ഫുട്‌ബോള്‍ ലോകകപ്പിലെ രണ്ട് ഫൈനലുകളില്‍ ഗോള്‍ നേടുകയെന്ന അത്യപൂര്‍വ നേട്ടത്തിനുടമയാണ് ഫ്രാന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍. ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സിദാന്‍, റയല്‍ മഡ്രിഡിന്റെ പരിശീലകനായും തിളങ്ങി. മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ പരിശീലകനുമാണ് മുന്‍ ഫ്രഞ്ച് ഇതിഹാസം. ഖത്തര്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് സിദാന്‍ മാതൃഭൂമിയോട് സംസാരിക്കുന്നു...
*ഈ ലോകകപ്പിലെ ഫേവിറിറ്റുകളായി പരിഗണിക്കപ്പെടുന്ന ടീമാണ് ഫ്രാന്‍സ്. എന്താണ് ടീമിന്റെ സാധ്യത?
അതെ, നിലവിലെ ജേതാക്കളാണല്ലോ ഫ്രാന്‍സ്. യോഗ്യതാ മത്സരങ്ങളിലും നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ, കിരീടം നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 1938-ല്‍ ഇറ്റലിയും 1962-ല്‍ ബ്രസീലുമാണ് കിരീടം നിലനിര്‍ത്തിയ ടീമുകള്‍. അതിനടുത്തെത്തിയ ടീമുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സിന് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്.
*മികച്ച മധ്യനിര താരങ്ങളായ പോള്‍ പോഗ്ബയുടെയും എന്‍ഗോളോ കാന്റെയുടെയും അഭാവം ഫ്രാന്‍സിന് പ്രശ്‌നമാകില്ലേ?
കളിക്കാരന് പരിക്കേറ്റാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ലല്ലോ. പരിക്കുകള്‍ ഫുട്‌ബോളിന്റെ ഭാഗമാണ്. ക്ലബ്ബ് സീസണിനിടയിലാണ് താരങ്ങള്‍ ഇത്തവണ ലോകകപ്പിന് വരുന്നതെന്നതിനാല്‍ പരിക്കിനുള്ള സാധ്യതയുമേറുന്നു. പോഗ്ബയുടെയും കാന്റെയുടെയും അസാന്നിധ്യം ഫ്രാന്‍സിന് പ്രശ്‌നം സൃഷ്ടിക്കും. എന്നാല്‍, അതിനനുസരിച്ച് പരിശീലകന്‍ ടീമൊരുക്കുമെന്നാണ് പ്രതീക്ഷ.
*എഡ്വേര്‍ഡോ കാമവിംഗയെന്ന പ്രതിഭയുടെ ആദ്യ ലോകകപ്പാണിത്. താരത്തിന്റെ പരിചയക്കുറവ് പ്രശ്‌നമാകുമോ?
അതെ, ഇത് കാമവിംഗയ്ക്കും ഔറേലിയന്‍ ചൗമേനിക്കും അവരുടെ കഴിവ് പുറത്തെടുക്കാനുള്ള മികച്ച അവസരമാണ്. ലോകകപ്പിലെ മത്സരങ്ങള്‍ ഏറ്റവും കഠിനമായിരിക്കും.
*എംബാപ്പെയും ബെന്‍സെമയും മികച്ച മുന്നേറ്റനിര ജോടിയാണ്. ഇവരില്‍ ഒരാള്‍ ഈ ലോകകപ്പിലെ കൂടുതല്‍ ഗോളടിക്കുന്ന താരമാകുമോ?
അന്റോയിന്‍ ഗ്രീസ്മാനെ മറക്കരുത്. ഇവര്‍ മൂന്നുപേരും മികച്ചവരാണ്. മുന്നേറ്റനിരയില്‍ എംബാപ്പെയും ബെന്‍സെമയും സ്‌കോര്‍ ചെയ്യാനും പരസ്പരം പന്തെത്തിച്ചുനല്‍കാനും കഴിയുന്നവരാണ്. അവരില്‍നിന്ന് ഒരുപാട് ഗോളുകള്‍ നമുക്ക് കാണാം.
*ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സിന്റെ എതിരാളികളെക്കുറിച്ച്?
ഡെന്‍മാര്‍ക്ക് വലിയ ഭീഷണിയാകും. ഓസ്ട്രേലിയയും ടുണീഷ്യയും നിലവിലെ ചാമ്പ്യന്മാര്‍ക്ക് അവസാനനിമിഷംവരെ വെല്ലുവിളി സൃഷ്ടിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളികളും മികച്ചതായിരിക്കുമെന്ന വിശ്വാസമുണ്ട്. ഈ ലോകകപ്പില്‍ എളുപ്പമുള്ള കളികളൊന്നും ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ടീമും അവരുടെ എതിരാളിയെ നന്നായി അറിയാന്‍ ഇപ്പോള്‍തന്നെ ശ്രമിക്കുന്നുണ്ടാകും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകളുള്ള ഗ്രൂപ്പാണ് ഫ്രാന്‍സിന് ലഭിച്ചത്. ഇത് ആകര്‍ഷകമായ ഗ്രൂപ്പാണ്. ഒരു തെക്കേ അമേരിക്കന്‍ ടീമിന്റെ സാന്നിധ്യംകൂടി ഉണ്ടായിരുന്നങ്കില്‍ രസകരമായേനെ.
Content Highlights: Latin America will sweat to conquer Europe says zinedine zidane
Published: 19 Nov 2022, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented