1992 ഡിസംബര്‍ 3. യു.കെ.യിലെ ബെര്‍ക്ക്‌ഷൈറില്‍ ഒരു ക്രിസ്മസ് ആഘോഷത്തിലായിരുന്ന റിച്ചാര്‍ഡ് ജാര്‍വിസിന്റെ ഫോണിലേക്ക് ഒരു സന്ദേശമെത്തുന്നു - 'മെറിക്രിസ്മസ്'.  ജാര്‍വിസ് ജോലി ചെയ്യുന്ന വോഡഫോണ്‍ നെറ്റ്വര്‍ക്കില്‍നിന്ന് ആ സന്ദേശമയച്ചത് സഹപ്രവര്‍ത്തകനായ നെയില്‍ പാപ്പ്വര്‍ത്ത്. വോഡഫോണിന്റെ തന്നെ ക്രിസ്മസ് ആഘോഷപ്പരിപാടിയിലായിരുന്നതിനാല്‍ ജാര്‍വിസിന് അതിന് മറുപടി നല്‍കാനായില്ല. പക്ഷേ, മൊബൈല്‍ ചരിത്രത്തിന്റെ ഒരു പുതുപ്പിറവിക്ക് അന്നവിടെ നാന്ദി കുറിച്ചു. 

To advertise here,

ലോകത്തെ ആദ്യത്തെ ടെക്‌സ്റ്റ് മെസേജായിരുന്നു അത്. 'മെറിക്രിസ്മസെ'ന്ന ആശംസ അങ്ങനെ നമ്മുടെ എസ്.എം.എസ്. സംസ്‌കാരത്തിന് ബീജവാപം നല്‍കി. ജാര്‍വിസിന്റെ ഓര്‍ബിറ്റല്‍ 901 എന്ന 2.1 കിലോഗ്രാം ഭാരമുള്ള ഫോണിലേക്കായിരുന്നു ആ എസ്.എം.എസ്. അയച്ചത്. ആ ചരിത്ര ദൗത്യത്തിന് 30 വര്‍ഷം പൂര്‍ത്തിയായി ഈ ഡിസംബര്‍ മൂന്നിന്. 

ബ്രിട്ടീഷ് എന്‍ജിനീയറായ നെയില്‍ പാപ്പ്വര്‍ത്ത് വോഡഫോണിലെ സെമ ടെലികോം ഗ്രൂപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് എസ്.എം.എസ്. എന്ന ആശയത്തിന് തുടക്കമിട്ടത്. ഇരുപത്തിരണ്ടുകാരനായ അദ്ദേഹം വോഡഫോണിനുവേണ്ടി ഷോര്‍ട്ട് മെസേജ് സര്‍വീസ് സെന്റര്‍ (എസ്.എം.എസ്.സി.) എന്ന ഒരാശയത്തിന് രൂപം നല്‍കി. കമ്പനിയിലെ മേലധികാരികള്‍ പുറത്തു പോകുമ്പോഴും തൊഴിലാളികള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്. 

അങ്ങനെ 1992 ഡിസംബര്‍ മൂന്നിന് പാപ്പ്വര്‍ത്ത് തന്റെ കംപ്യൂട്ടറില്‍നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വിസിന് ആദ്യമായി ഒരു ടെക്‌സ്റ്റ് മെസേജ് അയച്ചു. ജാര്‍വിസ് അന്നേരം നഗരത്തിന്റെ മറ്റൊരു ഇടത്ത് വോഡഫോണിന്റെ ക്രിസ്മസുമായി ബന്ധപ്പെട്ട ഒരാഘോഷത്തിലായിരുന്നു. അതിനാല്‍ത്തന്നെ മെറിക്രിസ്മസ് എന്ന് പാപ്പ്വര്‍ത്ത് ജാര്‍വിസിന്റെ ഫോണിലേക്ക് സന്ദേശമയച്ചു. കംപ്യൂട്ടര്‍ കീബോഡ് വഴിയായിരുന്നു മെസേജ് അയച്ചത്. നമ്മുടെ സാങ്കേതിക വിദ്യാ രംഗത്തെ നിര്‍ണായകമായ ഒരടയാളപ്പെടുത്തലായി ആ എസ്.എം.എസ്. മാറി.  

തുടര്‍ന്ന് 1993-ന് നോക്കിയ എസ്.എം.എസിനെ ഒന്നുകൂടെ ചിട്ടപ്പെടുത്തി. ഇന്‍കമിങ് മെസേജുകള്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന രീതി കൊണ്ടുവന്നു. പിന്നീട് മെസഞ്ചര്‍, വാട്‌സാപ്പ്, ടെലിഗ്രാം ആപ്പുകളെല്ലാം കടന്നുവന്നതോടെ എസ്.എം.എസിന്റെ ലോകം അത്യന്തം വിശാലമായി. ഇന്ന് ടെക്സ്റ്റ് മെസേജെന്നത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. രാവിലെ കണ്ണു തുറക്കുന്നതു തന്നെ വാട്‌സാപ്പ് മെസേജുകളിലേക്കാവുന്ന വിധം എസ്.എം.എസ്. ടെക്‌നോളജി നമ്മെ കീഴടക്കി.  

ടെക്‌സ്റ്റ് മെസേജ് ലോകം കീഴടക്കിയതിനെത്തുടര്‍ന്ന് പിന്നീട് പാപ്പ്വര്‍ത്ത് പ്രതികരിക്കുന്നുണ്ട്: അന്ന് 1992-ല്‍ ആദ്യമായി മെസേജ് അയക്കുമ്പോള്‍ ടെക്‌സ്റ്റ് മെസേജ് ജനം ഇത്രമേല്‍ ഏറ്റെടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്നിപ്പോള്‍ അത് ഇമോജിയായിട്ടും മെസേജ് ആപ്പുകളായിട്ടുമൊക്കെ വളര്‍ന്നു. കോടിക്കണക്കിന് പേര്‍ അതിന്റെ ഉപയോക്താക്കളായി. ഈയടുത്താണ് എന്റെ മക്കളോട് ലോകത്ത് ആദ്യമായി മെസേജ് അയച്ച ആള്‍ ഞാനാണെന്ന് പറഞ്ഞത്. തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് ഞാന്‍ അയച്ച ആ ക്രിസ്മസ് സന്ദേശം മൊബൈല്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു നിമിഷമായിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നു.