കൊച്ചി വിപിഎസ് ലെയ്ക്‌ഷോര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റും ആണ്

To advertise here,

placeholder
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാന്‍സര്‍ ചികിത്സകനാണ് ഡോ. വി. പി ഗംഗാധരന്‍.    കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ആര്‍സിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഡോ. ഗംഗാധരന്റെ നേതൃത്വത്തിലാണ്. കേരളത്തില്‍ ആദ്യമായി രക്തകോശ സെല്‍ മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ അതിനു നേതൃത്വം നല്‍കിയതും അദ്ദേഹമാണ്. കൂടാതെ, സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ ആദ്യത്തെ സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി മൊബൈല്‍ തെര്‍മോ മാമോഗ്രാം യൂണിറ്റ്, മൊബൈല്‍ റേഡിയോ മാമോഗ്രാം യൂണിറ്റ്, അള്‍ട്രാ സോണോഗ്രഫി യൂണിറ്റ് ഇവ തുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്ഥാപകനാണ്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങള്‍ സൊസൈറ്റി നല്‍കുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ റേഡിയോതെറപ്പി ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ട്യൂട്ടറായി കരിയര്‍ ആരംഭിച്ച ഡോ. ഗംഗാധരന്‍ 1989ല്‍ തിരുവനന്തപുരം ആര്‍സിസിയില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡായി ചേര്‍ന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഫെലോഷിപ്പോടെ 1995ല്‍ യുഎസ്എയിലും 1997ല്‍ യുകെയിലും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്. വിവിധ മാധ്യമങ്ങളിലൂടെയും ക്ലാസുകളിലൂടെയും ക്യാംപുകളിലൂടെയും കാന്‍സര്‍ ബോധവല്‍ക്കരണം നടത്താറുള്ള ഡോ. ഗംഗാധരന്‍, ദേശീയ - അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നാല്‍പ്പതിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളില്‍ അദ്ദേഹം തയ്യാറാക്കിയ പാഠഭാഗങ്ങള്‍ ഉണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് നല്‍കിയിട്ടുള്ള ശ്രദ്ധേയമായ സംഭാവനകള്‍ മുന്‍നിര്‍ത്തി സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ 60ലധികം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.