
പാഴായിപ്പോയ പെനാല്‍ട്ടി കിക്കിന്റെയും ചുണ്ടോളമെത്തി നഷ്ടപ്പെട്ട കിരീടത്തിന്റെയും വേദനയിലാണ് 82,000 കാണികള്‍ക്കുമുന്നില്‍ ലയണല്‍ മെസ്സി കണ്ണീര്‍വാര്‍ത്തുനിന്നത്. കളിക്കളത്തില്‍ ശൂന്യതയില്‍നിന്ന് ഗോളുകള്‍ സൃഷ്ടിക്കുകയും മാന്ത്രികചലനങ്ങളാല്‍ എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുന്ന മെസ്സി സാധാരണക്കാരനായ നിമിഷങ്ങള്‍. 2016 കോപ്പ അമേരിക്ക ഫൈനല്‍ നാടകീയമായത് മത്സരശേഷമായിരുന്നു. ചിലിയോടുള്ള തോല്‍വിയും പെനാല്‍ട്ടി നഷ്ടത്തിന്റെ പാപഭാരവും അയാളെ പൂര്‍ണ പരാജിതനാക്കിയിരുന്നു. നഷ്ടബോധത്തിന്റെ പരകോടിയിലെപ്പഴോ മെസ്സി പ്രഖ്യാപിച്ചു, ഇനി അര്‍ജന്റീനയ്ക്കായി കളിക്കാനില്ല. അന്ന് മെസ്സി പരാജയപ്പെട്ട നായകനായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിച്ചശേഷം മെസ്സി ഒരിക്കല്‍ക്കൂടി മനസ്സുതുറന്നു. ലോകകപ്പിലെ യാത്ര അവസാനിപ്പിക്കാനുള്ള നല്ല അവസരമാണിതെന്ന് പറയുമ്പോള്‍ മെസ്സി ഒരു വിജയനായകനിലേക്ക് വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഖത്തറില്‍ ആര് കപ്പുയര്‍ത്തിയാലും മെസ്സിയാണ് ഈ ലോകകപ്പിന്റെ വിജയനായകന്‍.
അമേരിക്കയിലെ ഈസ്റ്റ് റുഥര്‍ഫോഡ് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍നിന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളും തകര്‍ന്ന ഹൃദയവുമായി കയറിപ്പോയ മെസ്സിയല്ല ഖത്തറിന്റെ മൈതാനങ്ങളില്‍ അര്‍ജന്റീനയെ നയിക്കുന്നത്. അന്നത്തെ ഫൈനലിനുശേഷമുള്ള 57 മത്സരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച്, വീരനായകന്റെ പരിവേഷത്തിലേക്ക് മാറിയ മെസ്സിയാണ്. ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷമുള്ള പത്രസമ്മേളത്തിലേക്ക് എത്തിനോക്കിയ ഡച്ച് കളിക്കാരനെ വിഡ്ഢി എന്ന് വിളിക്കുന്ന, ആ വിളിയെ നാട്ടുകാര്‍ ആരാധനയോടെ ഏറ്റെടുക്കുന്ന തലത്തിലേക്ക് മെസ്സി മാറുന്നു. എല്ലാ അര്‍ഥത്തിലും മുന്നില്‍നിന്ന് നയിക്കുന്ന നായകന്‍. മെസ്സിയുടെ ഈ മാറ്റമാണ് അര്‍ജന്റീനയുടെ കളിയില്‍ പ്രതിഫലിക്കുന്നത്. സൗദി അറേബ്യയോട് തോറ്റതിനുശേഷം ടീമിനെ അദ്ഭുകരമാംവിധം പ്രചോദിപ്പിച്ച് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നിടത്താണ് മെസ്സിയിലെ നായകന്‍ വിജയിക്കുന്നത്.
തിരിച്ചടികളില്‍ തലകുനിക്കുന്ന മെസ്സിയെ ഖത്തറിലെവിടെയും കണ്ടിട്ടില്ല. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കളിക്കളത്തില്‍ എന്തും ചെയ്യാന്‍ ശേഷിയുള്ള മെസ്സിയെയാണ് കാണുന്നത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള മേക്കോവര്‍. മെസ്സിയെ മാറ്റിനിര്‍ത്തിയാല്‍ ശരാശരി കളിക്കാരുടെ കൂടാരമാണ് അര്‍ജന്റീന. ആ ടീമിന്റെ ജനിതകഘടനയാണ് മെസ്സിയുടെ കൂട്ടിച്ചേര്‍ക്കലിലൂടെ മാറുന്നത്. എതിരാളി ആരായാലും ഗോളടിക്കാന്‍ പാകത്തിലുള്ള ഒരു പാസുകൊണ്ട്, അല്ലെങ്കില്‍ പ്രതിരോധഭിത്തി തുരന്നെടുക്കുന്ന ഗോളുകൊണ്ട് മെസ്സി ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ തലവര പലവട്ടം മാറ്റുന്നത് ഫുട്ബോള്‍ ലോകം ആവേശത്തോടെ കണ്ടുനിന്നു.
2014 ലോകകപ്പില്‍ അര്‍ജന്റീന ഫൈനലിലെത്തിയിരുന്നു. അന്നും മെസ്സിയായിരുന്നു നായകന്‍. എന്നാല്‍, ടീമിനോട് ഇണങ്ങാത്ത, പരിശീലകന്‍ അലസാന്‍ഡ്രോ സബേലയുടെ വഴിയെ സഞ്ചരിക്കാത്ത നായകന്റെ റോളിലായിരുന്നു. ജര്‍മനിയോട് കീഴടങ്ങി കപ്പില്ലാതെ ടീം മടങ്ങുകയും ചെയ്തു. എന്തായാലും ഇത്തവണത്തെ ലോകകപ്പ് ഫൈനലിന് മെസ്സി തലയുയര്‍ത്തി ഇറങ്ങും. ഫലമെന്തായാലും തലയുയര്‍ത്തിത്തന്നെ മടങ്ങും.
ഇനിയൊരു ലോകകപ്പിനില്ല -മെസ്സി
ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. ''അടുത്ത ലോകകപ്പിലേക്ക് ഇനിയും വര്‍ഷങ്ങളുണ്ട്. അപ്പോള്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലോകകപ്പുകളിലൂടെയുള്ള ഈ യാത്ര ഒരു ഫൈനല്‍ കളിച്ച് അവസാനിപ്പിക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ട്, ആഹ്ലാദമുണ്ട്. ഈ ലോകകപ്പില്‍ ഞാന്‍ ജീവിച്ച നിമിഷങ്ങള്‍ വൈകാരികമായിരുന്നു. ഈ വിജയങ്ങള്‍ അര്‍ജന്റീനയില്‍ എത്ര ആഘോഷിക്കപ്പെടുന്നു എന്ന് നോക്കുക'' -മെസ്സി പറഞ്ഞു.
2016-ല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞ് തീരുമാനം മാറ്റുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം അര്‍ജന്റീന ടീമിനൊപ്പം നന്നായി ആസ്വദിച്ചെന്ന് മെസ്സി പറഞ്ഞു. ''കോപ്പ അമേരിക്കയില്‍ ചാമ്പ്യന്മാരായി. തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഈ ലോകകപ്പിന് എത്തിയത്. ഫൈനല്‍കൂടി വിജയിക്കാനായാല്‍ അവിസ്മരണീയമായിരിക്കും. ആദ്യകളിയില്‍ സൗദി അറേബ്യയോട് തോറ്റത് കനത്ത ആഘാതമായിരുന്നു. തുടക്കം ഇവ്വിധമായതോടെ ഞങ്ങളില്‍ പ്രതീക്ഷ കുറഞ്ഞവരുണ്ട്. എന്നാല്‍, എത്ര ശക്തരാണ് ഞങ്ങളെന്ന് അടുത്ത മത്സരങ്ങളില്‍ തെളിഞ്ഞു. ഓരോ കളിയും ഓരോ ഫൈനലായിരുന്നു. അഞ്ച് ഫൈനലുകളാണ് കളിച്ചത്. എല്ലാം ജയിച്ചു'' -ക്രൊയേഷ്യയെ സെമിയില്‍ തോല്‍പ്പിച്ചശേഷം മെസ്സി പറഞ്ഞു.
Content Highlights: Messi and Argentina’s FIFA World Cup journey in Qatar 2022
Published: 15 Dec 2022, 07:46 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented