ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തോല്‍വി. അവസാന ഓവര്‍ വരെ പൊരുതിയ ഇന്ത്യ ഒടുവില്‍ ഒമ്പത് റണ്‍സകലെ വീണു. ഇതോടെ വനിത ഏകദിന, ട്വന്റി 20 ലോകകപ്പ് കിരീടങ്ങള്‍ക്ക് പിന്നാലെ കോമണ്‍വെല്‍ത്ത് സ്വര്‍ണവും ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന് വെള്ളി മെഡലുമായി മടക്കം.

To advertise here,

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (6), ഷഫാലി വര്‍മ (11) എന്നിവരെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ റോഡ്രിഗസ് - ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തകര്‍ന്നു.

43 പന്തില്‍ നിന്ന് 2 സിക്‌സും 7 ഫോറുമടക്കം 65 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് 16-ാം ഓവറില്‍ ആഷ്‌ലി ഗാര്‍ഡ്‌നറുടെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുയായിരുന്നു. ഈ വിക്കറ്റാണ് മത്സരം ഓസീസിന് അനുകൂലമാക്കിയത്. ഹര്‍മന്‍പ്രീതിന് ഉറച്ച പിന്തുണ നല്‍കിയ ജെമിമ 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് 15-ാം ഓവറിലാണ് പുറത്തായത്. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 96 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യ മത്സരവും കൈവിട്ടു.

പൂജ വസ്ത്രാകര്‍ (1), ദീപ്തി ശര്‍മ (13), സ്‌നേഹ് റാണ (8), രാധാ യാദവ് (1) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. ബെത്ത് മൂണി (41 പന്തില്‍ 61), മെഗ് ലാന്നിങ് (26 പന്തില്‍ 36), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (15 പന്തില്‍ 25), റേച്ചല്‍ ഹയ്‌നെസ് (10 പന്തില്‍ 18) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ 161-ല്‍ എത്തിച്ചത്.