അത്തിമര ചുവട്ടില്‍ മണ്ണപ്പം ചുട്ട് കളിയ്ക്കുന്ന രണ്ടു കുട്ടികള്‍. ഫലങ്ങളൊന്നും ഇല്ലാതെ ഇല തളിര്‍ത്ത നില്‍ക്കുന്ന അത്തിമരത്തോട് ചേര്‍ന്ന് ഒരു കാലിത്തൊഴുത്ത്. കളിമണ്ണ് കുഴയ്ക്കുന്നത് ജോവാക്കീം, അത് മെനഞ്ഞ് അപ്പമാക്കി ചുട്ടെടുക്കുന്നത് അവന്റെ  ചേച്ചി ഹന്ന. ഈ കളി ഒരു പക്ഷെ മനുഷ്യനേക്കാള്‍ പഴക്കമുള്ളതാണ്. കാരണം മനുഷ്യന്‍  'സര്‍വ്വശക്തനായ വലിയ കുശവന്റെ' കരവേലയാണെന്ന് വിശ്വസിയ്ക്കുന്നവരുടെ മണ്ണിലാണ് കഥ നടക്കുന്നത്.  കുട്ടികളുടെ ഈ കളിയ്ക്ക് കുടപിടിയ്ക്കുന്ന അത്തിമരം വേരൂന്നി നില്‍ക്കുന്ന മണ്ണ് പുരാതന ഗ്രാമമായ  ബെത്ലഹേമിന്റെതാണ്. സമയം ക്രിസ്തുവര്‍ഷം മുപ്പത്തിമൂന്നാം ആണ്ടിന്റെ ഒരു സായാഹ്നം. 

To advertise here,


'' ഇങ്ങനെയാണോ അമ്മ പെസഹായ്ക്ക് അപ്പമുണ്ടാക്കുന്നത്?' അപ്പത്തിന്റെ രൂപം ജോവാക്കിമിന് അത്ര ബോധ്യപ്പെട്ടിട്ടില്ല. 


''അമ്മ പുളിപ്പില്ലാത്ത മാവ് കൊണ്ട് ഉണ്ടാക്കുന്നു. നമ്മള്‍ മണ്ണുകൊണ്ടും. ആ വ്യത്യാസം കാണാതിരിയ്ക്കുമോ ,'' ഹന്ന തന്റെ കരവേലയെ ന്യായീകരിച്ചു. പെസഹാ തലേന്ന് ബെത്‌ലെഹേം മുഴുവന്‍ തിരുനാളിനായി തിരക്കിട്ട് ഒരുങ്ങുമ്പോള്‍ കുട്ടികള്‍ അത് ഒരു കളിയായി അനുകരിയ്ക്കുന്നു. അനുകരണം എല്ലാകാലത്തും 'കളി'കളുടെയും കലകളുടെയും അടിസ്ഥാന സ്വാഭാവമാണ്. 


'ഇത് മന്നാ ആയിരുന്നെങ്കില്‍'' ജോവാക്കിം ആഗ്രഹിച്ചു. 


ജോവാക്കിമിന്റെയും ഹന്നയുടെയും പൂര്‍വ്വികര്‍ നൂററാണ്ടുകള്‍ക്ക് മുമ്പ് ഈജിപ്തില്‍ നിന്ന് ഈ ബെത്‌ലെഹേം ഉള്‍പ്പെടുന്ന ഇസ്രായേല്‍ ദേശത്തേയ്ക്ക് യാത്ര ചെയ്തപ്പോള്‍ യഹോവയായ ദൈവം ആവര്‍ക്ക് കൊടുത്ത അന്നന്നത്തെ അപ്പമായിരുന്നു മന്ന. ഓരോരുത്തരുടെയും ഇഷ്ടാനുസരണം അവരവരുടെ വായ്ക്കുള്ളില്‍ രുചിഭേദം പ്രാപിച്ച അത്ഭുത അപ്പം- മന്ന, അത് കഥയായും കൊതിയായുമൊക്കെ ജോവാക്കിമിനോടൊപ്പം വളര്‍ന്നിരുന്നു. അത് കളിമണ്ണില്‍ മെനഞ്ഞ് ജോവാക്കീം ഹന്നായെ കാണിച്ചു.


''മന്നാ,'' ഹന്ന അതിനെ വിളിച്ചു. ജോവാക്കീം പുഞ്ചിരിച്ചു. 

ജോവാക്കിമില്‍ ഒരു കലാകാരന്‍ ജനിച്ചു.അവന്‍ കളിമണ്ണില്‍  വ്യത്യസ്ത സൃഷ്ടികളെ അനുകരിച്ചു - നക്ഷത്രങ്ങള്‍, മത്സ്യങ്ങള്‍,വീഞ്ഞ് ചഷകങ്ങള്‍, പൂക്കള്‍. ഹന്ന മനോഹരങ്ങളായ കലാസൃഷ്ടികളെ എന്നപോലെ അവയെ കാലിതൊഴുത്തിനോട് ചേര്‍ന്നുള്ള തീററത്തൊട്ടിയില്‍ ഭംഗിയായി അടുക്കിവച്ചു. 

പക്ഷേ, കളിയാണെങ്കിലും കലയാണെങ്കിലും ആരെങ്കിലും ഒരു ആസ്വാദകന്‍ കൂടിയേ തീരു. ഇതാ ഒരാള്‍ കടന്നു വരുന്നു- ഒരു കുഞ്ഞാട്. വഴിയില്‍ കാണുന്നതെല്ലാം മണംപിടിച്ചും നക്കിയുമെല്ലാം നോക്കി തലയാട്ടി വരുന്ന കുഞ്ഞാടിന് നല്ലൊരു ആസ്വാദകന്റെ കെട്ടും മട്ടുമുണ്ട്. തീററത്തൊട്ടിയില്‍ അടുക്കി വച്ചിരിയ്ക്കുന്ന മന്നാ അതിന് ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടപെട്ടതുപോലെ. തവിട്ടുനിറമുള്ള കണ്ണുകള്‍ ചിമ്മി, കുഞ്ഞാട് മന്ന നക്കി.


''ഭൂ'' 


കുഞ്ഞാട് വെറുപ്പോടെ അതെല്ലാം ചവിട്ടിത്തെറിപ്പിച്ചു. മന്ന, നക്ഷത്രങ്ങള്‍, മത്സ്യങ്ങള്‍,വീഞ്ഞ് ചഷകങ്ങള്‍, പൂക്കള്‍- എല്ലാം നിലത്ത്. കുഞ്ഞാട് ഇനിയെന്തുണ്ട് എന്നമട്ടില്‍ ഹന്നയെ നോക്കി. അത് വിശന്ന കുഞ്ഞാടായിരുന്നു. വിശപ്പിനെ കലാകാരന്മാര്‍ എല്ലാ കാലത്തും തെറ്റിധരിച്ചിട്ടുണ്ട്. 


 'ഹേയ്, നിന്നെ ഞാന്‍!' ജോവാക്കിം കുതിച്ചു ചാടി ആട്ടിന്‍കുട്ടിയെ പിടികൂടി സഹോദരിയ്ക്ക് കൈമാറി. എന്നാല്‍ കൈമാറ്റത്തിനിടയില്‍ കുഞ്ഞാട് അവളുടെ കൈകളില്‍ നിന്ന്  കുതിച്ചുചാടി തൊഴുത്തിലേക്ക് കയറി. 

തൊഴുത്തില്‍ കന്നുകാലികള്‍ക്ക് ഇത് അയവിറക്കലിന്റെ  മണിക്കൂറുകളാണ്. ധ്യാനാത്മകമായ അന്തരീക്ഷം. കാലികള്‍ക്കിടയില്‍ ആട്ടിന്‍കുട്ടിയെ തിരയുന്ന കുട്ടികള്‍. പെട്ടന്ന് ആട്ടിന്‍ കൂട്ടത്തിനിടയില്‍ ഒരു അനക്കം. കുഞ്ഞാട് തലിയാടിന്റെ അടുത്തേയ്ക്ക് ഓടിയെതാണ്. അവന്‍ നേരെ തള്ളയാടിന്റെ അകിട് ലക്ഷ്യമാക്കി കുതിച്ചു. അതിനുമുമ്പേ ജോവാക്കിം ഒറ്റ കുതിപ്പിന് അതിനെ തന്റെ കൈക്കുള്ളിലാക്കി. അത് കണ്ട് തള്ളയാട് കരഞ്ഞു, അതിനെ തുടര്‍ന്ന് കുഞ്ഞാടും. അയവിറക്കലിന്റെ ധ്യാനം ആകെ  അലങ്കോലമായി. കുഞ്ഞാടുമായി പുറത്തേയ്ക്ക് കടന്ന ജോവാക്കീമിനെ ഹന്നാ തടഞ്ഞു.


'വേണ്ട ജോവാക്കിം, അവനെ അവന്റെ അമ്മയുടെ അടുത്തേയ്ക്ക് വിട്. അവന്‍ ഇഷ്ടംപോലെ കുടിക്കട്ടെ. അവന് നാളെവരെയെ സമയമുള്ളൂ. അവന്‍ നമ്മുടെ പെസഹാ കുഞ്ഞാടാണ്?' അവനെ തടഞ്ഞുകൊണ്ട് ഹന്ന പറഞ്ഞു.            

'എന്ത്! പെസഹാ കുഞ്ഞാടോ?' ജോക്കിം ഞെട്ടിപ്പോയി. 'ഇവനെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല.'    

'അതെങ്ങനെ? മോശയുടെ നിയമം അനസുസരിച്ച് ഇതിനെ നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി ബലിയര്‍പ്പിക്കേണ്ടതില്ലേ?' ഹന്ന തന്റെ അറിവ് പകര്‍ന്ന് അനുജനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

'എന്ത് പാപം?'' അവന്‍ പൊട്ടിത്തെറിച്ചു. ''ഇവനെ കൊല്ലുന്നതല്ലേ പാപം?'


ചോദ്യം പ്രസക്തമാണ്. 'പാപവും നീതിയും' സംബന്ധിച്ച സങ്കീര്‍ണ്ണമായ കാര്യങ്ങളില്‍ അറിവ് കുറഞ്ഞവരാണ് ശരി.  ഇത് ഒന്നും അറിയാതെ ജോവാക്കിമിന്റെ കൈകളില്‍ കുഞ്ഞാട് അരുമയായി ഇരുന്നു. മോശയുടെ നിയമത്തെക്കുറിച്ചുള്ള അജ്ഞത കുഞ്ഞാടിനും  അനുഗ്രഹമാണ്. 

''പക്ഷെ മോശയുടെ നിയമം നമ്മള്‍ അനുസരിച്ചേപറ്റൂ.'' ഹന്നാ തീര്‍ത്തു പറഞ്ഞു. 


യഹൂദന്മാര്‍ അക്ഷരംപ്രതി പാലിച്ചിരുന്ന മോശയുടെ നിയമമനുസരിച്ച് കടിഞ്ഞൂലായി പിറക്കുന്ന കുഞ്ഞാടിനെ പെസഹാനാളില്‍ തങ്ങളുടെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. അങ്ങിനെ ചെയ്യാത്തപക്ഷം അവര്‍ ജനസമൂഹത്തില്‍ നിന്ന് വിഛേദിക്കപ്പെടണം. പക്ഷേ ഇതിനിടയില്‍ കുഞ്ഞാട്, ജോവാക്കിമിന്റെ കൈയ്യില്‍ നിന്ന് കുതറി ഓടി. അത്    കാലിത്തൊഴുത്തില്‍ നിന്ന് പുറത്തേക്ക് ചാടി. 


കൂത്താടി ഓടുന്ന കുഞ്ഞാട് ഇത്തവണ പറമ്പിന്റെ  വേലിചാടി തെരുവിലേക്ക് ഇറങ്ങി. തെരുവിലും ഉപരി അത് ഒരു രാജപാതയാണ്- ഇസ്രായേലിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ വീഥി. കഴുതപ്പുറത്തും നടന്നും യാത്ര ചെയ്യുന്നവര്‍. അതിനിടയിലൂടെ കുഞ്ഞാട് ഓടി, പിറകെ ജോവാക്കിമും. ജോവാക്കിം തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ അടുത്തപ്പോള്‍ പെട്ടെന്ന് ആട്ടിന്‍കുട്ടിയെ ആരോ റാഞ്ചിയെടുത്തു.  ഉയരമുള്ള ഒരു താടിക്കാരന്‍. പുറങ്കുപ്പായം കൊണ്ട് തലമറച്ചിട്ടുണ്ട്. 

പരിചയസമ്പന്നനായ ഒരു  ഇടയനെപ്പോലെ, കുഞ്ഞാടിനെ തോളിലേററി അയാള്‍  ജൊവാക്കിമിന്റെ മുമ്പില്‍ നിവര്‍ന്ന് നിന്നു. അയാളുടെ വലതു കൈയ്യില്‍ ഊന്നുവടി, ഇടതു കൈയ്യില്‍ കഴുത്തിന്റെ പിന്നിലൂടെ കുറുകെ ഇട്ടിരിയ്ക്കുന്ന കുഞ്ഞാടിന്റെ പിന്‍കാലുകള്‍.


 ' നിങ്ങളാരാ?' ജോവാക്കിം. 

'ഒരു വഴിപോക്കന്‍. മോനെവിടുത്തെയാ?' അപരിചിതന്‍ ചോദിക്കുന്നു.


''ഞാനൊ? ഞാന്‍.. ഞങ്ങള്‍ ഈ.. ബെത്ലഹേമിലെയാ.'' സഹോദരിക്കായി ചുറ്റും പരതിക്കൊണ്ട് ജോവാക്കിം, 'ആടിനെ താഴെ ഇറക്ക്'.


'ബെത്ലഹേം? ഓ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.'' അപരിചിതന്‍ ആശ്വാസത്തോടെ പറഞ്ഞു. 'ശരി, ഞാനും ഇവിടെയാണ് ജനിച്ചത്. ബെത്‌ലെഹെമില്‍.' അയാള്‍ ചുററും നോക്കി. ഏതോ  ഓര്‍മ്മയില്‍ സ്വയം നഷ്ടപ്പെട്ട് നിന്ന അയാള്‍ ആ അസ്തമയ സൂര്യപ്രഭയില്‍ മുങ്ങിനിവര്‍ന്ന്  നന്നായൊന്ന് പുഞ്ചിരിച്ചു. 


'മനസ്സിലായില്ല' ജോവാക്കിം.

''ഒരു മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ്'' അപരിചിതന്‍

'ദാവീദ് രാജാവും ഇവിടെയാണ് ജനിച്ചത്..ആയിരം വര്‍ഷം മുമ്പ്.' ജോവാക്കിം തിരിച്ചടിച്ചു 'എനിക്ക് എന്റെ  ആടിനെ വേണം' 

'ഇല്ല..നിങ്ങള്‍ അതിനെ കൊല്ലും,'  അപരിചിതന്റെ ശബ്ദത്തിന് നല്ല തീര്‍പ്പ്. ജോവാക്കിം ഒരുവേള നിശ്ശബ്ദനായി.


''എല്ലാ സ്തുതിയും യഹോവയ്ക്കായിരിക്കട്ടെ . അങ്ങ് നസ്രായേനായ യേശുവല്ലേ?'' അവിടെ കടന്നു വന്ന ഹന്ന അപരിചിതനെ കണ്ട് ആശ്ചര്യപ്പെട്ടു.


അപരിചിതന്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു, ഒഴിഞ്ഞുമാറാന്‍ എന്നപോലെ അയാള്‍ കണ്ണുചിമ്മി.

   ''രണ്ട് ദിവസം മുമ്പ് ഞാന്‍ അങ്ങയെ നഗരത്തിലെ ഘോഷയാത്രയില്‍ കണ്ടതാണല്ലോ. കഴുതപ്പുറത്തു കയറി വിശുദ്ധ നഗരത്തിനു ചുറ്റും എഴുന്നൊള്ളിയപ്പോള്‍ യെരൂശലേം മുഴുവനും''ഹോസാനാ! കര്‍ത്താവിന്റെ  നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍!' എന്ന് അങ്ങയെ പ്രകീര്‍ത്തിച്ചതല്ലേ?''


അവള്‍ ജോക്കിമിനോട് പറഞ്ഞു, 'ജോവാക്കിം, ഇദ്ദേഹത്തെ വണങ്ങൂ.നസ്രായേനായ യേശുവാണിത്. ഞാന്‍ ഹന്ന, ഇത് എന്റെ സഹോദരന്‍ ജോവാക്കിം. ' 


'ശാലോം,' ജോവാക്കിം യേശുവിനെ നമസ്‌ക്കരിക്കുന്നു.


'ശാലോം.. പക്ഷെ ഞാന്‍ ബെത്ലഹേമിലെ യേശുവാണ്. ഞാന്‍ ഇവിടെയാണ് ജനിച്ചത്. ആളുകള്‍ സാധാരണയായി അവരുടെ ജന്മസ്ഥലം കൊണ്ടാണ് അറിയപ്പെടേണ്ടത്..അല്ലേ?'


'ഓ! അങ്ങയുടെ മാതാപിതാക്കള്‍ ഇവിടെയുണ്ടോ? അങ്ങ് നസ്രായേനായ യേശുവാണ് എന്നാണ് ജറുസലേമില്‍ എല്ലാവരും പറഞ്ഞത്?' ഹന്ന.  


'എന്റെ  മാതാപിതാക്കള്‍ ബെത്ലഹേമിലൂടെ യാത്ര ചെയ്യുമ്പോളാണ് ഞാന്‍ ജനിച്ചത്. പക്ഷെ ഞാന്‍ വളര്‍ന്നത് നസ്രത്തിലാണ്. അതുകൊണ്ടാവാം എല്ലാവരും എന്നെ നസ്രായേനായ യേശു എന്ന് വിളിക്കുന്നത്.'' യേശു പറഞ്ഞു.


'അങ്ങയുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം എവിടെ? എന്തിനാ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്? ' ഹന്ന.  


'ആദ്യം ഞാന്‍ അവന് ആട്ടിന്‍കുട്ടിയെ തിരികെ നല്‍കട്ടെ. ഇവനും എന്നെപ്പോലെ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചതല്ലേ?' യേശു പുഞ്ചിരിച്ചു.


അവന്‍ ആട്ടിന്‍കുട്ടിയെ ജോവാക്കിമിന് കൈമാറി, 'പെസഹായ്ക്കു ഈ കുഞ്ഞാടിനെ ബലിയര്‍പ്പിക്കേണ്ട. ഇവനെ ഇവന്റെ അമ്മയ്ക്കെ നമുക്ക് കൊടുക്കാം.''  

ജോവാക്കിംആട്ടിന്‍കുട്ടിയെ സന്തോഷത്തോടെ വാങ്ങി .


'അതെങ്ങനെ? അങ്ങും ഒരു യഹൂദനല്ലേ? മോശയുടെ നിയമം അനുസരിക്കാതിരിക്കാന്‍ അങ്ങേയ്ക്ക് കഴിയുമോ? ' ഹന്ന വിട്ടുകൊടുക്കാന്‍ തയ്യാറല്ല. 


'ആട്ടിന്‍കുട്ടി മോചിപ്പിക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. എന്റെ  കൂലിയാണ് അതിന്റെ വിമോചനദ്രവ്യം. മുപ്പതു വെള്ളിക്കാശ്.'' യേശു ആകാശത്തേക്ക് നോക്കി പറഞ്ഞു. ''ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ക്കുയുക്തമെന്നു തോന്നുന്നെങ്കില്‍ കൂലിതരുക. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചുകൊള്ളുക. അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.'' 


യേശു തിരിഞ്ഞ് അവരോട് ചോദിച്ചു, ' ഈ പ്രവചനം നിങ്ങള്‍ക്ക് അറിയാമോ?


''ഇത് സഖറിയാ പ്രവാചകന്റെ പ്രവചനമല്ലേ?.'' ഹന്ന ഉടമ്പടി പുസ്തകവും പ്രവചനങ്ങളും പഠിച്ചിട്ടുണ്ട്.

''അതെ ഹന്ന, സഖറിയായുടെ ആ പ്രവചനം നിവൃത്തിയായിക്കഴിഞ്ഞു,'' 

മിഴിച്ചുനിന്ന കുട്ടികളോട് അവന്‍ തുടര്‍ന്നു.  'ഞാന്‍ വിശ്വസിച്ച് എന്റെ പണം ഏല്‍പ്പിച്ചിരുന്ന എന്റെ കൂട്ടുകാരന്‍, മോശയുടെ നിയമത്തിന്റെ  കാവല്‍ക്കരില്‍ നിന്ന് ആ മുപ്പത് വെള്ളി കാശ് വാങ്ങിക്കഴിഞ്ഞു. അതുകൊണ്ടാണ് കുഞ്ഞാട് മോചിയ്ക്കപ്പെട്ടു എന്ന് ഞാന്‍ പറയുന്നത്. ' 

 

മുപ്പതു വെള്ളികാശിന്റെ വിലയോ യൂദാസിന്റെ ചതിയൊ പ്രധാന പുരോഹിതരുടെ ഗൂഡാലോചനയോ ഒന്നുമറിയാത്ത ജോവാക്കിം  കുഞ്ഞാടിനേയുമെടുത്ത് ഇതിനോടകം തൊഴുത്തിലേക്ക് നടന്ന്  തുടങ്ങിയിരുന്നു. യേശുവും ഹന്നയും അവനെ അനുഗമിക്കുന്നു. 


ജോവാക്കിം ആട്ടിന്‍കുട്ടിയെ എടുത്ത് തൊഴുത്തിലേക്ക് കയറി.അവിടെ  അവന്‍ കുഞ്ഞാടിനെ സ്വതന്ത്രനാക്കി. ഒരു കുതിപ്പ് .. കുഞ്ഞാട് അപ്രത്യക്ഷനായി. അയവിറക്കലിന്റെ ധ്യാനം.  ''സ്ലര്‍പ്..സ്ലര്‍ര്‍പ്'' 

അവര്‍ ആ ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉറവിടം അവര്‍  കണ്ടെത്തി. തള്ളയാടിന്റെ അകിട് നുകരുന്ന 'ആസ്വാദകന്‍'. യേശുവും കുട്ടികളും കുഞ്ഞാടിന്റെ അടുത്തേയ്ക്ക്.  ധ്യാനത്തിലാണ്ടിരുന്ന തള്ളയാട് ആ സന്ദര്‍ശകരെ നിര്‍മ്മമയായി നോക്കി. യേശു ഹന്നയേയും  ജോക്കിമിനെയുംനോക്കി. അമ്മിഞ്ഞപ്പാലിന്റെ വിശുദ്ധിയില്‍ സകല പാപവും കഴുകി കുഞ്ഞാട് നിഷ്‌കളങ്കനായി നിന്നു.


മുലപ്പാലില്‍ മുങ്ങിയ കുഞ്ഞാടിന്റെ ആ മാമോദീസയില്‍ തലതൊട്ടപ്പനും അമ്മയുമായി ജോവാക്കീമും ഹന്നയും. കാര്‍മികനായി യേശുവും. എങ്ങും പാല്‍പുഞ്ചിരി. കുഞ്ഞാടിന്റെ വായില്‍ നുരഞ്ഞ അമ്മിഞ്ഞപ്പാലിന്റെ ഒരു തുള്ളി പൊടി നിറഞ്ഞ തറയില്‍ വീണു പടര്‍ന്നു. തൊഴുത്ത് സമാധാനത്തില്‍ കുതിര്‍ന്നു.


''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മസ്സുള്ളവര്‍ക്ക് സമാധാനം.''  

ബെത്ലഹേമിലെ ആ പുരാതന കാലിത്തൊഴുത്തില്‍ ഒരു നവജാതശിശുവിന്റെ കരച്ചില്‍ മുഴങ്ങി. കരയുന്ന കുഞ്ഞിനെ കന്യകയായ അമ്മ അമ്മിഞ്ഞപാലുകൊടുത്ത് ഉറക്കി. ആ കുഞ്ഞിന്  പിതാവല്ലാത്ത ഔസേപ്പിതാവ്  കടിഞ്ഞൂല്‍ പുത്രനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞ് ആ തീററത്തൊട്ടിയില്‍ കിടത്തി. ഇതിനെല്ലാം കുടപിടിച്ചു നില്‍ക്കുന്ന അത്തിമരത്തില്‍പഴങ്ങള്‍ കായിച്ചിട്ടുണ്ട്. ഏതോ പുത്തന്‍ നക്ഷത്രപ്രഭയില്‍  വെട്ടിത്തിളങ്ങുന്ന ആ അത്തിപ്പഴങ്ങള്‍ 'വേനല്‍കാലത്തിന് മുന്‍പ് ആദ്യം പാകമാകുന്ന' ഫലങ്ങളായിരുന്നു.   


'പക്ഷെ  പെസഹായ്ക്ക് ഞങ്ങള്‍ എന്തു ചെയ്യണം?' ഹന്നയുടെ ചോദ്യം കേട്ടുണര്‍ന്ന യേശുവിന്റെ ഈറനണിഞ്ഞ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. 

 'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, 'ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്, മോറിയ പര്‍വതത്തില്‍ ഇസ്ഹാക്കിനുവേണ്ടി അറുക്കപ്പെട്ട കുഞ്ഞാടിനും ഈ കുഞ്ഞാടിനും പകരക്കാരനാണ്.' അത് പറഞ്ഞപ്പോള്‍ യേശുവിന്റെ ശബ്ദമൊന്ന് ഇടറിയതുപോലെ. 


'എനിയ്ക്കിതൊന്നും മനസ്സിലാവുന്നില്ല' പിറുപിറുത്തുകൊണ്ട് ജോവാക്കിം പുറത്തേയ്ക്ക്. 


'ബെത്ലഹേം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?' ജോവാക്കിമിനുള്ള യേശുവിന്റെ  ഉത്തരം ഒരു ചോദ്യമാണ്. 


'അപ്പത്തിന്റെ വീട്,' ഹന്ന അറിവിന്റെ ഭാരം വീണ്ടും ഒഴിച്ചു.


'ശരിയാണ്, അപ്പത്തിന്റെ വീട്. എനിയ്ക്ക് വിശക്കുന്നു. എനിയ്‌ക്കൊരു അപ്പം തരുമോ?'


'തരാം,'' മറുപിടി ജോവാക്കിമിന്റെതാണ്. തീറ്റത്തൊട്ടിയുടെ അടുത്ത് നിലത്തു കിടന്ന ഒരു മണ്‍ നക്ഷത്രം എടുത്ത് ഉയര്‍ത്തിക്കൊണ്ട് അവന്‍ ഒരു  നിബന്ധന വച്ചു ''പക്ഷെ ഞങ്ങളുടെ കൂടെ കളിയ്ക്കണം.''     

''കളിയ്ക്കാം.'' യേശു 


ആരംഭത്തിലെ ആ പുരാതന കളിയിലേക്ക് മടങ്ങി കുട്ടികള്‍ മടങ്ങി. പുതിയ ആവേശത്തോടെ അവര്‍ കളിമണ്ണ് കുഴയ്ക്കാന്‍ തുടങ്ങി.

'എനിക്ക് ഈ മീനാണ് ഏറ്റവും ഇഷ്ടം,' യേശു മുട്ടുകുത്തി  ശ്രദ്ധയോടെ നിലത്ത് ചിതറിക്കിടന്നിരുന്ന ജോവാക്കിമിന്റെ  'കരവേലകള്‍' പെറുക്കിയെടുത്ത് അവരോട് കൂട്ടുകൂടി. ഒരുവേള അവനും ബേത്ലഹേമിലെ കുട്ടിയായി.കളിമണ്ണില്‍ കരവേലകള്‍ വിരിഞ്ഞു. അവ തീറ്റത്തൊട്ടിയില്‍ ഒരിയ്ക്കല്‍കൂടി മനോഹരമായി അടുക്കുന്ന ഹന്ന. 


യേശുവിന് നക്ഷത്രങ്ങളും മത്സ്യങ്ങളും പൂക്കളും വീഞ്ഞ് ചഷകങ്ങളും സഹിതം തീറ്റത്തോട്ടിയില്‍ അത്താഴം തയ്യാര്‍. 'ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്' ഇത്തരത്തിലൊന്ന്  'ആദ്യ അത്താഴം' ആണ്. അവന്‍  ഏറെ ആഗ്രഹിച്ചിരുന്ന അന്ത്യഅത്താഴമൊ  അടുത്ത ദിവസം സെഹിയോന്‍ ഊട്ടുശാലയിലും. 


'ഇതൊക്കെ വേണമെങ്കില്‍ ഞാന്‍ ഇനിയുമുണ്ടാക്കാം. പക്ഷെ ഇത്? '' ജോവാക്കിം ഉടഞ്ഞുപോയ തന്റെ 'മന്ന' എടുത്ത് കഷ്ണങ്ങള്‍ ചേര്‍ത്ത് പിടിച്ച് യേശുവിന്റെ  നേര്‍ക്ക് ഉയര്‍ത്തി.


അതുകണ്ട ഹന്ന യേശുവിനോട് ചോദിച്ചു,'യേശുവേ, നീ ഞങ്ങള്‍ക്ക് വേണ്ടി ഒരു അത്ഭുതം ചെയ്യാമോ,'. യേശു അവളെ നോക്കി. 

'ഈ ജോവാക്കിമിന് മന്ന വലിയ കൊതിയാണ്... എനിയ്ക്കും.'' അവള്‍ നാണത്തോടെ കുമ്പസാരിച്ചു. ''ഈ അപ്പം മന്നയാക്കാമോ? ' 


അപ്പത്തിന്റെ ഭവനത്തില്‍ ജനിച്ച ജീവന്റെ അപ്പമെന്ന് സ്വയം വിളിച്ച യേശു, ബേത്‌ലഹേമിലെ പൊട്ടിയ ആ  മണ്ണപ്പത്തെ  നോക്കി അല്പ നേരം ഇരുന്നു.  'ബെത്ലഹേമിന്റെ അപ്പം.' അവന്‍ അതിനു പേരിട്ടു.


എന്നിട്ട് അവന്‍ കുട്ടികളുടെ നെറ്റിയില്‍ കൈകള്‍ വച്ചുകൊണ്ട് കണ്ണുകളുയര്‍ത്തി. അത്തിമരവും താണ്ടി അവന്റെ കണ്ണുകള്‍ അത്യുന്ന തങ്ങളില്‍ തറഞ്ഞു.


'സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിന്റെ ദാനങ്ങളും സമ്മാനങ്ങളുമായ ഈ ഉദരഫലങ്ങള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഈ കരവേലയെ നീ കൈകൊള്ളേണമേ. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കൃപ ഞങ്ങളുടെ മേല്‍ ഉണ്ടാകട്ടെ, ഞങ്ങളുടെ കരവേലകളെ ഫലമണിയിക്കണെമെ. ഞങ്ങളുടെ കരവേലകളെ  സുസ്ഥിരമാക്കണമേ.''

'ആമേന്‍' 

ആമേന്‍ എന്ന ആ മറുവചനം പിറ്റേന്ന് സെഹിയോന്‍ ഊട്ടുശാലയില്‍ സുസ്ഥിരമാക്കപ്പെട്ട്  നിരന്തര ദഹനബലിയായി എന്നന്നേയ്ക്കുമായി ഇന്നും പ്രതിധ്വനിയ്ക്കുന്നു