
ലയണൽ മെസ്സിയോടുള്ള അടുപ്പത്തിന്റെ തണലിൽ ടീമിൽത്തുടരുന്നയാൾ എന്ന പരിഹാസം നേരിട്ടിട്ടുണ്ട് എയ്ഞ്ചൽ ഡി മരിയ. മെസ്സിയുടെ കൂട്ടുകാർ എന്നു പരിഹസിച്ച് ‘ഫ്രണ്ട്സ് എഫ്.സി.’യിൽ മരിയയെയും വിമർശകർ അംഗമാക്കി. ഗോൺസാലോ ഹിഗ്വയ്നും സെർജിയോ അഗ്യൂറോയുമായിരുന്നു ഫ്രണ്ട്സ് എഫ്.സി.യിലെ ‘മറ്റംഗങ്ങൾ’. വിമർശകർക്കു പക്ഷേ, മെസ്സിയുടെയും മരിയയുടെയും കാര്യത്തിൽ അടിമുടി തെറ്റി. ഇവരിരുവരുംചേർന്ന ഫ്രണ്ട്സ് എഫ്.സി.യുടെ കാലമാണിപ്പോൾ.
കഴിഞ്ഞദിവസം, കാനഡയ്ക്കെതിരായ സെമിഫൈനൽ മത്സരത്തിനുമുമ്പ് ടീം മീറ്റിങ്ങിൽ സംസാരിക്കവേ മെസ്സി പറഞ്ഞു; “മരിയയ്ക്കുവേണ്ടി ഈ കിരീടം നമുക്കു നേടിയേ തീരൂ”. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുമെന്ന് മരിയ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മെസ്സിയുടെ പ്രസംഗം. ഈറൻ മിഴികളുമായി ടീം മീറ്റിങ്ങിലിരുന്ന മരിയയെ മെസ്സി ചേർത്തുപിടിച്ചു.
മെസ്സിയുടെ നിഴലിലൊതുങ്ങിപ്പോയ കരിയറാണ് മരിയയുടേത്. ഒരേ നാട്ടുകാർ, സമപ്രായക്കാർ. കളിക്കളത്തിലെ പ്രകടനങ്ങളിലും നേട്ടങ്ങളിലും ഒപ്പത്തിനൊപ്പം. ഒരേകാലത്ത് യൂറോപ്യൻ ക്ലബ്ബുകളിലെ വിലകൂടിയ താരങ്ങളായി. ഇതൊക്കെയാണെങ്കിലും അർജന്റീനയുടെ അച്ചുതണ്ട് മെസ്സിയെച്ചുറ്റി കറങ്ങിക്കൊണ്ടിരുന്നു. അതിനൊപ്പം കറങ്ങുകയല്ലാതെ മരിയയ്ക്കും വേറെ വഴിയുണ്ടായിരുന്നില്ല.
2007-ലെ യൂത്ത് ലോകകപ്പിലാണ് മരിയയുടെ തുടക്കം. ആ കിരീടത്തിനുശേഷം അർജന്റീന നേടിയ എല്ലാ കിരീടങ്ങളിലും കിരീടനഷ്ടങ്ങളിലും മെസ്സിക്കൊപ്പം മരിയയുമുണ്ട്. മെസ്സിയുൾപ്പെട്ട അർജന്റീന കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നേടിയത് നാലു കിരീടങ്ങളാണ്. 2008-ലെ ഒളിമ്പിക് സ്വർണമായിരുന്നു ആദ്യം. പിന്നീട് മൂന്നു ഫൈനൽ ദുരന്തങ്ങൾക്കുശേഷം 2021-ലെ കോപ്പയിലൂടെ കിരീടവഴിയിലേക്കു തിരിച്ചുവന്നു. 2022-ലെ ഖത്തർ ലോകകപ്പിലും യൂറോപ്യൻ ചാമ്പ്യന്മാർക്കെതിരായ ഫൈനലിസീമയിലും മെസ്സി കപ്പുയർത്തി.
അർജന്റീന ജേതാക്കളായ ഈ നാലു ഫൈനലുകൾക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. ആ നാല് മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്തയാൾ എയ്ഞ്ചൽ ഡി മരിയയായിരുന്നു. ഒളിമ്പിക്സിൽ നൈജീരിയക്കെതിരേയും കോപ്പയിൽ ബ്രസീലിനെതിരേയും അർജന്റീന നേടിയ ഏക ഗോൾ മരിയയുടെ വകയായിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരേയും ഫൈനലിസീമയിൽ ഇറ്റലിക്കെതിരേയും ആ ബൂട്ടുകൾ ഗോൾ കണ്ടെത്തി.
അർജന്റീനയ്ക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങളിലൊരാളാണ് മരിയ. അന്താരാഷ്ട്ര ഗോൾനേട്ടത്തിൽ ആറാം സ്ഥാനത്തുമുണ്ട്. വിമർശകർ എത്രയേറെ പരിഹസിച്ചാലും ദേശീയടീമിൽ മെസ്സിയുടെ ഏറ്റവുമടുത്ത സുഹൃത്തും മരിയതന്നെ. ആ മരിയയ്ക്കുവേണ്ടി കപ്പെടുക്കുമെന്ന് മെസ്സി പ്രഖ്യാപിക്കുമ്പോൾ, കൊളംബിയക്കെതിരേ കോപ്പ ഫൈനലിൽ അർജന്റീനയിറങ്ങുക രണ്ടും കൽപ്പിച്ചാവുമെന്നുറപ്പ്.
Content Highlights: lionel messi and di maria copa america 2024
Published: 12 Jul 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented