കൊല്ലം: ആര്‍ക്കും പ്രായപരിധിയിൽ ഇളവ് കൊടുക്കാൻ പാർട്ടിയിൽ നിർദേശമുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. അത്തരത്തിലുള്ള നിര്‍ദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടേ കാര്യം പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണെന്നും തോമസ് ഐസക് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
ആര്‍ക്കും ഇളവ് കൊടുക്കാനുള്ള നിര്‍ദേശമില്ല. മുഖ്യമന്ത്രിയുടേത് പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണ്. അദ്ദേഹം ആ ഘടകത്തില്‍ അംഗമാണ്. സംസ്ഥാനഘടകത്തില്‍ ആര്‍ക്കും അത്തരത്തില്‍ ഇളവ് ഉണ്ടാകില്ലെന്നത് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നുമില്ല. - തോമസ് ഐസക് പറഞ്ഞു.
അതേസമയം സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള പോരായ്മകള്‍ കണ്ടെത്തി തിരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഐസക് പറഞ്ഞു. പോരായ്മകള്‍ കണ്ടെത്തി അത് തിരുത്താന്‍ സര്‍ക്കാരില്‍ മാത്രമല്ല പാര്‍ട്ടിയിലും ഞങ്ങള്‍ ശ്രമിക്കുകയാണ്. ആ ശ്രമങ്ങള്‍ നല്ലതോതില്‍ വിജയിക്കുന്നുമുണ്ട്. ഇപ്പോള്‍ പെന്ഷന് കുടിശ്ശികയൊന്നുമില്ലല്ലോ. എല്ലാം കൊടുത്തില്ലേ. ഇനി കൊടുക്കാനുണ്ടെങ്കില്‍ അത് കൊടുക്കുകയും ചെയ്യും. കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്ത് ഇടതുപക്ഷം വീണ്ടും കേരളത്തില്‍ അധികാരത്തില്‍ വരും.- ഐസക് കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ഒരു ചര്‍ച്ചയുമില്ലെന്നും മുന്‍ ധനകാര്യമന്ത്രി വ്യക്തമാക്കി. എന്തുകൊണ്ടാണ് കിഫ്ബി ബദലല്ലെന്നു പറയുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നയങ്ങള്‍ പ്രകാരം പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളെ ആശ്രയിച്ചേ പറ്റൂ. എന്നാല്‍ കിഫ്ബി വഴി ജനങ്ങളുടെ മേല്‍ ഭാരമേല്പ്പിക്കാതെ ഈ പശ്ചാത്തലസൗകര്യമൊരുക്കാന്‍ ഒരു പരിപാടിയുണ്ട്. അത് മോദിയുടെ കോര്‍പ്പറേറ്റ് രീതിക്ക് ബദലായിട്ടുള്ള ഒന്നാണ്. അത് തടയാന്‍ വേണ്ടിയിട്ട് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നു. അതിനെ മറികടക്കാന്‍ വേണ്ടി നമ്മളും ബദൽ നീക്കങ്ങള്‍ നടത്തുന്നു. ഇത് കേന്ദ്രത്തിനെതിരായിട്ടുള്ള ഫൈറ്റിന്റെ ഭാഗമാണ്. - ഐസക് കൂട്ടിച്ചേര്‍ത്തു.
അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും കരുതിയത്. എന്നാല്‍ ഇതെല്ലാം നടക്കുമെന്നും കേരളം മാറുമെന്നും കണ്ടുകഴിഞ്ഞപ്പോള്‍ തടയാനുള്ള നീക്കങ്ങളായി. ഇന്ത്യയില്‍ ഇതിന് മുമ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ചെയ്തുവന്ന കാര്യമാണിത്. ആന്വിറ്റി അടിസ്ഥാനത്തില്‍ പ്രോജക്ടുകള്‍ ചെയ്യുക. കേന്ദ്ര സര്‍ക്കാരും ചെയ്യുന്നതാണ്. നാഷണല്‍ ഹൈവേ അതോറിറ്റി വായ്പ എടുക്കുന്നതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ട് കിഫ്ബിയെടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധിയില്‍ നിന്ന് കുറയ്ക്കും എന്ന നിലപാടെടുത്തു. അപ്പോള്‍ പുതിയ രീതികള്‍ വേണ്ടി വരും. അതിന്റെ ഭാഗമായി ടോള്‍ വെക്കുമ്പോള്‍ കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: thomas isaac interview cpm state conference
Published: 08 Mar 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented