ദേഹത്ത് പച്ചകുത്തുന്നത് ഇന്ന് ലോകത്തെമ്പാടും സര്‍വസാധാരണമാണ്. ഒരിക്കല്‍ക്കൂടി ഒരു ലോകകപ്പെത്തുമ്പോള്‍ ഫുട്ബോള്‍ താരങ്ങളുടെ ശരീരത്തിലെ പച്ചകുത്തലുകളും ചര്‍ച്ചയാകുന്നു. അതില്‍ തീര്‍ത്തും വ്യത്യസ്തനാണ് ലയണല്‍ മെസ്സി എന്ന അര്‍ജന്റീനാ സൂപ്പര്‍താരം.
സ്റ്റൈലിനു മാത്രം പച്ചകുത്തുന്ന രീതിയില്‍ നിന്ന് മെസ്സി വേറിട്ടു നില്ക്കുന്നു. മറ്റു പല ചിഹ്നങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം തന്റെ കുടുംബത്തെയൊന്നാകെ പച്ചകുത്തലിലൂടെ ശരീരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മെസ്സി. അമ്മ, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബവുമായി താന്‍ എത്രത്തോളം സ്നേഹബന്ധിതനാണെന്ന് വിളിച്ചുപറയുകയാണ് മെസ്സി ഇതിലൂടെ.
അരയില്‍ മുന്‍ഭാഗത്ത് ഇടത്തായി അന്റൊനെല്ലയുടെ ചുണ്ടുകള്‍ വരച്ചിട്ടിരിക്കുന്നു. മൂത്ത മകന് തിയാഗോ ജനിച്ചപ്പോള്‍ മകന്റെ ഇരു കൈയുടെയും ചിത്രങ്ങള്‍ മെസ്സിയുടെ ഇടതു കാലിന്റെ മുട്ടിനു താഴെ പിറകിലായി ഇടംപിടിച്ചു. ഇതിനു തൊട്ടുതാഴെയായി 'തിയാഗോ' എന്ന പേര് ഹൃദയ ചിഹ്നത്തിനുള്ളിലായി രേഖപ്പെടുത്തിയിരിക്കുന്നു.
വലതുകൈയില്‍ ചുമലിനോടു ചേര്‍ന്ന് യേശു ക്രിസ്തുവിന്റെ മുഖം. ഇതിനു തൊട്ടടുത്തായി മുകളില്‍നിന്നു താഴേക്ക്, രണ്ടാമത്തെ മകന് മാത്തിയോയുടെ പേര് പതിച്ചിട്ടുണ്ട്. പിറകില്‍ ഇടതുചുമലിനു താഴെയായി അമ്മ സെലിയ മരിയ കുസിറ്റിനിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. മെസ്സിയുടെ ദേഹത്തെ ആദ്യ പച്ചകുത്തലുകളിലൊന്നാണിത്.
വലതുകൈയില്‍ മുട്ടിനുമുകളില്‍ മുന്‍ഭാഗത്തായി കിരീടത്തിന്റെ രൂപം പച്ചകുത്തിയിരിക്കുന്നു. ഭാര്യ അന്റൊനെല്ലയുടെ കൈയിലും സമാനസ്ഥാനത്ത് ഇതേ ചിഹ്നമുണ്ട്. മെസ്സിയുടെ കൈയില്‍ അന്റൊനെല്ലയുടെ ഇടതുകണ്ണിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
വലതുകാലില്‍ മുട്ടിനും പാദത്തിനുമിടയ്ക്കായി വട്ടത്തില്‍ ഭാര്യയുടേയും മക്കളായ തിയാഗോ, മാത്തിയോ, സിറോ എന്നിവരുടെ ജനനത്തീയതികള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 2018 ലോകകപ്പില്‍, ഭാര്യയുടെയും കുട്ടികളുടെയും പേര് രേഖപ്പെടുത്തിയ ഷൂസുകള്‍ അണിഞ്ഞാണ് മെസ്സി കളത്തിലിറങ്ങിയത്.
ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR
Content Highlights: what do messis tattoos mean qatar world cup 2022
Published: 21 Nov 2022, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented