മഞ്ചേരി: ഹീറോ സൂപ്പര്‍ കപ്പില്‍ റൗണ്ട്ഗ്ലാസ്സ് പഞ്ചാബിന് ആശ്വാസ ജയം. ഗ്രൂപ്പ് എ യിലെ പോരാട്ടത്തില്‍ ശ്രീനിഥി ഡെക്കാനേയാണ് പഞ്ചാബ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. വിജയിച്ചാല്‍ സെമി സാധ്യതകളുണ്ടായിരുന്ന ശ്രീനിഥി ഇതോടെ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി. റൗണ്ട് ഗ്ലാസ്സ പഞ്ചാബ് നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. 

To advertise here,

വിജയം ലക്ഷ്യമിട്ട് തുടക്കം മുതല്‍ തന്നെ ആക്രമണഫുട്‌ബോളാണ് ശ്രീനിധി ഡെക്കാന്‍ എഫ്‌സി പുറത്തെടുത്തത്. എന്നാല്‍ നീക്കങ്ങളെ വിദഗ്ദമായി പ്രതിരോധിച്ച റൗണ്ട്ഗ്ലാസ്സ് പഞ്ചാബ് മത്സരത്തില്‍ ക്രമേണ ആധിപത്യം പുലര്‍ത്തി. ആദ്യ മുപ്പത് മിനിറ്റുകളില്‍ പന്ത് കൈവശം വെക്കുന്നതില്‍ റൗണ്ട്ഗ്ലാസ്സ് പഞ്ചാബാണ് മുന്നിട്ടുനിന്നത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല.

മത്സരത്തിന്റെ 40-ാം മിനിറ്റില്‍ പഞ്ചാബ് മുന്നിലെത്തി. ശ്രീനിധിയെ ഞെട്ടിച്ചുകൊണ്ട് വാല്‍പുയിയ്യയാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഫ്രീകിക്കില്‍ മികച്ചൊരു ഹെഡറിലൂടെയാണ് വാല്‍പുയിയ്യ വലകുലുക്കിയത്.  ആദ്യ പകുതി 1-0 ന് പഞ്ചാബ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. 

ഗ്രൂപ്പ് എ യില്‍ നിന്ന് ബെഗളൂരു എഫ് സിയാണ് സൂപ്പര്‍ കപ്പ് സെമിയിലേക്ക് പ്രവേശിച്ചത്. നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ചാണ് ബെംഗളൂരു സെമിയിലേക്ക് മുന്നേറിയത്.