
കൊല്ലം: പിണറായി വിജയനെ നായകനായി അംഗീകരിച്ച്, പ്രായപരിധി കർശനമായി നടപ്പാക്കാൻ സി.പി.എം. തീരുമാനം. പിണറായി വിജയനൊഴികെ 75 വയസ്സ് പൂർത്തിയായ ആർക്കും ഇളവു നൽകേണ്ടതില്ലെന്നാണ് ധാരണ. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണനും പാർട്ടി കമ്മിറ്റിയിൽനിന്ന് പുറത്താകില്ല. ജയരാജന് മേയിലും രാമകൃഷ്ണന് ജൂണിലുമാണ് 75 വയസ്സ് പൂർത്തിയാകുന്നത്. അതിനാൽ, 2025 ജനുവരിയിൽ 75 വയസ്സ് പൂർത്തിയായവരെ മാത്രം ഒഴിവാക്കിയാൽ മതിയെന്ന ധാരണയാണ് സി.പി.എം. നേതൃത്വത്തിലുള്ളത്.
രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള തീരുമാനങ്ങൾ സമ്മേളനത്തിലുണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. അതിൽ പ്രധാനപ്പെട്ടത്, പാർട്ടിയിൽ നടപ്പാക്കിയ എല്ലാ പരിഷ്കരണ നടപടികളിൽനിന്നും ഇളവുനൽകി പിണറായിയുടെ പാർലമെന്ററി നായകത്വം അംഗീകരിക്കപ്പെടും എന്നതാണ്. ഭരണത്തുടർച്ച എന്ന ചർച്ചയിലേക്കും അതിലേക്ക് എത്താനുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിലേക്കും സംസ്ഥാന സമ്മേളനം കടക്കുന്നുണ്ട്. വരുന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്താകണമെന്നതിന്റെ രേഖ പിണറായി വിജയൻ അവതരിപ്പിക്കുന്നുമുണ്ട്.
ഇതെല്ലാം, അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെയും മുന്നണിയെയും നയിക്കുന്നത് പിണറായി തന്നെയായിരിക്കുമെന്ന ബോധ്യത്തിലേക്ക് പാർട്ടി അംഗങ്ങളെ എത്തിക്കുന്നതാകും. തുടർച്ചയായി പാർലമെന്ററി രംഗത്ത് മത്സരിക്കുന്നത് വിലക്കിക്കൊണ്ട് രണ്ടു ടേം വ്യവസ്ഥ കൊണ്ടുവന്നത് പിണറായിയുടെ നേതൃത്വത്തിലാണ്. ഈ വ്യവസ്ഥകൾ തനിക്കും ബാധകമാണെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടുടേം വ്യവസ്ഥ മാറ്റണമെന്ന തീരുമാനം ഈ സമ്മേളനത്തിലുണ്ടാകാനിടയില്ല. അതിനാൽ, പിണറായി വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചും ഒരു തീരുമാനം സമ്മേളനത്തിന്റെ ഭാഗമായി വരില്ല. പക്ഷേ, പിണറായിതന്നെ ക്യാപ്റ്റൻ എന്ന രാഷ്ട്രീയസന്ദേശം സ്ഥാപിക്കുന്നതായിരിക്കും സമ്മേളനത്തിലെ ചർച്ചയുടെയും തീരുമാനത്തിന്റെയും ആകെത്തുക.
തിരിച്ചുവരവിന് ഇ.പി.
ഇ.പി.ജയരാജന്റെ സംഘടനാപദവിയാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറിയതിനുശേഷം, പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന ഇ.പി.ജയരാജൻ ഈ സമ്മേളനകാലത്ത് സജീവമായി രംഗത്തുണ്ട്. ഇതിന് രാഷ്ട്രീയമായ പ്രാധാന്യം കൽപ്പിക്കുന്നവരുണ്ട്. പാർട്ടി സംഘടനാതലത്തിലേക്ക് ജയരാജൻ ശക്തനായി തിരിച്ചുവരുമെന്ന സൂചന ചില നേതാക്കളും പങ്കുവെക്കുന്നത് അതുകൊണ്ടാണ്. നേതൃതലത്തിൽ അഴിച്ചുപണിയുണ്ടായാൽ ഇ.പി. പാർട്ടിയുടെ നായകനായി വന്നേക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. അല്ലെങ്കിൽ, ഒഴിവുവരുന്ന പൊളിറ്റ് ബ്യൂറോയിലേക്ക് അദ്ദേഹത്തെ ഉയർത്തിയേക്കും. മുന്നണി കൺവീനർ സ്ഥാനത്ത് ടി.പി.രാമകൃഷ്ണനെ നിലനിർത്തിത്തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് സി.പി.എം. ആലോചിക്കുന്നത്.
75 വയസ്സ് പൂർത്തിയാകാൻ രണ്ടുമാസം ബാക്കിയുള്ള ബംഗാളിലെ മൃദുൽ ദേ എന്ന നേതാവിനെ കണ്ണൂർ പാർട്ടി കോൺഗ്രസ് കേന്ദ്രകമ്മിറ്റിയിൽനിന്ന് മാറ്റിയിരുന്നു. അത്തരത്തിലുള്ള ഒരു നടപടി ഇ.പി.യുടെയും ടി.പി.യുടെയും കാര്യത്തിൽ ഉണ്ടാകില്ലെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
പി.കെ.ശ്രീമതിയുടെ കാര്യത്തിൽ എന്തുതീരുമാനമുണ്ടാകുമെന്നതും പ്രധാനമാണ്. സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രായപരിധിയിൽ പുറത്തുപോകേണ്ട മൂന്നുപേരിൽ ഒരാൾ പി.കെ.ശ്രീമതിയാണ്. ആനാവൂർ നാഗപ്പനും എ.കെ.ബാലനുമാണ് മറ്റ് രണ്ടുപേർ. ഇതിൽ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ പി.കെ.ശ്രീമിതിക്ക് തുടർച്ച നൽകിയേക്കുമെന്ന് പറയുന്നുണ്ട്. അത്തരം ഇളവുകൾ സമ്മേളനമാണ് തീരുമാനിക്കേണ്ടതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: cpm state conference pinarayi vijayan age limit
Published: 06 Mar 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented