തൃശ്ശൂര്‍: ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം - അവസാന ലൈനപ്പില്‍ ഞാന്‍ ഇവരെ പ്രതീക്ഷിക്കുന്നു. സ്‌പെയിനിനെയും സെനഗലിനെയും മാറ്റിനിര്‍ത്താനാവില്ല.

To advertise here,

ഖത്തറില്‍ ലോകകപ്പ് പന്തുരുളാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ലോകത്തിന്റെ ഇങ്ങേയറ്റത്ത് കൊച്ചുകേരളത്തിലെ കടല്‍ത്തീരത്തിരുന്ന് ലോകത്തെ മികച്ച ഫുട്‌ബോള്‍ പരിശീലകരിലൊരാളും ചെല്‍സിയുടെ മുന്‍ കോച്ചുമായ തോമസ് ടുഷേല്‍ തന്റെ പ്രതീക്ഷ പങ്കുവെച്ചു. 18 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായി തൃശ്ശൂരിലെ നാട്ടിക സ്‌നേഹതീരത്തുള്ള സീതാറാം ആയുര്‍വേദ ബീച്ച് റിസോര്‍ട്ടിലെത്തിയതാണ് ടുഷേല്‍. ഇവിടത്തെ മേധാവികളായ ഡോ. ഡി. രാമനാഥന്റെയും മകന്‍ ഡോ. വിഘ്നേഷ് ദേവരാജിന്റെയും നേതൃത്വത്തിലുള്ള ചികിത്സ പൂര്‍ത്തിയാക്കിയ അദ്ദേഹം ശനിയാഴ്ച രാത്രി തിരിച്ചുപോയി. യാത്രപുറപ്പെടും മുന്‍പ് മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ ചെല്‍സിയോട് തനിക്കിപ്പോഴുമുള്ള ഹൃദയബന്ധത്തെക്കുറിച്ചാണ് ടുഷേലിന് ഏറെ പറയാനുണ്ടായിരുന്നത്.

ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍

എന്റെ കുട്ടികളില്‍ ഏറെപ്പേര്‍ വിവിധ രാജ്യങ്ങള്‍ക്കായി കളിക്കളത്തിലിറങ്ങുന്നുണ്ട്. മികവുറ്റ കളിതന്നെ അവര്‍ കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. അവസാന നിരയെ ഞാന്‍ മനസ്സില്‍ കണ്ടുകഴിഞ്ഞു. എങ്കിലും അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അവസാനനിമിഷം ചിലര്‍ മുന്നേറിയേക്കാം.

ആരായിരിക്കാം ഈ ലോകകപ്പിന്റെ താരങ്ങള്‍

താരങ്ങള്‍ പലരുണ്ടാകും. അതിലെന്റെ കുട്ടികളുമുണ്ടാകും. കൈലിയന്‍ എംബാപ്പെയുഗത്തിന്റെ തുടക്കംകൂടിയാകും ഖത്തര്‍ ലോകകപ്പ്.

ചെല്‍സിയില്‍നിന്ന് പെട്ടെന്നുള്ള പടിയിറക്കത്തെക്കുറിച്ച് എന്തുപറയുന്നു

ചെല്‍സിയോടൊപ്പം എക്കാലവും തുടരണമെന്ന് ആഗ്രഹിച്ചതാണ്. ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടായിരുന്നു. ടീമിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. ഓരോ കളിക്കാരോടും അവിടത്തെ ജീവനക്കാരോടും അത്ര ആഴത്തിലുള്ള ഹൃദയബന്ധമുണ്ടായിരുന്നു. അതിപ്പോഴും തുടരുന്നു.

ഇത്രയും ആഴത്തിലുള്ള ബന്ധം പെട്ടെന്ന് മുറിഞ്ഞതെങ്ങനെ?

കോവിഡ് കാലം, യുക്രൈനെതിരായ റഷ്യന്‍ ആക്രമണം, പിന്നെ ഉടമകളിലുണ്ടായ മാറ്റം. ചെല്‍സിയിലുണ്ടായിരുന്ന കാലത്ത് അപ്രതീക്ഷിതമായ ഒട്ടേറെ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു.

ഇനിയെങ്ങോട്ടാണ്, പുതിയ തീരുമാനങ്ങളെന്തെങ്കിലും

തീരുമാനവുമെടുത്തിട്ടില്ല. കഴിഞ്ഞ 18 ദിവസവും ഞാന്‍ ഫുട്‌ബോളിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഒരധ്യായം അവസാനിച്ചിരിക്കുന്നു. എല്ലാം ഇവിടെ തീരുന്നില്ല. പുതിയത് തുടങ്ങണം. പുതിയ തുടക്കത്തിന് ഊര്‍ജം നേടണം. അടുത്ത കാല്‍വെപ്പുകള്‍ ഏറ്റവും സൂക്ഷ്മമാകണം. അതിനുള്ള ഒരുക്കത്തിലാണ്.

പരിശീലകന്റെ റോളിനെക്കുറിച്ച് എന്ത് പറയുന്നു

ഒരു പരിശീലകന്റെ റോള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. മൊത്തം ടീമംഗങ്ങളുടെ ചുമതല അയാള്‍ക്കാണ്. മാധ്യമങ്ങളുടെ ആവശ്യങ്ങള്‍ അയാള്‍ തിരിച്ചറിയണം. ക്ലബ്ബിന്റെ താത്പര്യം മനസ്സിലാക്കണം. സമ്മര്‍ദങ്ങളേറെയാണ്. എങ്കിലും ഫുട്‌ബോള്‍ മൈതാനത്തെത്തുമ്പോള്‍ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഞാന്‍.

കേരളത്തിലേക്കെത്തുന്നതെങ്ങനെയാണ്. ആയുര്‍വേദ ചികിത്സയെക്കുറിച്ചെന്തുപറയുന്നു

ആറുവര്‍ഷം മുന്‍പും ഇവിടെയെത്തിയ എന്റെ സഹപരിശീലകനാണ് ആയുര്‍വേദത്തെ പരിചയപ്പെടുത്തുന്നത്. ജര്‍മനിയില്‍ വെച്ച് ഡോ. വിഘ്നേഷിന്റെ ക്ലാസ്സും കേള്‍ക്കാനിടയായി. അങ്ങനെയാണ് ഇവിടെയെത്തുന്നത്.

ആയുര്‍വേദം കളിക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും നിര്‍ദേശിക്കാവുന്ന ചികിത്സയാണ്. ഇതോടൊപ്പമുള്ള സസ്യഭക്ഷണരീതിയും എനിക്കിഷ്ടപ്പെട്ടു. പുതിയൊരു ഊര്‍ജം സ്വന്തമാക്കിയപോലെ. തീര്‍ച്ചയായും ആയുര്‍വേദം സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്തേക്ക് കടന്നുവരേണ്ടതാണ്.