ദോഹ:വാമോസ് മാര്‍ട്ടിനസ്.... വാമോസ് അര്‍ജന്റീന..... അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി ലയണല്‍ മെസ്സി മാത്രമല്ല ഹീറോ ഇതാ ഒരു പേര് കൂടി. എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എണ്ണം പറഞ്ഞ രണ്ട് കിക്കുകള്‍ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ മാര്‍ട്ടിനസിന്റെ മിടുക്കില്‍ ഡച്ച് പടയെ മറികടന്ന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന. ഇത്രമേല്‍ ആവേശം നിറഞ്ഞ ഒരു മത്സരം ഇനിയുണ്ടാകുമോ? അടിയും തിരിച്ചടിയുമായി ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ കണ്ണീരുകുടിപ്പിച്ച് മെസ്സിയും സംഘവും സെമി ഫൈനലിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ആല്‍ബിസെലസ്റ്റസിന്റെ വിജയം. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും നായകന്‍ ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടപ്പോള്‍ നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ടിയൂന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവര്‍ ലക്ഷ്യം നേടി. 2014ലെ സെമിയുടെ കാര്‍ബണ്‍ കോപ്പിയായി ഇത്തവണത്തെ ഖത്തറില ക്വാര്‍ട്ടര്‍. അന്നും ഡച്ച് പടയെ ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കീഴടക്കിയത്. സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ ഇരുപത് മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. പ്രതിരോധത്തില്‍ ഇരുടീമുകളും ശ്രദ്ധ ചെലുത്തിയതിനാല്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. 22-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
31-ാം മിനിറ്റില്‍ അര്‍ജന്റീന സഹപരിശീലകന്‍ വാള്‍ട്ടര്‍ സാമുവലിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. 32-ാം മിനിറ്റിലാണ് അര്‍ജന്റീന ലക്ഷ്യത്തിലേക്ക് ആദ്യ ഷോട്ടുതിര്‍ത്തത്. റോഡ്രിഡോ ഡി പോളിന്റെ ദുര്‍ബലമായ ഷോട്ട് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ നോപ്പര്‍ട്ട് കൈയ്യിലൊതുക്കി.
എന്നാല്‍ 35-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധപ്പൂട്ട് പൊളിച്ചുകൊണ്ട് അര്‍ജന്റീന ഗോള്‍വലകുലുക്കി. നഹ്വെല്‍ മൊളീനയാണ് ആല്‍ബിസെലസ്റ്റസിനുവേണ്ടി ഗോളടിച്ചത്. ലയണല്‍ മെസ്സിയുടെ ലോകോത്തരമായ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിനിടയിലൂടെ തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച മൊളീന വാന്‍ ഡൈക്കിന്റെയും നൊപ്പര്‍ട്ടിന്റെയും വെല്ലുവിളി മറികടന്ന് വലകുലുക്കി. ഇതോടെ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തിരമ്പി.
പിന്നാലെ മികച്ച മുന്നേറ്റവുമായി നാല് പ്രതിരോധതാരങ്ങളെ മറികടന്ന് മെസ്സി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ അത് കൈയ്യിലൊതുക്കി. 45-ാം മിനിറ്റില്‍ ഗാക്‌പോയുടെ ഫ്രീകിക്ക് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കൈയ്യിലൊതുക്കി. പിന്നാലെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ പന്തുമായി കുതിച്ച മെസ്സിയെ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് നെതര്‍ലന്‍ഡ്‌സ് പ്രതിരോധം വീഴ്ത്തി. പിന്നാലെ ഫ്രീകിക്കും ലഭിച്ചു. എന്നാല്‍ മെസ്സിയുടെ കിക്ക് വലയെ തൊട്ടുരുമ്മിയാണ് കടന്നുപോയത്.
71-ാം മിനിറ്റില്‍ അക്യൂനയെ ബോക്‌സിനകത്തുവെച്ച് ഡംഫ്രിസ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്തത് നായകന്‍ മെസ്സിയാണ്. കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ നൊപ്പാര്‍ട്ടിനെ നിസ്സഹായനാക്കി മെസ്സിയുടെ ഇടംകാലന്‍ ഷോട്ട് ഗോള്‍വലയുടെ ഇടത്തേ മൂലയില്‍ ചെന്ന് വീണു. അത്രമേല്‍ ആത്മവിശ്വാസത്തോടെയാണ് മെസ്സി കിക്കെടുത്തത്. ഈ ഗോളോടുകൂടി ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡിനൊപ്പം മെസ്സിയെത്തി. ഈ ഗോളോടെ ആകെ ലോകകപ്പിലെ മെസ്സിയുടെ ഗോള്‍ നേട്ടം 10 ആയി ഉയര്‍ന്നു. ഈ ലോകകപ്പിലെ താരത്തിന്റെ നാലാം ഗോളാണിത്.
എന്നാല്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് നെതര്‍ലന്‍ഡ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. 83-ാം മിനിറ്റില്‍ വൗട്ട് വെഗോര്‍സ്റ്റാണ് നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയത്. അത്യുഗ്രന്‍ ഹെഡ്ഡറിലൂടെയാണ് ഗോള്‍ പിറന്നത്. ബെര്‍ഗ്യൂസ് നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് വെഗോര്‍സ്റ്റ് ഓറഞ്ച് പടയ്ക്ക് ആശ്വാസം പകര്‍ന്നു. മത്സരത്തിലെ നെതര്‍ലന്‍ഡിന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റുമായിരുന്നു ഇത്.
തൊട്ടുപിന്നാലെ 85-ാം മിനിറ്റില്‍ ബെര്‍ഗ്യൂസിന്റെ തകര്‍പ്പന്‍ ഷോട്ട് അര്‍ജന്റീന ഗോള്‍വലയെ തൊട്ടുരുമ്മിയാണ് കടന്നുപോയത്. മത്സരം ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയ്ക്കും വേദിയായി. മത്സരം അര്‍ജന്റീന സ്വന്തമാക്കുമെന്ന് തോന്നിച്ചപ്പോഴാണ് രക്ഷകനായി വീണ്ടും വെഗോര്‍സ്റ്റ് അവതരിച്ചത്. ഇന്‍ജുറി ടൈമിന്റെ അവസാന സെക്കന്‍ഡിലാണ് ഗോള്‍ പിറന്നത്. അനാവശ്യമായി അര്‍ജന്റീന വഴങ്ങിയ ഒരു ഫ്രീകിക്കാണ് മത്സരത്തില്‍ വഴിത്തിരിവായത്. വെഗോര്‍സ്റ്റിനെ ബോക്‌സിന് തൊട്ടുമുന്നില്‍ വെച്ച് പെസറെല്ലയും പരെഡെസും വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി ഫ്രീകിക്ക് വിധിച്ചത്.
കൂപ്പ്‌മെയ്‌നേഴ്‌സാണ് കിക്കെടുത്തത്. നേരിട്ട് പോസ്റ്റിലേക്ക് കിക്കെടുക്കുന്നതിന് പകരം കൂപ്പ്‌മെയ്‌നേഴ്‌സ് പന്ത് അര്‍ജന്റീന പ്രതിരോധമതിലിനിടയിലൂടെ വെഗോര്‍സ്റ്റിന് നല്‍കി. തന്ത്രപരമായി നീക്കം നടത്തിയ കൂപ്പ്‌മെയ്‌നേഴ്‌സിന്റെ പാസ് സ്വീകരിച്ച വെഗോര്‍സ്റ്റ് ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. പിന്നാലെ ഇന്‍ജുറി ടൈം അവസാനിച്ച് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.
എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന വിജയഗോളിനായി കിണഞ്ഞുശ്രമിച്ചു. 113-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിന്റെ ഗോളെന്നുറച്ച ഷോട്ട് വിര്‍ജില്‍ വാന്‍ഡൈക്ക് രക്ഷപ്പെടുത്തി. പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ടും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 119-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ലൗട്ടാറോ മാര്‍ട്ടിനെസ് പാഴാക്കി. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ബാറിലിടിച്ച് തെറിച്ചു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 15 മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.
ആദ്യ കിക്കെടുത്തത് നെതര്‍ലന്‍ഡ്‌സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു ഇതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി. രണ്ടാം കിക്കില്‍ ബെര്‍ഗ്യൂസിനും പിഴച്ചതോടെ നെതര്‍ലന്‍ഡ്‌സ് തിരിച്ചടി നേരിട്ടു. ഈ കിക്കും മാര്‍ട്ടിനസ് തട്ടിയകറ്റി. പിന്നാലെ വന്ന പരഡെസ് ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 2-0 ന് മുന്നിലെത്തി. പിന്നീടുള്ള രണ്ട് കിക്കുകള്‍ ഓറഞ്ച് പടയുടെ കൂപ്പ്‌മെയ്‌നേഴ്‌സും വോട്ട് വെഗോര്‍സ്റ്റും ലക്ഷ്യത്തിലെത്തിച്ചു. മൂന്നാം കിക്കെടുത്ത മോണ്ടിയല്‍ ലക്ഷ്യം കണ്ടെങ്കിലും നാലാം കിക്കില്‍ അര്‍ജന്റീനയുടെ എന്‍സോയ്ക്ക് പിഴച്ചു. ഇതോടെ അവസാന കിക്ക് നിര്‍ണായകമായി.
അവസാന കിക്ക് ലൂക്ക് ഡിയോങ് ലക്ഷ്യത്തിലെത്തിച്ചതോടെ ്‌സ്‌കോര്‍ 3-3 ആയി. അര്‍ജന്റീനയ്ക്ക് പിന്നീട് ശേഷിക്കുന്നത് ഒരേയൊരു കിക്ക് മാത്രം. എന്നാല്‍ കിക്കെടുത്ത ലൗട്ടാറോ മാര്‍ട്ടിനെസ്സിന് പിഴച്ചില്ല. അനായാസം വലകുലുക്കിക്കൊണ്ട് ലൗട്ടാറോ മെസ്സിയ്ക്കും സംഘത്തിനും സെമി ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തു. ഓറഞ്ച് പട കണ്ണീരോടെ മടങ്ങി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: argentina vs netherlands quarterfinal match 2022 fifa world cup
Published: 10 Dec 2022, 12:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented