍ അധികാരി നല്‍കിയ ക്രോസില്‍ നിന്നുള്ള സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയയുടെ ഹെഡര്‍ പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മന്‍വീര്‍ സിങ്, ഹ്യൂഗോ ബോമസ്, ലിസ്റ്റണ്‍, കാള്‍ മക്ഹ്യു എന്നിവരടങ്ങിയ എടികെ നിര മികച്ച പരസ്പര ധാരണയോടെ മിഡ്ഫീല്‍ഡില്‍ കളിമെനഞ്ഞപ്പോള്‍ ഗോകുലം പ്രതിരോധത്തിന് അത് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനിടെ 24-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ഗോകുലത്തിന്റെ നൗഫല്‍ നഷ്ടപ്പെടുത്തി. കൃത്യമായ പൊസിഷനിലുണ്ടായിരുന്ന സൗരവിന് പാസ് നല്‍കാന്‍ നൗഫലിന് സാധിച്ചില്ല.
27-ാം മിനിറ്റില്‍ ലിസ്റ്റനിലൂടെ തന്നെ എടികെ രണ്ടാം ഗോളും കണ്ടെത്തി. എടികെ ഹാഫില്‍ നിന്നുവന്ന ലോങ്‌ബോള്‍ പിടിച്ചെടുത്ത ലിസ്റ്റണ്‍, ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനില്‍ക്കുന്നത് കണ്ട് അവസരം മുതലെടുത്ത് തൊടുത്ത കിടിലനൊരു ലോങ് റേഞ്ചര്‍ ഷിബിനെ വെറും കാഴ്ചക്കാരനാക്കി വലയില്‍. രണ്ട് ഗോളിന് മുന്നിലെത്തിയിട്ടും എടികെ ആക്രമണങ്ങള്‍ തുടര്‍ന്നു. 31-ാം മിനിറ്റില്‍ മക്ഹ്യുവിന്റെ പാസില്‍ നിന്നുള്ള കിയാന്‍ നസ്സിരിയുടെ ഷോട്ട് ബാറിന് മുകളിലൂടെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്് പോയി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എടികെ മൂന്നാമതും സ്‌കോര്‍ ചെയ്തു. കിയാന്‍ നസ്സിരിയുടെ പാസ് പിടിച്ചെടുത്ത് മുന്നേറിയ ബോമസ് ഗോകുലം പ്രതിരോധ താരങ്ങളെ അനായാസം വെട്ടിയൊഴിഞ്ഞ് ഷിബിന്റെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ പക്ഷേ ഗോകുലം ഒന്നുകൂടി ഉണര്‍ന്നുകളിച്ചു. ഏതാനും ഗോളവസരങ്ങളും സൃഷ്ടിക്കാനായെങ്കിലും പക്ഷേ ഫിനിഷിങ്ങിലെ പോരായ്മ പലപ്പോഴും തിരിച്ചടിയായി. 54-ാം മിനിറ്റില്‍ വികാസിന്റെ പാസില്‍ നിന്നുള്ള സെര്‍ജിയോ മെന്‍ഡിയുടെ ഷോട്ട് പുറത്തേക്ക് പോയി. 60-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പക്ഷേ ഫര്‍ഷാദ് നൂറിന് മുതലാക്കാനായില്ല. ആ ശ്രമം സുഭാശിഷ് ബോസ് കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ 63-ാം മിനിറ്റില്‍ എടികെയുടെ നാലാം ഗോളെത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറി ബോമസ് നല്‍കിയ പാസില്‍ നിന്ന് മന്‍വീര്‍ സിങ് സ്‌കോര്‍ ചെയ്തു.
71-ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍. ജൂലിയന്‍ ഒമറെടുത്ത ഫ്രീ കിക്ക് അമിനോ ബോബ, ഹെഡ് ചെയ്ത് നല്‍കിയത് സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയ മറ്റൊരു ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ എടികെ തങ്ങളുടെ അഞ്ചാം ഗോളും നേടി. എടികെ ഹാഫില്‍ നിന്നുവന്ന ലോങ് ബോള്‍ ക്ലിയര്‍ചെയ്യാനുള്ള ഗോകുലം ഡിഫന്‍ഡര്‍ പവന്‍ കുമാറിന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. കുമാര്‍ അടിച്ച പന്ത് ബോക്‌സില്‍ ഒപ്പമുണ്ടായിരുന്ന കിയാന്‍ നസ്സിരിയുടെ തലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
Content Highlights: super cup 2023 atk mohun bagan beat gokulam kerala fc
Published: 10 Apr 2023, 07:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented