കൃത്യം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോള്‍ ലയണല്‍ മെസ്സിയെന്ന റൊസാരിയോക്കാരന്‍ ഇതുപോലൊരു ദിവസം സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയില്‍ ലോകത്തോട് ഒരു പ്രഖ്യാപനം കൂടി നടത്തി മെസ്സി. രാജ്യത്തിനായി ഇനി ഒന്നും ചെയ്യാനില്ല. തന്നെ പരിഗണിക്കേണ്ടതില്ല. മെറ്റ്‌ലൈഫില്‍ അതുവരെ തലയുയര്‍ത്തി നിന്ന ലാറ്റിനമേരിക്കയുടെ രാജകുമാരന്‍മാര്‍ അന്ന് അപ്രസക്തമായി. ലോകം മെസ്സിയുടെ വാക്കുകള്‍ മാത്രം കേട്ടു. രാജ്യത്തിനായി ഇനിയൊന്നും മെസ്സിക്ക് നേടാന്‍ കഴിയില്ലെന്ന വിമര്‍ശനം. നിലയ്ക്കാത്ത പരിഹാസം. കരിയറില്‍ വ്യക്തിഗത നേട്ടങ്ങളുടേയും ക്ലബ്ബ് ട്രോഫികളുടേയും തിളക്കത്തില്‍ ഏറ്റവും മികച്ചവനെന്ന് വാഴ്ത്ത്‌പ്പെടുമ്പോഴും രാജ്യത്തിനായി ഒരു കിരീടം പോലും ഇല്ലെന്ന യാഥാര്‍ഥ്യം. എന്നാല്‍ 2024 കോപ്പയില്‍ വീണ്ടും അതേ മെറ്റ്‌ലൈഫില്‍ സെമി കളിക്കാനെത്തുമ്പോഴേക്കും കഥ ഒരുപാട് മാറി. കാലവും. ലോകകപ്പും കോപ്പയും നേടി അയാളുടെ കരിയറിന് പൂര്‍ണത കൈവന്നിരുന്നു.
മറ്റൊരു കോപ്പ ലക്ഷ്യമിട്ട് വീണ്ടും കളിക്കാനെത്തുമ്പോള്‍ ഒരു മോഹം മാത്രമേ മെസ്സിക്കുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തം ചാര്‍ത്തി കോപ്പയോട് വിടപറയുക. അര്‍ജന്റീനയെ ലാറ്റിനമേരിക്കയുടെ രാജാക്കന്‍മാരാക്കി മടങ്ങുക. ഡി മരിയയ്ക്ക് കിരീടത്തോടെ യാത്രായയപ്പ് നല്‍കുക. അതിനായി കലാശപ്പോരിനിറങ്ങിയ മെസ്സിക്ക് പക്ഷേ ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ പാതി വഴിയില്‍ പിന്‍വാങ്ങേണ്ടി വന്നു. ഡഗൗട്ടില്‍ നിന്ന് കണ്ണീരണിഞ്ഞു. എന്നാല്‍ കാലം കാത്തുവെച്ചത് കിരീടത്തിളക്കത്തോടെയുള്ള മടക്കം തന്നെയായിരുന്നു. ലൗട്ടാറോ രക്ഷകനായി അവതരിച്ചപ്പോള്‍ ഒരു ഗോളിന് കൊളംബിയയെ കീഴടക്കി മെസ്സി കോപ്പയില്‍ മുത്തമിട്ടു. രാജ്യത്തിനായി ഒന്നും ചെയ്യാനാവില്ലെന്ന് വിധിയെഴുതിയവന്റെ നാലാം അന്താരാഷ്ട്ര കിരീടം. ഇനി അയാള്‍ക്ക് മടങ്ങാം പൂര്‍ണതയുടെ പൊന്‍തിളക്കത്തോടെ.
ക്രൂശിക്കപ്പെട്ട 'മിശിഹ'
അദ്ഭുതങ്ങൾ ബൂട്ടിലൊളിപ്പിച്ചൊരു റൊസാരിയോക്കാരൻ പയ്യൻ ആ നീലയും വെള്ളയും നിറത്തിലുള്ള കുപ്പായമണിയാൻ തുടങ്ങിയതുമുതലാണ് പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെക്കുന്നത്. സ്‌പെയിനിലെ കളിത്തട്ടിൽ അപ്പോഴേക്കും മെസ്സി പയറ്റിത്തെളിഞ്ഞിരുന്നു. തട്ടകമായ ക്യാമ്പ്‌നൗവിലും സാന്റിയാഗോ ബെർണബ്യൂവിലും നിറഞ്ഞാടിയ പയ്യനിൽ അർജന്റീനക്കാർ പ്രത്യാശയുടെ കിരണങ്ങൾ കണ്ടു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺദ്യോർ വേദിയിലും തരംഗമായതോടെ മങ്ങലേറ്റ സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു.
2010-ലോകകപ്പിനെത്തിയ അർജന്റീനിയൻ സംഘത്തിൽ മെസ്സിക്കൊപ്പം മാറഡോണയുമുണ്ടായിരുന്നു. മെസ്സി മൈതാനത്തും മാറഡോണ വെള്ളവരയ്ക്കുപുറത്തും. എന്നാൽ കിരീടസ്വപ്‌നങ്ങൾക്ക് അടുത്തെത്തുംമുമ്പേ തന്നെ അവർ തിരിഞ്ഞുനടന്നു. മൈതാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച മാറഡോണയ്ക്ക് പരിശീലകവേഷത്തിൽ ആ സ്വപ്‌നദൂരം താണ്ടാനാകാതെ വന്നു.
നാല് വർഷങ്ങൾക്കിപ്പുറം 2014-ൽ ലോകകപ്പിനെത്തുമ്പോഴേക്കും മെസ്സി അവരുടെ മിശിഹയായി മാറിയിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളത്രയും മെസ്സിയുടെ ചുമലിലായിരുന്നു. കരിയറിലെ തന്നെ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി ലോകകപ്പിലും ആ പ്രകടനം തുടർന്നു. അങ്ങനെ രണ്ട് പതിറ്റാണ്ടിനുശേഷം അവർ ഫൈനലിലുമെത്തി. ഇത്തവണ കാത്തിരിപ്പിന് വിരാമമാകുമെന്ന് അർജന്റീനക്കാർ ഉറച്ചുവിശ്വസിച്ചു. കാലങ്ങളായി ഞങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത് നിങ്ങളേ പോലൊരു നായകനെയായിരുന്നല്ലോ എന്ന് അവർ മന്ത്രിച്ചു.
പക്ഷേ കലാശപ്പോരിന്റെ 113-ാം മിനിറ്റിൽ ഗോട്‌സെ വെടിയുതിർത്തു. ജർമൻകാർ ആഹ്ലാദത്തിലാറാടി. അവസാനസെക്കന്റുവരെ അർജന്റീനക്കാർ ഒരു തിരിച്ചടിക്കായി കാത്തിരുന്നു. പെനാൽറ്റി ബോക്‌സിന് പുറത്ത് വെച്ച് കിട്ടിയ ഫ്രീകിക്ക് അവസാന പ്രതീക്ഷയായിരുന്നു. ഗോൾവലയിലേക്ക് ഒരു കിക്ക്, ഒരേയൊരു കിക്ക്. സ്‌പെയിനിലും യൂറോപ്പിലും മാരിവില്ലഴകുകൾ വിരിയിച്ച ആ ബൂട്ടിൽ നിന്ന് ജീവൻ തിരികെ പിടിക്കാൻ അത് വേണമായിരുന്നു അവർക്ക്. പക്ഷേ ഗോൾബാറിന് മുകളിലൂടെ ആ പന്തിനൊപ്പം അവരുടെ പ്രതീക്ഷകളും ലക്ഷ്യം തെറ്റി പറന്നകന്നു.
കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടിട്ടാണ് മെസ്സിപ്പട വീണ്ടും വിശ്വം കീഴടക്കാനെത്തിയത്. 2015-ലും 2016-ലും കാലിടറി. ഇനി രാജ്യത്തിനായി കളിക്കാനില്ലെന്ന് പറഞ്ഞ് തിരിഞ്ഞുനടന്നു. പക്ഷേ താനില്ലാതെ പകച്ചുനിന്ന,കൂട്ടത്തോൽവികളാൽ പതറി നിന്ന രാജ്യത്തിനായി അയാൾ തിരിച്ചുവന്നു. എങ്കിലും അർജന്റീനയ്ക്ക് വീണ്ടും പിഴച്ചു. മിന്നും താരങ്ങളൊന്നുമില്ലാതെ ഉഴറിയ അർജന്റീന 2018-ലോകകപ്പിന് യോഗ്യതനേടുന്നത് പോലും അവസാനഘട്ടത്തിലാണ്. ലോകകപ്പിലും അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പറത്തായി. ഇനി അർജന്റീനയ്ക്ക് അടുത്തകാലത്തൊന്നും കിരീടം നേടാനാകില്ലെന്ന വിലയിരുത്തലുകൾ വന്നു. മെസ്സിക്ക് ഇനി ഒന്നും ചെയ്യാനാകില്ലെന്ന വിമർശനങ്ങളും.
വ്യക്തിഗതനേട്ടങ്ങളും ക്ലബ്ബിനായുള്ള കിരീടക്കണക്കുകളും കൊണ്ട് സമ്പന്നനായ മെസ്സിക്ക് അർജന്റീനയ്ക്കായി ഒരു കിരീടം നേടി ആ കരിയർ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. ആ ഇതിഹാസത്തിന്റെ പൂർണതയ്ക്ക് ഒരു രാജ്യാന്തര കിരീടത്തിന്റെ അനിവാര്യതയുണ്ടായിരുന്നു. കളിക്കളത്തിലെ ചെയ്തികൾ ഒരിക്കലും മെസ്സിയെ കുറ്റവിമുക്തനാക്കിയില്ല. അതിന് അന്താരാഷ്ട്ര കിരീടമല്ലാതെ മറ്റൊരു മറുമരുന്നും പ്രായോഗികവുമായിരുന്നില്ല.
മെസ്സിയുടെ ഉയിർത്തെഴുന്നേൽപ്പ്
2021-കോപ്പ അമേരിക്ക മെസ്സിക്ക് അവസാനത്തെ അവസരമായിരുന്നു. പുത്തൻ താരങ്ങളെ വാർത്തെടുത്ത് ടീമിനെയൊരുക്കിയ പരിശീലകൻ സ്‌കലോണി ആരാധകർക്ക് പ്രതീക്ഷ നൽകി. ഇപ്പോഴല്ലെങ്കിൽ പിന്നെയില്ലെന്ന യാഥാർഥ്യത്തെ ബൂട്ടുകളിലാവാഹിച്ച് മെസ്സി ചരിത്രമെഴുതാനിറങ്ങി. അതുവരെ ഉയർന്നുവന്ന എല്ലാ വിമർശനങ്ങളേയും ആ ഒരൊറ്റ ടൂർണമെന്റുകൊണ്ട് മെസ്സി തട്ടിത്തെറിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സ്വപ്‌നഫൈനലിൽ ബ്രസീലിനെ കീഴടക്കിക്കൊണ്ട് അർജന്റീന കോപ്പയിൽ മുത്തമിട്ടു. മാറക്കാനയിലെ ആൽബിസെലസ്റ്റൻ തിരമാലകൾക്ക് നടുവിൽ മെസ്സി ആനന്ദനൃത്തമാടി. രാജ്യത്തിനായി കിരീടമില്ലെന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കൂടി അറുതി വരുത്തി. പിന്നാലെ വൻകരകളിലെ ചാമ്പ്യന്മാരുടെ ഫൈനലിസിമ പോരാട്ടത്തിലും അർജന്റീന വിജയിച്ചു.
വർഷങ്ങൾക്കിപ്പുറം ഖത്തറിലെ തണുപ്പുകാലം ഒരു സ്വർണക്കപ്പുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. കരിയറിന് വിശ്വവിജയത്തിന്റെ തിളക്കമേകാനുള്ള അവസാനത്തെ അവസരമാണത്. ലോകകപ്പ് വിജയങ്ങൾക്ക് ചരിത്രപരമായ സവിശേഷതകളാണുള്ളത്. അത് എക്കാലവും രേഖപ്പെടുത്തിവെക്കുന്നവയും ചരിത്രത്തിൽ ഒരു കളിക്കാരനെ അടയാളപ്പെടുത്തുന്നതു കൂടിയാണ്. ഇതിഹാസങ്ങളായ ഡി സ്റ്റിഫാനോയേയും യുസേബിയോയും ഫെറങ്ക് പുഷ്‌കാസുമൊക്കെ പെലെയ്ക്ക് പിന്നിലാകുന്നതും അവർക്കൊരു ലോകകപ്പ് വിജയമില്ലെന്നതാണ്. അതുവരെ മാറഡോണയെ മെസ്സിയേക്കാൾ കേമനാക്കിയിരുന്നതും മറ്റൊന്നുമായിരുന്നില്ല.
പിന്നെ മിശിഹയും മാലാഖയുമടക്കമൊരു പോരാളികൂട്ടം ഖത്തറിലെത്തിയതും പ്രതാപവുമോർമിപ്പിച്ച് കളിക്കാനിറങ്ങിയതും കാലിടറിയതും കര കയറിയതുമെല്ലാം ചരിത്രമാണ്. ഒരിക്കലും മായാത്ത ചരിത്രം. ആദ്യ മത്സരത്തിൽ പക്ഷേ സൗദിയോട് അപ്രതീക്ഷിത തോൽവിയേറ്റു. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലൂടെ മെസ്സിപ്പട തിരിഞ്ഞുനടന്നു. ആ പത്താം നമ്പറുകാരന്റെ സ്വപ്‌നങ്ങളിത്തവണയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തകർന്നുടയുമെന്ന വിലയിരുത്തൽ. എന്നാൽ സ്‌കലോണി ടീമിനെ ഒരുക്കിനിർത്തി. പതിവുപോലെ പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞു. പിന്നീടൊരു മത്സരവും അർജന്റീന തോറ്റിട്ടില്ല. എതിരാളികളെയെല്ലാം തകർത്തെറിഞ്ഞ് കലാശപ്പോരിലേക്ക്...
ജീവനും മരണത്തിനുമിടയിലങ്ങനെ കുമ്മായം കൊണ്ട് വരച്ചുനിർത്തിയ ആ ബോക്‌സിനുള്ളിൽ നിന്ന് കലാശപ്പോരിലെ 23-ാം മിനിറ്റിൽ ആ കിക്കെടുക്കുമ്പോൾ ഭൂതകാലമങ്ങനെ ഓർമയിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. പലതവണ നിരായുധനായി മടങ്ങേണ്ടി വന്ന ആ സ്‌പോട്ടിൽ നിന്ന് ഹ്യൂഗോ ലോറിസ്സങ്ങനെ ഏകാന്തനായി നിൽക്കുമ്പോൾ ഗാലറി ഒന്നടങ്കം നിശബ്ദമായിരുന്നു. സ്വാഭാവികമായും സമ്മർദത്തിനടിപ്പെടേണ്ട ആ നിമിഷം പക്ഷേ ഇത്തവണ അയാൾ അതിശയിപ്പിക്കുന്ന അനായാസതയോടെ വലയിലെത്തിച്ചു. പിന്നാലെ മാലാഖയും വലകുലുക്കി.
കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസിൽ മുഴക്കുന്നതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഇരുട്ട് നിറഞ്ഞ കോണിൽ ആ സ്വപ്‌നക്കിരീടം അയാളേയും കാത്തുനിന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചതല്ലാതെ ലോകം ആ മത്സരം വീക്ഷിച്ചിട്ടുണ്ടാകില്ല. അവസാന മിനിറ്റുകളിൽ എംബാപ്പേയുടെ തിരിച്ചടി. അർജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്‌സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാൽറ്റി ഷൂട്ടൗട്ട്. ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. കരിയറിന് പൂർണതയും കൈവന്നു.
ലോകം ജയിച്ചതിൽ പിന്നെ സമ്മർദങ്ങളേതുമില്ലാതെയാണ് മെസ്സി തന്റെ അവസാന കോപ്പ അമേരിക്കയ്ക്ക് ബൂട്ടുകെട്ടിയിറങ്ങിയത്. വിജയത്തോടെ സഹതാരം ഡി മരിയയെ യാത്രയയക്കുകയെന്ന മോഹവും. കടമ്പകളെല്ലാം ഒന്നൊന്നായി മറികടന്ന് മെസ്സിപ്പട ലാറ്റിനമേരിക്കയുടെ രാജാക്കൻമാരായി. മെസ്സിയുടെ നാലാമത്തെ അന്താരാഷ്ട്ര കിരീടം. രാജ്യത്തിനായി ഒന്നും ചെയ്യാനാവില്ലെന്ന് വിധിയെഴുതിയവർ ഇത് കാണണം. ഇത് മിശിഹയുടെ ഉയിർത്തെഴുന്നേൽപ്പാണ്. കിരീടങ്ങൾ കൊണ്ട് സമ്പന്നനാണയാൾ. ഇനി വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മൂർച്ചയുണ്ടാവില്ലെന്നുറപ്പാണ്. സമ്മർദങ്ങളില്ലാതെ വീർപ്പുമുട്ടലുകളില്ലാതെ ആ റൊസാരിയോക്കാരന് ഇനി മടങ്ങാം.
Content Highlights: messi career argentina national team world cup and copa america journey
Published: 15 Jul 2024, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented