ദോഹ: ഖത്തര്‍ ലോകകപ്പിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് അറുതിയില്ല. ഓരോ ദിവസം കഴിയുന്തോറും മത്സരം കൂടുതല്‍ ആവേശത്തിലേക്കുയരുകയാണ്. ഇന്ന് ഗ്രൂപ്പ് എച്ചിലെ അതിനിര്‍ണായക പോരാട്ടങ്ങളാണ് ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചത്. 

To advertise here,

ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗല്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ശേഷിച്ച ഒരു സ്ഥാനത്തിനായി യുറഗ്വായും ദക്ഷിണകൊറിയയും ഘാനയും പോരടിക്കുകയായിരുന്നു. മൂന്ന് ടീമുകള്‍ക്കും തുല്യ സാധ്യതയുമുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവുമധികം സാധ്യത ഘാനയ്ക്കായിരുന്നു കാരണം രണ്ട് മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് മൂന്ന് പോയന്റുണ്ടായിരുന്നു. എന്നാല്‍ യുറഗ്വായ്ക്കും കൊറിയയ്ക്കും വെറും ഒരു പോയന്റ് മാത്രം. 

പക്ഷേ മൂന്നാം റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കളിയാകെ മാറി. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയയും ഘാനയെ വീഴ്ത്തി യുറഗ്വായും കരുത്തുകാട്ടി. പക്ഷേ അതില്‍ ഏത് ടീം പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും എന്ന കാര്യത്തിലായി സംശയം. ഇരുടീമുകള്‍ക്കും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ്. ഗോള്‍ വ്യത്യാസത്തിലും തുല്യത. 

പക്ഷേ യുറഗ്വായിയെ മറികടന്ന് ദക്ഷിണ കൊറിയയാണ് അവസാന 16-ലേക്ക് മുന്നേറിയത്. ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണമാണ് ഇവിടെ അളവുകോലായത്. എതിരാളികളുടെ വലയിലെത്തിച്ച ഗോളുകളുടെ എണ്ണമെടുത്താല്‍ കൊറിയ നേടിയത് നാല് ഗോളുകള്‍. യുറഗ്വായ് വെറും രണ്ട് ഗോളുകള്‍ മാത്രമാണ് അടിച്ചത്. ഇതോടെ കൊറിയ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. സുവാരസും സംഘവും കണ്ണീരോടെ തിരിച്ച് നാട്ടിലേക്ക്.