
കല്പറ്റ: വയനാട് ജില്ലയിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനുപിന്നാലെ പൊതുജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന നിര്‍ദേശവുമായി ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും. അവധിക്കാലമായതിനാല്‍ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ കടുപ്പിക്കാനും ജില്ലാഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഡോ. എ. ഗീത പറഞ്ഞു. തിരുവനന്തപുരത്തുനിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിന് വയനാട്ടില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തില്‍ ഗൗരവത്തോടെയാണ് ജില്ലാഭരണകൂടം കാര്യങ്ങളെ വിലയിരുത്തുന്നത്.
അശ്രദ്ധയില്‍നിന്ന് അണുബാധ
ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.
കരുതേണ്ടവ -വൃത്തിഹീനമായ സാഹചര്യത്തില്‍ പാകംചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകംചെയ്യുന്ന ഷവര്‍മ, ബര്‍ഗര്‍പോലുള്ള ഹോട്ടല്‍ഭക്ഷണം, തിളപ്പിക്കാതെ വിതരണംചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.
ഭക്ഷ്യവിഷബാധ; സാഹചര്യങ്ങള്‍ ഇല്ലാതാക്കാം
മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകംചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങള്‍ ഭക്ഷണം പാകംചെയ്യുന്നതിനോ സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക, ഇറച്ചി, മീന്‍, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പാകംചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
രോഗലക്ഷണങ്ങള്‍
• ഓക്കാനം
• ഛര്‍ദി
• മനംപിരട്ടല്‍
• ശരീരവേദന
• ശരീരത്തില്‍ തരിപ്പ്
• വയറിളക്കം
• വയറുവേദന
• പനി.
ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കുശേഷമോ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.
സാധാരണഗതിയില്‍ നിര്‍ജലീകരണ ചികിത്സകൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം.
പ്രതിരോധം ശുചിത്വംമാത്രം
ഭക്ഷ്യവിഷബാധയ്‌ക്കെതിരേയുള്ള മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷംമാത്രമേ ഭക്ഷണം പാചകംചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം നല്‍കണം.
പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകംചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
ഈച്ചശല്യം ഒഴിവാക്കണം.
- ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
- പച്ചക്കറികള്‍ ഉപ്പും വിനാഗിരിയുമിട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.
- കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഭക്ഷണം നിയന്ത്രിതമായ ഊഷ്മാവിലല്ല സൂക്ഷിക്കുന്നതെങ്കില്‍ അവ ഒരു നിശ്ചിതസമയത്തിനുശേഷം ഉപയോഗിക്കാതിരിക്കുക.
- പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ കാലാവധി കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
- വൃത്തിയുള്ള ഹോട്ടലില്‍നിന്നുമാത്രം ആഹാരം കഴിക്കുക. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരംമാത്രം കഴിക്കുക.
- പൊതുചടങ്ങുകളിലും ശ്രദ്ധവേണം
- പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നന്നായി കൈകഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
- ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കണം.
- പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പുപാത്രങ്ങളാണെങ്കില്‍ ഈയം പൂശിയിട്ടുള്ളതാണെന്നും ഉറപ്പാക്കുക.
ജാഗ്രതവേണം
ഭക്ഷ്യവിഷബാധയുണ്ടാവാതിരിക്കാന്‍ ജാഗ്രതപാലിക്കണം. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണംവഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.
ഡോ. കെ. സക്കീന, വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Content Highlights: food poison, health workers, eating, food, careful eating, food safety day 2022
Published: 03 Jun 2022, 08:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented