ദോഹ:ലോകകപ്പില്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. നെഞ്ചുതകര്‍ന്ന നിലവിളികളും. ഒരിക്കല്‍ക്കൂടി അത്ഭുതങ്ങള്‍ കാട്ടി ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്‌നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. കൊറിയയുടെ അട്ടിമറി തകര്‍ത്തത് ഘാനയെ തോല്‍പിച്ച യുറഗ്വായുടെ സ്വപ്‌നമാണ്. ഗോള്‍ വ്യത്യാസം തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്.
പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊറിയയുടെ മിന്നുന്ന തിരിച്ചുവരവ്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളിലായിരുന്നു പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ കിം യങ് വോണാണ് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍, താണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന്‍ അവര്‍ക്ക് മനോഹരമായൊരു ഗോളില്‍ സ്വപ്‌നതുല്ല്യമായ ജയം സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. റികാര്‍ഡോ ഹോര്‍ട്ടയാണ് ഗോള്‍ നേടിയത്. ഡീഗോ ഡാലോ ബോക്‌സിലേക്ക് നല്‍കിയ പന്ത് ആദ്യ ഷോട്ടില്‍ തന്നെ ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു.
സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുള്‍ ബാക്കുകള്‍ ക്രിത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റില്‍ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.
27-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. കിം യങ് ഗ്വാണിലൂടെയാണ് കൊറിയ ഗോളടിച്ചത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് അനായാസം കിം വലയിലെത്തിച്ചു. പോര്‍ച്ചുഗല്‍ വിജയഗോളിനായി നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 29-ാം മിനിറ്റില്‍ റൊണാള്‍ഡോയടെ ഷോട്ട് കൊറിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ വിജയിക്കാനുറച്ചാണ് ദക്ഷിണ കൊറിയ ഇറങ്ങിയത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഗ്രൂപ്പില്‍ യുറഗ്വായിയെ മറികടന്ന് നോക്കൗട്ടില്‍ കടക്കാമെന്ന സ്ഥിതി വന്നതോടെ ദക്ഷിണ കൊറിയ മികച്ച ആക്രമണങ്ങള്‍ നടത്തി. 65-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കളത്തില്‍ നിന്ന് പിന്‍വലിച്ചു.
മുന്നേറ്റങ്ങള്‍ തുടര്‍ന്ന ദക്ഷിണ കൊറിയക്ക് 66-ാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചു. പോര്‍ച്ചുഗലിന്റെ പിഴവ് മുതലെടുത്ത കൊറിയ മുന്നേറി. പക്ഷേ പോസ്റ്റിലേക്കുതിര്‍ത്ത ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി.
ഒടുവില്‍ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗാലറി ഇളകി മറിഞ്ഞു. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തു. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. സണ്‍ ഹ്യുങ്മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ പന്ത് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു. ജേഴ്‌സിയൂരി ആഘോഷത്തിലാറാടി. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പിന്നെ ആവേശക്കടലിരമ്പം....
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: South Korea vs. Portugal
Published: 02 Dec 2022, 10:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented