കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം. വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) സമ്മേളനത്തിന്‌ കൊടി ഉയർന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അം​ഗം എ.കെ ബാലനാണ് പ്രതിനിധിസമ്മേളന പതാക ഉയർത്തിയത്. 

To advertise here,

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് അതരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നയരേഖ അവതരിപ്പിക്കും. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഏഴിനും എട്ടിനും തുടരും. 

ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയാണ് പൊതുവേ ഉണ്ടാകാറുള്ളത്. എന്നാൽ വ്യാഴാഴ്ച പ്രവർത്തന റിപ്പോർട്ട് അവതരണത്തിനുശേഷം, മുഖ്യമന്ത്രി 'നവകേരളത്തിന് പുതുവഴികൾ' എന്ന രേഖ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എറണാകുളം സമ്മേളനത്തിൽ 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന രേഖ അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് എൽ.ഡി.എഫ്. അംഗീകരിച്ച സർക്കാരിനുള്ള നയരേഖയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സർവകലാശാലയടക്കം അനുവദിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ സമ്മേളനം അംഗീകരിച്ച രേഖയുടെ വിലയിരുത്തലും അതിൽ എത്രത്തോളം മുന്നോട്ടുപോകാനായി എന്ന പരിശോധനയും പുതിയ നയരേഖയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട പുതുവഴികളാണ് മുഖ്യമന്ത്രി സമ്മേളനത്തിൽ നിർദേശമായി അവതരിപ്പിക്കുക.

ബുധനാഴ്ച പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. കയ്യൂരില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക പി.കെ. ശ്രീമതി ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്ന് പ്രയാണമായി എത്തിയ ദീപശിഖ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. ശൂരനാട്ടുനിന്ന് ആരംഭിച്ച കൊടിമരജാഥയ്ക്ക കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയാണ് നേതൃത്വം നല്‍കിയത്. ജില്ലയിലെ 23 രക്തസാക്ഷിമണ്ഡപങ്ങളില്‍നിന്നുള്ള ദീപശിഖാപ്രയാണങ്ങളും സമ്മേളനനഗരിയില്‍ സംഗമിച്ചു.