മിശിഹയുടെയും മാലാഖയുടെയും ജീവിതത്തെ വീരപരിവേഷം നൽകി തിരുത്തിയെഴുതിയ കഥയിലെ നായകന്റെ പേരാണ് ലയണൽ സെബാസ്റ്റ്യൻ സ്കലോണി. തോറ്റു പോയ ജനതയ്ക്ക് ഉയിരേകിയ മനുഷ്യൻ. കണ്ണീരുകൊണ്ട് നെഞ്ചുകീറിക്കരഞ്ഞ ആൽബിസെലസ്റ്റൻ നിരയെ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിർത്തിച്ച ആശാൻ. ലാറ്റിനമേരിക്കൻ കേളീശൈലിയുടെ സൗന്ദര്യത്തെ കാൽപ്പനികതയിലൂടെയല്ല, പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞാണ് സ്‌കലോണി അവരുടെ സ്വപ്‌നങ്ങളെ പുനര്‍ജനിപ്പിച്ചത്. 2016 ൽ ലയണൽ മെസ്സി രാജ്യത്തിനായി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മടങ്ങിയപ്പോൾ ഉള്ളുതകർന്ന് വിങ്ങിപ്പൊട്ടിയവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു അയാൾ. ലിയോ പോകരുതെന്ന് കുറിച്ചിട്ടു. ആ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അതേ മെസ്സിയേയും കൊണ്ട് 2024 കോപ്പയിലേക്കുള്ള വരവ് അവരെ ലോകഫുട്ബോളിന്റെ തലപ്പത്തെത്തിച്ചായിരുന്നു. ലോകകപ്പും രണ്ട് കോപ്പയും സ്കലോണി നേടിക്കൊടുത്തു. ലോകഫുട്ബോളിലെ ഏത് ശക്തിയേയും വീഴ്ത്താനുള്ള പ്രഖ്യാപനം. അടവുകൾ ഏത് പയറ്റിയാലും മറുതന്ത്രമൊരുക്കുന്ന സ്കലോണി മാജിക്. ഇനി അയാൾക്ക് മുന്നിൽ ഫൈനലിസ്സിമ പോരാട്ടമാണ്. യൂറോപ്പിന്റെ രാജാക്കൻമാരായ സ്പാനിഷ് സംഘമാണ് എതിരാളികൾ. യമാലും നിക്കോയുമടക്കം യുവനിരയുടെ നിലയ്ക്കാത്ത ആക്രമണമാണ് എതിരാളികളെ വിറപ്പിക്കുന്നത്. ലൂയിസ് ഫുഎൻഡെയുടെ തന്ത്രങ്ങൾക്ക് സ്കലോണി എന്ത് മറുപടി നൽകും. ലോകം കാത്തിരിക്കുകയാണ്.
ആറ് വർഷങ്ങൾക്ക് മുമ്പ് 2018-ലോകകപ്പിനെത്തുമ്പോള്‍ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അര്‍ജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകര്‍ന്നടിഞ്ഞ ടീം. യൂറോപ്യന്‍ ലീഗുകളില്‍ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങള്‍ ഉയര്‍ന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്.

സാംപോളി ടീമിന്റെ പരിശീലകക്കുപ്പായമണിയാന്‍ തുടങ്ങിയിട്ടും കളിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പലപ്പോഴും മെസ്സിയുടെ തോളിലേറിയാണ് ടീം പരാജയത്തില്‍ നിന്ന് കരകയറിയിരുന്നത്. ഒരു സ്ഥിരം ഫോര്‍മേഷനോ പൊസിഷനുകളില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന കളിക്കാരോ വിരളമായിരുന്നു. അര്‍ജന്റീനിയന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളായിരുന്നു ടീമിലധികവും. ലോകകപ്പില്‍ പന്ത് തട്ടാനിറങ്ങിയ സംഘം പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. തോല്‍വിയെത്തുടര്‍ന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണല്‍ സ്‌കലോണിയ്ക്ക് അര്‍ജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറുന്നത്.
യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്‌കലോണി പുത്തന്‍ ടീമിനെ വാര്‍ത്തെടുത്തു. റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലേക്ക് വന്നതോടെ അര്‍ജന്റീനയ്ക്ക് പുതിയ ഭാവം കൈവന്നു. മുന്നേറ്റത്തില്‍ മെസ്സി പടനയിച്ചിറങ്ങുമ്പോള്‍ മധ്യനിരയിലെ നെടുംതൂണായി ഡി പോള്‍ ഉറച്ചുനിന്നു. പ്രതിരോധത്തില്‍ ക്രിസ്റ്റ്യൻ റോമേറോയും ഗോള്‍ ബാറിന് കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും. പഴയ അര്‍ജന്റീനിയന്‍ ശൈലിയെ കൈവെടിഞ്ഞ സ്‌കലോണി യൂറോപ്യന്‍ രീതികൾ ഉള്‍ച്ചേര്‍ന്നാണ് തന്ത്രങ്ങളൊരുക്കിയത്. പ്രായോഗികതയാണ് സ്‌കലോണി ആധാരമാക്കിയത്. മത്സരങ്ങള്‍ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു.
എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് സ്‌കലോണിപ്പട 2021 കോപ്പയില്‍ മുന്നേറിയത്. സ്വപ്‌നഫൈനലില്‍ ചിരവൈരികളായ ബ്രസീലായിരുന്നു എതിരാളികള്‍. സെമിഫൈനലില്‍നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഫൈനലില്‍ ബ്രസീലിനെ നേരിട്ടത്. ടൂര്‍ണമെന്റിലതുവരെ ആദ്യ പതിനൊന്നിലിടംപിടിക്കാതിരുന്ന എയ്ഞ്ചല്‍ ഡി മരിയയെ കൊണ്ടുവന്നതടക്കം തന്ത്രപരമായിരുന്നു സ്‌കലോണിയുടെ ഓരോ നീക്കങ്ങളും. ടൂര്‍ണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി രാജകീയമായാണ് സ്‌കലോണിപ്പട കിരീടത്തില്‍ മുത്തമിട്ടത്.
രാജ്യത്തിനായി പിന്നീട് കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അര്‍ജന്റീന അപരാജിത കുതിപ്പ് തുടര്‍ന്നു. അതിനിടയില്‍ വന്‍കരയിലെ ചാമ്പ്യന്‍മാരുടെ പോരാട്ടവും വന്നു. യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ജയത്തേക്കാള്‍ അര്‍ജന്റീനയുടെ കളി കണ്ടാണ് കായികലോകം അത്ഭുതപ്പെട്ടത്. കളിയുടെ സര്‍വമേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന ഫൈനലിസ്സിമ ട്രോഫി നേടിയത്. അങ്ങനെയാണ് സ്‌കലോണിയും സംഘവും ഖത്തറിലെത്തുന്നത്.

ഖത്തറിലെ സ്‌കലോണി 'മാജിക്'
അത് വരെയുള്ള എല്ലാ പ്രവചനങ്ങളും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചിന്നിച്ചിതറി. സൗദിക്കു മുന്നില്‍ സ്‌കലോണിയും സംഘവും കളിമറന്നു. മധ്യനിരയില്‍ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയില്‍ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീല്‍ഡര്‍മാരെ വിദഗ്ദമായി ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.
മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങള്‍ ഒരുക്കിയത്. മധ്യനിരയില്‍ കളി മെനയാന്‍ ആരും മുതിര്‍ന്നില്ല. മൂന്ന തവണ അര്‍ജന്റീന അടിച്ച ഗോളുകള്‍ ഓഫ്‌സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെന്‍സീഫ് ലൈന്‍ ഭേദിച്ചു മാത്രം മുന്നേറാനാണ് അര്‍ജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാള്‍ നടപ്പാക്കിയില്ല.
തന്ത്രം പാളുമ്പോള്‍ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെളളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ തടയാന്‍ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാള്‍ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റര്‍ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങില്‍ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങില്‍ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ, മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.
ജീവന്‍മരണപോരാട്ടമായിരുന്നു മെക്‌സിക്കോയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഇനി തോറ്റാല്‍ പുറത്തേക്കാണെന്ന ബോധ്യത്തില്‍ കളിക്കാരേയും നടപ്പിലാക്കേണ്ട തന്ത്രങ്ങളേയും പുതുക്കിയാണ് അര്‍ജന്റീന മൈതാനത്തിറങ്ങിയത്. ശക്തമായ പ്രതിരോധമുള്ള ടീമുകളിലൊന്നാണ് മെക്‌സിക്കോ. പ്രതിരോധക്കോട്ടപ്പിളര്‍ന്നാലും ഗോള്‍ബാറിന് കീഴില്‍ അത്ഭുതം കാണിക്കുന്ന ഗ്വില്ലര്‍മോ ഓച്ചാവോ എന്ന 13-ാം നമ്പറുകാരനുമുണ്ട്. പപ്പുവിനും പാരഡസിനും പകരം ഗൈഡോ റോഡ്രിഗസും അലെക്‌സിസ് മാക് അലിസ്റ്ററും മധ്യനിരയിലേക്കിറങ്ങി.
ആദ്യ പകുതിയില്‍ അര്‍ജന്റീന ശരാശരി നിലവാരത്തിനൊത്ത പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വിരസമായ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസും എന്‍സോ ഫെര്‍ണാണ്ടസും കളത്തിലിറങ്ങിയതോടെ കളി മാറി. മെസ്സി ആദ്യ ഗോളടിച്ചപ്പോള്‍ എന്‍സോ രണ്ടാമതും വലകുലുക്കി. അങ്ങനെയാണ് മെക്‌സിക്കന്‍ തിരമാലകള്‍ നിശബ്ദമാകുന്നത്. ജീവന്‍ തിരികെ പിടിച്ച് മെസ്സിപ്പട അടുത്ത മത്സരത്തിന് തയ്യാറെടുത്തു.
ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങിയ അര്‍ജന്റീനയെ കാത്തുനിന്നത് പോളണ്ടിന്റെ ഇരട്ട പ്രതിരോധഭിത്തിയായിരുന്നു. ടീമിലെ പത്തോളം പേര്‍ പെനാല്‍റ്റി ബോക്‌സില്‍ കാവല്‍നിന്നു. മെസ്സിയും സംഘവും നിരന്തരം ആക്രമണങ്ങളുതിര്‍ത്തിട്ടും ആദ്യ പകുതി വലകുലുക്കാനായില്ല. മെസ്സിയുടെ പെനാല്‍റ്റി പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി തട്ടിയകറ്റി. ആ പ്രതിരോധക്കോട്ട എങ്ങനെയാണ് അര്‍ജന്റീന പിളര്‍ക്കുകയെന്ന ആശങ്കകള്‍ക്കുമുകളില്‍ മാക് അലിസ്റ്റര്‍ ആദ്യ വെടിയുതിര്‍ത്തു. പിന്നെ പോളണ്ടിന്റെ എല്ലാ പ്രതിരോധക്കോട്ടകളേയും ഉലച്ചുകൊണ്ട് മെസ്സിയും സംഘവും നിറഞ്ഞാടി. ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോളുമടിച്ച് അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി. ഒപ്പം പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റും.

ഓസ്‌ട്രേലിയയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരമെത്തുമ്പോഴേക്കും അര്‍ജന്റീനയുടെ മധ്യനിര സുശക്തമായിരുന്നു. റോഡ്രിഗോ ഡി പോളും എന്‍സോയും അലെക്‌സിസ് മാക് അലിസ്റ്ററും മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി. പരിക്കേറ്റ ഡി മരിയക്കുപകരം പപ്പു ഗോമസാണിറങ്ങിയത്. പ്രതിരോധക്കോട്ടകളെല്ലാം പൊളിച്ച് മെസ്സി മായാജാലം കാട്ടിയപ്പോള്‍ ഓസ്‌ട്രേലിയക്കും പിടിച്ചുനില്‍ക്കാനായില്ല. അല്‍വാരസ് രണ്ടാം ഗോളടിച്ച് കത്തിക്കയറി. ആധിപത്യത്തോടെയാണ് അര്‍ജന്റീന സോക്കറൂസിനെതിരേ കളിച്ചതും ജയിച്ചതും.
എന്നാല്‍ ക്വാര്‍ട്ടറില്‍ സ്‌കലോണി വീണ്ടും തന്ത്രം മാറ്റി. കരുത്തരായ ഡച്ച്പട അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുമെന്ന കണക്കുകൂട്ടലില്‍ മൂന്ന് സെന്റര്‍ബാക്കുകളെ സ്‌കലോണി ടീമിലിറക്കി. ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഒട്ടാമന്‍ഡിയും റൊമേറോയും ലിസാന്‍ഡ്രോയും ചേര്‍ന്ന് പ്രതിരോധപ്പൂട്ടിട്ടു. നെതര്‍ലന്‍ഡ്‌സിന്റെ മധ്യനിരയും പ്രതിരോധവും മികച്ചതാണ്. മൈതാനത്ത് സ്‌കലോണിയും സംഘവും സ്‌കലോണിയുടെ നീക്കങ്ങളെയെല്ലാം വിഫലമാക്കി. മെസ്സിയുടെ മിന്നല്‍നീക്കങ്ങളും ചേര്‍ന്നപ്പോള്‍ രണ്ടുഗോളിന് അര്‍ജന്റീന മുന്നിട്ടുനിന്നു.
എന്നാല്‍ അക്യൂനയേയും റൊമേറോയേയും പിന്‍വലിച്ചതോടെ അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ നെതര്‍ലന്‍ഡ്‌സും വിള്ളലുകളുണ്ടാക്കി. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കുകയും ചെയ്തു. പിന്നീട് അര്‍ജന്റീന ഡച്ച് ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ട് തന്നെ മത്സരത്തിന്റെ വിധിയെഴുതി. എമിലിയാനോ മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായപ്പോള്‍ അര്‍ജന്റീന സെമിയിലേക്ക് മുന്നേറി.
സെമിയിലും ക്രൊയേഷ്യയെ പഠിച്ചാണ് സ്‌കലോണി വന്നത്. ലോകത്തിലെ തന്നെ മികച്ച മധ്യനിരയുള്ള ടീമുകളിലൊന്നാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചും ബ്രൊസോവിച്ചും കൊവാസിച്ചും ഏത് പ്രതിരോധവും പിളര്‍ക്കാന്‍ പോന്നവരാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരേ മോഡ്രിച്ചും സംഘവും കളം അടക്കിവാഴുന്നതാണ് കണ്ടത്. അതിനാല്‍ മികച്ചൊരു മധ്യനിരയെ കളത്തിലിറക്കാതെ മത്സരത്തില്‍ ആധ്യപത്യം പുലര്‍ത്താനാകില്ലെന്ന വിലയിരുത്തലില്‍ പാരഡസിനേയും മൈതാനത്തിറക്കിക്കൊണ്ട് നാല് മധ്യനിരതാരങ്ങളുമായാണ് അര്‍ജന്റീന കളിച്ചത്.
ആദ്യം ക്രൊയേഷ്യയാണ് പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മധ്യനിരയില്‍ മോഡ്രിച്ച് പതിവ് പ്രകടനം തുടര്‍ന്നതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. പ്രതിരോധത്തില്‍ അല്‍പ്പം വലിഞ്ഞാണ് മെസ്സിപ്പട കളിച്ചത്. എന്നാല്‍ പതിയെ പതിയെ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അര്‍ജന്റീന കളം നിറഞ്ഞു. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ആദ്യ ഗോളടിച്ചു. മിനിറ്റുകള്‍ക്കകം മികച്ചൊരു സോളോ ഗോളിലൂടെ അല്‍വാരസും. അതോടെ ക്രൊയേഷ്യയുടെ പിടിവിട്ടു. പിന്നെ അര്‍ജന്റീന കളിയുടെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നു.
രണ്ടാം പകുതിയില്‍ പാരഡസിന് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ കളത്തിലിറക്കി സ്‌കലോണി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ ക്രൊയേഷ്യ കീഴടങ്ങി. പക്ഷേ അര്‍ജന്റീന അവസാനിപ്പിച്ചില്ല. മെസ്സിയും. 2018-ലോകകപ്പിലെ ഒരു കടം വീട്ടാനുണ്ടായിരുന്നു അവര്‍ക്ക്. മെസ്സി വലതുവിങ്ങിലൂടെ നിറഞ്ഞാടി. ക്രൊയേഷ്യന്‍ പ്രതിരോധതാരങ്ങളെയെല്ലാം വെട്ടിച്ച് ബോക്‌സിലേക്ക് പന്ത് നീട്ടി. അനായാസം വലകുലുക്കി അല്‍വാരസ് മത്സരത്തിലെ രണ്ടാം ഗോളും നേടിയതോടെ ലുസെയ്‌ലില്‍ ആല്‍ബിസെലസ്റ്റന്‍ തിരമാലകള്‍ ആര്‍ത്തലച്ചെത്തി. ഒടുക്കം ഫൈനലിലേക്കുള്ള ടിക്കറ്റും.

ഫൈനലില്‍ ഫ്രാന്‍സിനെതിരേ മിശിഹയ്‌ക്കൊപ്പം മാലാഖയേയും കളത്തിലിറക്കിയാണ് സ്‌കലോണി ടീമിനെ ഒരുക്കിയത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് തന്ത്രമൊരുക്കിയത്. ആദ്യ പകുതി ആധികാരികമായിരുന്നു അര്‍ജന്റീനയുടെ പ്രകടനം. രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതി കളി മാറി. 64-ാം മിനിറ്റില്‍ ഡി മരിയയെ സ്‌കലോണി കളത്തില്‍ നിന്ന് പിന്‍വലിച്ചു.
കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസില്‍ മുഴക്കുന്നതുവരെ ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ഇരുട്ട് നിറഞ്ഞ കോണില്‍ ആ സ്വപ്‌നക്കിരീടം അയാളേയും കാത്തുനിന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചല്ലാതെ ലോകം ആ മത്സരം വീക്ഷിച്ചിട്ടുണ്ടാകില്ല. അവസാന മിനിറ്റുകളില്‍ എംബാപ്പേയുടെ തിരിച്ചടി. അര്‍ജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്‌സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാല്‍റ്റി ഷൂട്ടൗട്ട്. ഒടുക്കം ഷൂട്ടൗട്ടും അതിജീവിച്ച് സ്‌കലോണിപ്പട കപ്പുയര്‍ത്തി.
2024 കോപ്പയിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സ്കലോണിപ്പടയെത്തിയത്. അത്ര മികച്ച പ്രകടനമൊന്നുമായിരുന്നില്ല ടീമിന്റേത്. പക്ഷേ മത്സരം ജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ അയാൾ മൈതാനത്തെ പതിനൊന്നുപേരെ ഒരുക്കിനിർത്തി. മെസ്സിയേയും ഡി മരിയേയും എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ല. മിഡ്ഫീൽഡർമാരെ മാറ്റി മാറ്റി പരീക്ഷിച്ചു. പതിവ് ശൈലി തന്നെ. സ്ട്രൈക്കർമാരായി അൽവാരസിനേയും ലൗട്ടാറോ മാർട്ടിനസിനേയും പരീക്ഷിച്ചു. ആ തീരുമാനങ്ങൾ ശരിവെയ്ക്കുന്നതും മൈതാനത്ത് കണ്ടു. കലാശപ്പോേരിലായിരുന്നു ലോകം കാത്തുനിന്ന പോരാട്ടം. അതുവരെ അത്ര തിളക്കത്തോടെ മുന്നേറിയ ടീമല്ലായിരുന്നു മെസ്സിയും സംഘവും. മറിച്ച് കൊളംബിയ അപരാജിതക്കുതിപ്പിലാണ് ഫൈനലിലെത്തുന്നത്. ഹാമിഷ് റോഡ്രിഗസ് എന്ന നായകന്റെ മിന്നും ഫോമും. 28-മത്സരങ്ങളുടെ അപരാജിത കുതിപ്പ് പക്ഷേ സ്കലോണിപ്പടയ്ക്ക് മുന്നിൽ നിലച്ചു. കൊളംബിയയെ തകർത്ത് അർജന്റീന കോപ്പചാമ്പ്യൻമാരായി.ഈ 28-മത്സരങ്ങളുടെ കുതിപ്പ് തുടങ്ങുന്നതും അർജന്റീനയോട് തോറ്റതിന് ശേഷമാണ്. അത് അർജന്റീന തന്നെ അവസാനിപ്പിച്ചു. ഇനി യൂറോ-കോപ്പ ചാമ്പ്യൻമാരുടെ കലാശപ്പോരിനായി ആരാധകർ കാത്തിരിക്കുകയാണ്.
Content Highlights: lionel scaloni tactics argentina national team messi journey
Published: 15 Jul 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented