ദോഹ: ഫുട്ബോള്‍ ലോകകപ്പിലൊന്നു തൊടുക, അതിലൊരു മുത്തംചാര്‍ത്തുക. ലയണല്‍ മെസ്സി ഉള്‍പ്പെടെ ഏതൊരു ഫുട്ബോള്‍ താരവും ആഗ്രഹിക്കുന്ന കാര്യം. പക്ഷേ, ചരിത്രം അതിനായി തിരഞ്ഞെടുത്തത് കുറച്ചുപേരെമാത്രം. ഇവിടെയൊരാള്‍ അതും കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാംവട്ടം കപ്പുനേടി ചരിത്രത്തിലിടംപിടിക്കാന്‍. അതും 24 വയസ്സ് തികയുന്നതിനു മുമ്പുതന്നെ. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ് ആ നേട്ടത്തിനരികെ നില്‍ക്കുന്നത്. ഞായറാഴ്ച ഫൈനലില്‍ ജയിച്ച് ഫ്രാന്‍സ് കപ്പടിച്ചാല്‍ തുടര്‍ച്ചയായ രണ്ടുതവണ കപ്പടിക്കുന്ന ടീമിലംഗമെന്ന ഖ്യാതി ഫ്രാന്‍സിലെ മറ്റുപല താരങ്ങളെയുംപോലെ എംബാപ്പെയെയും തേടിയെത്തും.

To advertise here,

മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളയൊരാളെ നാമറിയും. ബ്രസീലിന്റെ പെലെ. ബ്രസീല്‍ 1958, 1962 ലോകകപ്പുകള്‍ നേടുമ്പോള്‍ പെലെ ടീമിലംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം യഥാക്രമം 18, 22. 2018-ല്‍ ഫ്രാന്‍സ് കപ്പടിക്കുമ്പോള്‍ എംബാപ്പെയുടെ പ്രായം 19, ഇന്ന് 23. 

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ എംബാപ്പെ ഗോള്‍ നേടിയപ്പോള്‍ പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരക്കാരന്‍ എന്ന റെക്കോഡ് സ്വന്തമായി. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇരട്ടഗോള്‍ നേടിയതോടെ പെലെയ്ക്കുശേഷം ലോകകപ്പ് മത്സരത്തില്‍ ഇരട്ടഗോള്‍ നേടുന്ന കൗമാരക്കാരന്‍ എന്ന റെക്കോഡും സ്വന്തമായി. കഴിഞ്ഞതവണ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും എംബാപ്പെ സ്വന്തമാക്കുകയുണ്ടായി. തന്റെ ആദ്യ ലോകകപ്പില്‍ യുവതാരത്തിനുള്ള പുരസ്‌കാരം പെലെക്കായിരുന്നു. ഇരുവരുടെയും ജഴ്സി നമ്പര്‍ ഒന്നുതന്നെ -10.

ഇത്തവണ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളിലൊന്നിനെങ്കിലും എംബാപ്പെയ്ക്ക് സാധ്യത കല്പിക്കുന്നുണ്ട്. ഗോള്‍സ്‌കോറര്‍മാരില്‍ മെസ്സിക്കൊപ്പം മുന്നിലാണ് എംബാപ്പെ. അഞ്ചുഗോള്‍ ഇതിനകം നേടി. കൂടുതല്‍ ഗോള്‍ നേടി ഒറ്റയ്ക്ക് മുന്നിലെത്തുകയോ കൂടുതല്‍ ഗോളും അസിസ്റ്റുമായി മുന്നിലെത്തുകയോ ചെയ്താല്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം. ലോകകപ്പിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനു സാധ്യത കല്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലും എംബാപ്പെയുണ്ട്.

ഈ ലോകകപ്പ് നേടിയാല്‍ പെലെയുടെ അപൂര്‍വമായ മറ്റൊരു റെക്കോഡിനൊപ്പമെത്താന്‍ ഭാവിയില്‍ എംബാപ്പെയ്ക്ക് അവസരമുണ്ട്. മൂന്നുതവണ കപ്പടിക്കുകയെന്ന നേട്ടം. ഇനി രണ്ടു ലോകകപ്പുകളിലെങ്കിലും എംബാപ്പെ കളിക്കാന്‍ സാധ്യതയുണ്ടെന്നു കണക്കാക്കിയാല്‍ അതിലൊന്നില്‍ കപ്പടിക്കാന്‍ കഴിഞ്ഞാല്‍ പെലെയുടെ നേട്ടത്തിനൊപ്പമെത്താം.

നേട്ടങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടി ഫുട്ബോള്‍ ലോകം എംബാപ്പെയെ പലപ്പോഴും പെലെയുമായാണ് താരതമ്യംചെയ്യുന്നത്. പക്ഷേ, എംബാപ്പെ അതിഷ്ടപ്പെടുന്നില്ല. പെലെ അതുല്യനായൊരു താരമാണെന്ന് 2018 ലോകകപ്പിനിടെത്തന്നെ എംബാപ്പെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ തന്റെ രണ്ടുറെക്കോഡിനൊപ്പം എംബാപ്പെ എത്തിയപ്പോള്‍ പെലെ സാമൂഹികമാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു -'ഈ ക്ലബ്ബിലേക്കു സ്വാഗതം'.