ന്യൂജേഴ്‌സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ എക്വഡോറിനെ കീഴടക്കി കോപ്പ അമേരിക്ക സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. എന്നാല്‍ എക്വഡോറിനെതിരേ ഒട്ടും എളുപ്പമായിരുന്നില്ല അവര്‍ക്ക് കാര്യങ്ങള്‍. പ്രത്യേകിച്ചും സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക്. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത മെസ്സിക്ക് പിഴയ്ക്കുകയും ചെയ്തു. താരത്തിന്റെ പനേങ്ക കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

To advertise here,

എന്നാല്‍ ലോകകപ്പിലേതിനു പോലെ തന്നെ എമിലിയാനോ മാര്‍ട്ടിനസെന്ന കാവല്‍മാലാഖ ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തി. എക്വഡോര്‍ താരങ്ങളായ ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ എമി തടുത്തിട്ടു. മെസ്സിക്ക് ശേഷം കിക്കെടുത്ത ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ തങ്ങളുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ച് മെസ്സിയെ കാത്തു. അല്ലെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി കോപ്പ അമേരിക്കയില്‍ മെസ്സിക്ക് പെനാല്‍റ്റി ദുരന്തം നേരിടേണ്ടിവരുമായിരുന്നു.

നിശ്ചിതസമയത്ത് മത്സരം 1-1ന് സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. കോപ്പയില്‍ സെമി വരെ നിശ്ചിത സമയത്ത് മത്സരം സമനിലയിലാണെങ്കില്‍ എക്‌സ്ട്രാ ടൈം മത്സരമില്ല. നേരിട്ട് ഷൂട്ടൗട്ടിലൂടെ വിജയകളെ തീരുമാനിക്കുകയാണ് ചെയ്യുക.