
നിറയെ ആള്‍ക്കൂട്ടം തൊട്ടുരുമ്മി നില്‍ക്കുന്നുണ്ട് ചുറ്റും. കുട്ടിയാണ്, സമീപത്തെ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഗാനമേള കേള്‍ക്കാനെത്തിയതാണ്. മണല്‍ നിറഞ്ഞ മുറ്റമാകെ ആളുകളാല്‍ നിറഞ്ഞു. ഇടയ്ക്ക് ആഘോഷത്തോടെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചവിട്ടുന്നവര്‍. ഗാനമേള ട്രൂപ്പുകാര്‍ അടുത്ത പാട്ടിലെക്ക് കടന്നു. ആരവങ്ങള്ക്കിടയിലേക്ക് ആ വരികള്‍ കടന്നെത്തി. പിന്നീട് ഓര്‍മ്മയില്‍ തെളിഞ്ഞത് അതേവരികളാണ്.
'ആയിരം വര്‍ണ്ണങ്ങള്‍ കൂടെവന്നു
അഴകാര്‍ന്നോരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ...
ആകാശം പൂത്തു'
ഓര്‍മ്മയിലെ ക്രിസ്മസ് പാട്ടുകളുടെ തുടക്കം ഇവിടെയാണ്. പിന്നീട് ദൂരദര്‍ശനില്‍ വൈകുന്നേരത്തെ ഞായറാഴ്ച സിനിമയ്ക്കിടെ ഈ പാട്ടുവന്നു കാതോടു കതോരമെന്ന സിനിമ തിരിച്ചറിയുന്ന പാട്ട്.
'ദേവദൂതര്‍ പാടി
സ്‌നേഹദൂതര്‍ പാടി
ഈ ഒലീവിന്‍ പൂക്കള്‍
ചൂടിയാടും നിലാവില്‍
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയില്‍
നിന്‍ പാണികളില്‍ തൊട്ടു
ആടുമേയ്ക്കാന്‍ കൂടെ വരാം
പൈക്കളുമായ് പാടി വരാംകാതിലാരോ ചൊല്ലി'
മമ്മൂട്ടിയും സരിതയും മൈക്കിന് മുന്നില്‍ പാടുന്നു.. പാട്ടിനിടയ്ക്ക് മാലാഖകളെ ഓര്‍മ്മിപ്പിച്ച് കുട്ടികള്‍.... ഒ.എന്‍.വിയുടെ വരികള്‍.. ഔസേപ്പച്ചന്റെ സംഗീതം... ചില നേരങ്ങളില്‍ നമ്മളിലേക്ക് എത്തപ്പെടുന്ന മനുഷ്യരുണ്ട്. സങ്കടങ്ങളുടെയും സന്തോഷങ്ങളുടേയും ഏടുകളിലും പളുങ്ക് പാത്രങ്ങളിലും നിലയുറപ്പിക്കുന്നവര്‍. നമ്മളറിയാതെ അവര്‍ അതിലേക്ക് അതിന്റെ ഭാഗമായി മാറുന്നു. പെട്ടെന്നൊരുനാള്‍ അവര്‍ നമുക്കൊപ്പം എല്ലാ കാലത്തും ഉണ്ടാവണമെന്ന് ആശിക്കുന്നു. ജീവിതം അതിന്റെ ഒഴുക്കിനെ നിര്‍ണ്ണയിക്കുന്ന സമയത്ത് അവരുണ്ടാവും, അതിന്റെ ആഴമറിയാന്‍. അങ്ങനെ വന്നൊരാള്‍ ഓര്‍മ്മകളിലെത്തുമ്പോൾ രണ്ട് വരി പാട്ടിന്റെ ഒഴുക്കിലേക്കെത്തും.
പിന്നെ വര്‍ഷങ്ങള്‍ വീണ്ടും കഴിയുന്നു. അടുത്ത സീന്‍ ഈ പാട്ടിന്റെത് കുഞ്ചാക്കോ ബോബന്റെ ഹിറ്റായ ആ ഡാന്‍സിനൊപ്പമാണ്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ഗാനമേളയില്‍ പാടുന്ന പാട്ടിനൊപ്പം നൃത്തം ചവുട്ടിയപ്പോള്‍ കേരളമാകെ അതെറ്റെടുത്തു. കാലത്തിനൊപ്പം ഗാനമേളയില്‍ പാട്ടുകേട്ട അന്നത്തെ കുട്ടി നാല്‍പത് കഴിഞ്ഞ് ഇതേ പാട്ട് പിന്നെയും സ്‌ക്രീനിൽ ആസ്വദിച്ചു.
'പൊന്നുംനൂലില്‍ പൂത്താലിയും
കോര്‍ത്തു തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍
സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപില പാടും
താഴത്തോ ഭൂമിയില്‍
കല്യാണം സ്വര്‍ഗ്ഗത്തോ കല്യാണം'
മറ്റാരു ക്രിസ്മസ് പാട്ടില്‍ പെട്ടന്നോര്‍മ്മവരിക നാദിയാ മൊയ്തുവിനെയാണ്. നോക്കത്താദുരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ പാട്ട്. ബിച്ചു തിരുമലയും ജെറി അമല്‍ദേവും ചേര്‍ന്ന് ഒരിക്കിയ വരികളുടെ താളം. ആഘോഷങ്ങളെ ചടങ്ങുകളെ നേരില്‍ തന്നെ ചിത്രീകരിക്കുന്നു. അത്രയും അടുപ്പുമുള്ള മനസ്സുകള്‍ നിറയുന്നു.
'ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ മനസേ ആസ്വദിക്കൂ ആവോളം,
വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
ഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ'
ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കുന്ന സങ്കടങ്ങളുടെ കാലൊച്ച കേള്‍പ്പിക്കുന്ന സിനിമയിലൂടെ പോകുമ്പോൾ ഒരു പാട്ട് നമ്മ ഇങ്ങനെ തേടിയെത്തും. മറവിയുടെ കാലങ്ങളില്‍ തിരികെയത്തുന്നത് പോലെ. രചന ഒ.എന്‍.വിയാണ് കൂട്ടിന് ഔസേപ്പച്ചനുമുണ്ട്.
'കുരിശുമലയില്‍ പള്ളിമണികളുണരും
പുണ്യ ഞായറാഴ്ചകള്‍ തോറും
കരം കോര്‍ത്തു പോകും നാം
ഓശാന പാടും നാം
വരും മാലാഖമാര്‍ വാത്സല്യലോലം'
അതെ ആകാശദൂത് തന്നെ. സുഖസ്വപ്നങ്ങളില്‍ മാലാഖ പാടുന്ന സ്‌നേഹത്തിന്റെ മധുരത്തിന്റെ ചിത്രങ്ങള്‍ പാട്ടിന്റെ വഴികളില്‍ ഉള്‍ചേരുന്നു. വിനായക് ശശികുമാര്‍ ഗപ്പി എന്ന സിനിമയിലെഴുതിയ പാട്ടും ക്രിസ്മസിന് എങ്ങനെ മറക്കാനാവും.
'ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്..
സര്‍വ്വലോകര്‍ക്കും നന്മയേകും കാരുണ്യമായ്
ബെത്‌ലഹേമിന്റെ മാറിലൊരാരോമല്‍ ഉണ്ണി പിറന്നല്ലോ
വിണ്ണില്‍ താരകള്‍ പുഞ്ചിരി തൂകി
മണ്ണില്‍ ഗ്ലോറിയ നാദങ്ങള്‍ പാടി
അവന്‍ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ്'
ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തില്‍ അനില്‍ പനച്ചൂരാന്‍ ആ നന്മയുടെ ഉദയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ബിജിബാലായിരുന്നു സംഗിതം.
'മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കണ്‍ തുറന്നു
മന്നില്‍ സമാധാനപാലകനാം ഉണ്ണി
പുല്‍ക്കൂട്ടില്‍ പുഞ്ചിരിച്ചു
ആകാശമേഘങ്ങള്‍ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാര്‍ വന്നു തൂകുന്നു
സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞിടുന്നു'
ഈ സമയത്ത് കൃസ്തീയ ഭക്തി ഗാനങ്ങളെ എങ്ങനെ ഒഴിവാക്കി നിര്‍ത്താനാവും. ലോകം മുഴുവന്‍ സുഖംപകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന് ഭാസ്‌കരന്‍മാഷെഴുതി. വാതില്‍ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്‌നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ഥിച്ച യേശു മഹെശനെ എന്ന് എഴുതാന്‍ യൂസഫലി കേച്ചേരിക്ക് ഒട്ടുമാലോചിക്കേണ്ടിവന്നില്ല.
സത്യനായകാ മുക്തിദായകാ പുല്‍ത്തൊഴുത്തിന്‍ പുളകമായ സ്‌നേഹഗായകാ... ശ്രീ യേശുനായകാ (ശ്രീകുമാരന്‍ തമ്പി) വിശ്വം കാക്കുന്നനാഥാ.. വിശ്വൈകനായകാ... ആത്മാവിലെരിയുന്ന തീയണക്കൂ നിന്‍ ആത്മചൈതന്യം നിറയ്ക്കൂ (സത്യന്‍ അന്തിക്കാട്-വീണ്ടും ചില വീട്ടുകാര്യങ്ങള്‍) ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ (വയലാര്‍) പാട്ടുകളില്‍ നക്ഷത്രവിളക്കുകള്‍ തീര്‍ത്തു. എന്നോട് കൂടെ വസിക്കുന്ന ദൈവമേസത്യാസൗന്ദര്യമേ.. നീയാണെനിക്കുള്ള മാര്‍ഗ്ഗവും ദീപവുമെന്ന് ഇമ്മാനുവലിലും സ്‌നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ. എന്ന ചാര്‍ലിയിലും റഫീക്ക് അഹമ്മദ് എഴുതി.രക്ഷകാ നീ കണ്ടതില്ലെന്‍ ഉള്ളം നീറുന്ന നൊമ്പരം എന്‍ നായകാ എന്ന വരികള്‍ അനു എലിസബത്ത് ജോസും (കടല്‍ കടന്നൊരുമാത്തുക്കുട്ടി) എഴുതിയത് അതേ നാഥന്റെ ഓര്‍മ്മകളെ തൊട്ടുതന്നെ.
Content Highlights: Christmas carols Malayalam cinema Malayalam songs Christmas songs O.N.V Kurup
Published: 25 Dec 2024, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented