ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗലിന്റെ യാത്ര അവസാനിച്ചശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടില്‍ അധികനേരം നിന്നില്ല. കണ്ണീരുകിനിയുന്ന മുഖവുമായി നേരെ ഡ്രസിങ് റൂമിലേക്ക് നടന്നു. ബ്രസീല്‍ പുറത്തായപ്പോള്‍ വാവിട്ടുകരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാന്‍ ടീമംഗങ്ങള്‍ വന്നതുപോലെ, ക്രിസ്റ്റ്യാനോയെ തഴുകാന്‍ അധികം ആളുണ്ടായിരുന്നുമില്ല.
ഇത് ക്രിസ്റ്റ്യാനോയ്ക്ക് ഒരു ക്വാര്‍ട്ടര്‍ഫൈനലില്‍നിന്നുള്ള മടക്കം മാത്രമല്ല, രണ്ടുപതിറ്റാണ്ടായി ലോക ഫുട്‌ബോളിനെ ത്രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത ഇതിഹാസതാരത്തിന് അടുത്ത ഫെബ്രുവരിയില്‍ 38 വയസ്സാകും. ഇനിയൊരു ലോകകപ്പിന് അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. അഞ്ചു ലോകകപ്പില്‍ ഗോളടിച്ച ഒരേയൊരു കളിക്കാരനായ റോണോയ്ക്ക് ഇക്കുറിതന്നെ അവസാന രണ്ടുമത്സരത്തിലും ആദ്യ ഇലവനില്‍ ഇടമുണ്ടായിരുന്നില്ല.
സ്വന്തമെന്നു പറയാന്‍ ഒരു ക്ലബ്ബിന്റെ മേല്‍വിലാസമില്ലാതെയാണ് ക്രിസ്റ്റ്യാനോ ഖത്തറിലെത്തിയത്. രണ്ടുഘട്ടങ്ങളിലായി എട്ടുവര്‍ഷത്തോളം കളിച്ച, ലോകത്തെ ഏറ്റവും പ്രമുഖ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം ലോകകപ്പിനുമുമ്പ് അവസാനിപ്പിച്ചിരുന്നു. ഈ ലോകകപ്പിലെ മിന്നുന്നപ്രകടനത്തോടെ പുതിയ താവളം കണ്ടെത്താനാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍, അഞ്ചുമത്സരത്തില്‍ ഒരു ഫീല്‍ഡ് ഗോളുമില്ലാതെയാണ് അദ്ദേഹം മടങ്ങുന്നത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്... രണ്ടുപതിറ്റാണ്ടോളമായി യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ ശക്തിയും വിശ്വാസവുമായിരുന്നു ക്രിസ്റ്റ്യാനോ. ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെക്കുന്ന ക്ലബ്ബുകളുടെ തുറുപ്പുചീട്ട്. ലീഗുകള്‍ പാതിവഴിയിലെത്തിയിരിക്കേ, ഇനി മറ്റൊരു പ്രമുഖ ക്ലബ്ബിലേക്ക് മാറുക എളുപ്പമല്ല. യുണൈറ്റഡിലേക്ക് തിരിച്ചുപോക്കും ബുദ്ധിമുട്ടാണ്. രണ്ടാംനിര ക്ലബ്ബുകള്‍ക്ക് ക്രിസ്റ്റ്യാനോയുടെ പ്രതിഫലം താങ്ങാനുമാവില്ല.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ റൊണാള്‍ഡോയ്ക്കുമുന്നില്‍ കനത്ത ഓഫര്‍ വെച്ചതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ, ലോക ക്ലബ്ബ് ഫുട്ബോളില്‍ 20-ാം റാങ്കിലാണ് സൗദി ലീഗ്. അവിടേക്കുവന്നാലും, ഒരു സുവര്‍ണകാലം കഴിയുകയാണെന്ന് ഉറപ്പായിക്കഴിഞ്ഞു.
Content Highlights: What happens to Ronaldo’s career after Portugal’s World Cup exit?
Published: 12 Dec 2022, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented