കരിയറിലെ ഏറ്റവും കാഠിന്യമേറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വീണ്ടും ലോകകപ്പില്‍ പരിക്കേറ്റത് വേദനിപ്പിക്കുന്നതാണെന്നും ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍. പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്റെ വിശ്വാസം അനന്തമാണെന്നും നെയ്മര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

To advertise here,

ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ബ്രസീലിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കും നെയ്മറിന് കളത്തില്‍ ഇറങ്ങാനാകില്ല.  

'ഈ കുപ്പായം(ബ്രസീല്‍ ജഴ്സി) ധരിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അഭിമാനവും സ്നേഹവും വിശദീകരിക്കാന്‍ കഴിയാത്തതാണ്. ഏതെങ്കിലുമൊരു രാജ്യത്ത് വീണ്ടുമൊരിക്കല്‍ കൂടി ജനിക്കാനുള്ള അവസരം ദൈവം നല്‍കുകയാണെങ്കില്‍ അതു ബ്രസീല്‍ ആയിരിക്കും. എന്റെ ജീവിതത്തില്‍ ഒന്നുംതന്നെ ഔദാര്യത്തിലോ എളുപ്പത്തിലോ  ലഭിച്ചതല്ല. എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള നിതാന്ത പരിശ്രമത്തിലായിരുന്നു ഞാന്‍. ആരെയെങ്കിലും ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടില്ല. ആവശ്യക്കാരെ സഹായിച്ചിട്ടേയുള്ളൂ. എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോവുന്നത്.... വീണ്ടും അതൊരു ലോകകപ്പിനിടെ. 

എനിക്കു പരിക്കേറ്റിട്ടുണ്ട്. അത് മുഷിപ്പുളവാക്കുന്നതാണ്... വേദനിപ്പിക്കുന്നതാണ്. പക്ഷെ, തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് എനിക്കുറപ്പാണ്. എന്റെ രാജ്യത്തെയും ഒപ്പം കളിക്കുന്നവരേയും എന്നെത്തന്നെയും തുണയ്ക്കാന്‍ എന്നാലാവുംവിധം ഞാന്‍ പരിശ്രമിക്കും. ഈ വിധം എന്നെ കീഴ്പ്പെടുത്താന്‍ ആ എതിരാളി ഇത്രയും കാലം കാത്തിരിക്കുകയായിരുന്നോ? ഒരിക്കലുമില്ല. പരിമിതികളില്ലാത്ത ദൈവത്തിന്റെ സന്താനമാണ് ഞാന്‍. എന്റെ വിശ്വാസത്തിന് അന്ത്യമില്ല.' നെയ്മര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

2014 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റിരുന്നത്. തുടര്‍ന്ന് താരം പുറത്താകുകയും പിന്നീട് സെമി ഫൈനലില്‍ ജര്‍മനിക്കെതിരേ 7-1ന് ബ്രസീല്‍ തോല്‍ക്കുകയും ചെയ്തിരുന്നു. 

ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി സെര്‍ബിയക്കെതിരായ മത്സരത്തിന്റെ രണ്ടാംപകുതിയില്‍ എതിര്‍ ടീമിലെ നിക്കോള മിലങ്കോവിച്ചുമായി കൂട്ടിയിടിച്ച് നെയ്മറിന് പരിക്കേല്‍ക്കുകയായിരുന്നു. വലതു കാല്‍ക്കുഴയ്ക്കാണ് പരിക്കേറ്റത്. കൂട്ടിയിച്ചശേഷവും കുറച്ചുനേരം കളിച്ചെങ്കിലും തുടരാനായില്ല. മത്സരം തീരുന്നതിന് 10 മിനിറ്റുമുമ്പേ അദ്ദേഹം ഗ്രൗണ്ട് വിട്ടിരുന്നു. കാല്‍ക്കുഴയിലെ നീരിന്റെ ചിത്രങ്ങളും പുറത്തുവന്നു.