ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയ്ക്ക് 2022 ഫുട്‌ബോള്‍ ലോകകപ്പ് നഷ്ടമായേക്കും. പരിക്കാണ് മാനെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി കളിക്കുന്നതിനിടെയാണ് മാനെയ്ക്ക് പരിക്കുപറ്റിയത്. 

To advertise here,

വെര്‍ഡറിനെതിരായ മത്സരത്തിനിടെ വലത്തേ കാല്‍മുട്ടിന് പരിക്കേറ്റ മാനെ മത്സരം പൂര്‍ത്തീകരിച്ചില്ല. വെറും 20 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. പരിക്കേറ്റ് പുറത്തായ മാനെയ്ക്ക് പകരം ലിറോയ് സാനെയാണ് ബയേണിനുവേണ്ടി കളിച്ചത്. പരിക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ താരത്തിന് ലോകകപ്പ് മുഴുവനായും നഷ്ടമായേക്കും. 

രണ്ട് തവണ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ മാനെ സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മാനെയുടെ അഭാവം സെനഗല്‍ ടീമിനെ കാര്യമായി ബാധിക്കും. 

ഗ്രൂപ്പ് എ യിലാണ് സെനഗല്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സാണ് സെനഗലിന്റെ എതിരാളി. സെനഗലിനായി 93 മത്സരങ്ങളില്‍ പന്തുതട്ടിയ മാനെ 34 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. മാനെയുടെ അഭാവം ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.