ഫ്‌ളോറിഡ: ഇത് അര്‍ജന്റീനയ്ക്കായി കാലം കാത്തുവെച്ചതാവണം. നായകന്‍ ലയണല്‍ മെസ്സി പാതി വഴിയില്‍ മടങ്ങിയിട്ടും അര്‍ജന്റീന തളര്‍ന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അര്‍ജന്റീന പോരാടി. ഒടുക്കം രക്ഷകനായി ലൗട്ടാറോയെത്തി. ഒരു ഗോളിന് കൊളംബിയയയെ കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. കൊളംബിയ കണ്ണീരോടെ മടങ്ങി. കോപ്പയില്‍ വീണ്ടും ആലബിസെലസ്റ്റന്‍ കൊടുങ്കാറ്റ്. ലൗട്ടാറോയുടെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്.
അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്‌സിലെത്തി. പിന്നാലെ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരം കടുത്തു. നിരനിരയായി കൊളംബിയന്‍ താരങ്ങള്‍ അര്‍ജന്റൈന്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.
വിങ്ങുകളിലൂടെ മുന്നേറിയ കൊളംബിയ പന്ത് കൈവശം വെച്ചും കളിച്ചു. വിങ്ങുകളില്‍ നിന്നുള്ള മുന്നേറ്റം തടയാന്‍ അര്‍ജന്റീന പ്രതിരോധം നന്നായി വിയര്‍ത്തു. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും ആക്രമിച്ചു. മെസ്സി മൈതാനമധ്യത്തില്‍ ഇറങ്ങിയാണ് ടീമിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ലക്ഷ്യം കാണാനായില്ല. 32-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന് പുറത്തുനിന്ന് കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്‌സണ്‍ ലെര്‍മ ഉതിര്‍ത്ത ഷോട്ട് എമി സേവ് ചെയ്തു. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു. പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനം ഇരുടീമുകളും മുന്നേറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താന്‍ മികച്ച അവസരം കിട്ടി. 48-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയെങ്കിലും ഗോളിലെത്താനായില്ല. പിന്നാലെ കോര്‍ണറില്‍ നിന്ന് കൊളംബിയന്‍ ഡിഫന്‍ഡര്‍ ഡേവിന്‍സണ്‍ സാഞ്ചസിന്റെ ഹെഡര്‍ ഗോള്‍ബാറിന് പുറത്തുപോയി. 58-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ ഡി മരിയയുടെ ഷോട്ട് കൊളംബിയന്‍ ഗോളി തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന നിരവധി മുന്നേറ്റങ്ങള്‍ നടത്തി.
65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്്‌ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു.
Content Highlights: Argentina vs Colombia Copa America 2024 final
Published: 15 Jul 2024, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented