എക്‌സ്ട്രാടൈമിൽ ലൗട്ടാറോ മാർട്ടിനെസിന്റെ പവർഫുൾ ഷോട്ട് കൊളംബിയൻ ഗോളി കാമിലോ വർഗാസിന്റെ തലയ്ക്കുമുകളിലൂടെ വലയിൽവീണപ്പോൾ ഒരു പതിനാറുകാരൻ നേരിട്ട അവഗണനയുടെ മുറിവുകൂടിയാണ് ഉണങ്ങിയത്. വേഗവും കരുത്തുമില്ലെന്നു പറഞ്ഞ് പത്തുവർഷംമുമ്പ് ബൊക്ക ജൂനിയേഴ്‌സ് ടീമിലെടുക്കാതെ തിരിച്ചയച്ചപ്പോൾ ഫുട്‌ബോൾതന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു അർജൻറീനക്കാരൻ താരം.

To advertise here,

അന്ന് ലൈനിയേഴ്‌സിൽനിന്ന് റെയ്‌സിങ് ക്ലബ്ബിലേക്കുള്ള ലൗട്ടാറോയുടെ മാറ്റത്തിന്റെ സമയംകൂടിയായിരുന്നു. പുതിയ സാഹചര്യവും കൂട്ടുകാരുമായി ഒത്തുപോകാൻ കഴിയാതിരുന്നതും ബഹിയ ബ്ലാങ്കയിലുള്ള വീട്ടിലേക്ക് അവന് ഓടിപ്പോകാൻതോന്നി. ഉറ്റചങ്ങാതിയായ മാൻസില്ലയ്ക്ക് താൻകാരണം റേസിങ് ക്ലബ്ബിലെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയവും പിടികൂടി. ഉറക്കമില്ലാത്ത രാത്രികളിൽ എന്നെന്നേക്കുമായി ബൂട്ടഴിക്കുന്നതു മാത്രമായിരുന്നു മനസ്സിൽ. എന്നാൽ, ചങ്ങാതിയെ തിരിച്ചറിഞ്ഞ മാൻസില്ല ഒപ്പംനിന്നു. തന്റെ സ്ഥാനം നഷ്ടമായാലും ലൗട്ടൗറോയുടെ പ്രതിഭ ഫുട്‌ബോളിന് ആവശ്യമുണ്ടെന്ന തിരിച്ചറിവായിരുന്നു ആ കൈത്താങ്ങിനുപിന്നിൽ. നമ്മൾ രണ്ടുപേരും ഫൈനൽ ഇലവനിൽ സ്ഥാനംനേടുമെന്നും ക്ലബ്ബ് ഉപേക്ഷിച്ചുപോയാൽ ഇരുട്ടുമാത്രമായിരിക്കും അവശേഷിക്കുകയെന്നും മാൻസില്ല ഉപദേശിച്ചു. ഇടയ്ക്ക് കൂട്ടുകാരന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും ചീത്തവിളിച്ചു. ഒടുവിൽ മനസ്സുമാറ്റി ബൂട്ട് മുറുക്കിക്കെട്ടാൻതന്നെ തീരുമാനമെടുത്തു. അവിടെനിന്നിങ്ങോട്ട് ഉയർച്ചതാഴ്ചകളുടെ പന്താട്ടമാണ് കരിയറിൽ കണ്ടത്.

ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനിലും അർജന്റീനയുടെ ദേശീയജേഴ്‌സിയിലും ഒരേവർഷമായിരുന്നു അരങ്ങേറ്റം. അന്ന് പ്രായം 21. ലൗട്ടാറോ ടീമിലെത്തിയശേഷം 2019-ലെ കോപ്പയൊഴികെയുള്ള ടൂർണമെന്റുകളിലെല്ലാം അർജന്റീന കിരീടം വാനിലേക്കുയർത്തി. 2020 കോപ്പയിൽ മൂന്ന് ഗോളുകളോടെ ശ്രദ്ധാകേന്ദ്രമായി. അതിൽ കൊളംബിയക്കെതിരായ സെമിഫൈനലിലെ നിർണായക ഗോളുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഫൈനിലിസിമയിൽ ഇറ്റലിയെ തുരത്തിയപ്പോൾ താരം തന്റെ പങ്കുനൽകി. ഇത്തവണ അഞ്ചുഗോളുമായി കോപ്പ നിറച്ചു. ആറുമത്സരങ്ങളിൽ നാലിലും പകരക്കാരനായി ഇറങ്ങിയാണ് ലൗട്ടാറോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് നേടിയത്. കാളയെന്ന് അർഥമുള്ള ‘എൽ ടോറോ’ എന്നാണ് താരത്തിന്റെ വിളിപ്പേര്. ടൂർണമെന്റിലെ പ്രകടനവും ആ വിളിപ്പേരിനൊത്തതായിരുന്നു.