മൂവാറ്റുപുഴയാറിന്റെ തീരത്ത് വൈക്കത്തെ മറവന്‍തുരുത്തെന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ക്രിസ്മസ് ഓര്‍മകളുടെ നക്ഷത്രദീപങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നത്. വിരലിലെണ്ണാവുന്ന ക്രിസ്തുമതക്കാര്‍ മാത്രമുള്ള നാട്. സഹോദരന്‍മാര്‍ അന്യോന്യം ഐക്യത്തോടെ കഴിയണമെന്ന ആഹ്വാനമുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യത്തില്‍ അവരതൊക്കെ മറന്നു. ചെറിയ പിണക്കത്തില്‍ തുടങ്ങി വന്‍ കലാപത്തിലവസാനിച്ച പള്ളിവഴക്കിന്റെ ഒടുവില്‍ വിശ്വാസ സമൂഹം യേരുശലേം ദേവാലയത്തിലെ മറപോലെ രണ്ടായി കീറി. ദൈവത്തിന് രണ്ട് ആലയങ്ങളായി. ആ രണ്ട് ദേവാലയങ്ങളിലെ മനുഷ്യരിലേക്കാണ്, അതിന്റെ ചൂടും ചൂരും അടങ്ങാത്ത കാലഘട്ടത്തിലേക്കാണ് ക്രിസ്മസ് ഓര്‍മകളുടെ തമ്പേറുമായി ചെമ്മണ്ണ് വിരിച്ച നാട്ടുപാതകളിലൂടെ തിരികെ നടക്കുന്നത്.

To advertise here,

ആ വര്‍ഷത്തെ ക്രിസ്മസ് ചെറിയപള്ളിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ടതായിരുന്നു. ഇടവക മെത്രാപൊലിത്ത(ഭദ്രാസനാധിപന്‍ എന്ന് മലയാളത്തില്‍ പറയുന്ന തിരുമേനി) അക്കൊല്ലം ക്രിസ്മസ് കുര്‍ബാനയര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തത് ഞങ്ങളുടെ കൊച്ചു ദേവാലയമായിരുന്നു.  പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു അത്. മെത്രാപൊലിത്ത കര്‍ശനക്കാരനായതുകൊണ്ട് പള്ളിയിലെ പ്രധാന ശിശ്രൂഷക്കാരനായിരുന്ന എനിക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. പള്ളിക്കുള്ളിലെ ത്രോണോസിലെ വിരികളില്‍ ചെറിയ ചുളുക്ക് പോലും പാടില്ല. മെഴുകുതിരി സ്റ്റാന്‍ഡിലെ 99.9 പൊടിയും തുടച്ചു കളഞ്ഞാലും ഹാര്‍പികിന്റെ പരസ്യത്തില്‍ പറയും പോലെ ബാക്കി വരുന്ന ആ പോയന്റ് വണ്‍ പൊടി വരെ അദ്ദേഹം കണ്ടുപിടിക്കും. അതുകൊണ്ട് ശ്രദ്ധയില്ലെങ്കില്‍ ക്രിസ്മസ് രാത്രി നമുക്ക് ദുഖവെള്ളിയാകും.

 കുര്‍ബാനയ്ക്കിടയില്‍ വാഴ്ത്താനുള്ള അപ്പമുണ്ടാക്കുന്ന ചുമതലയും പ്രധാന ശിശ്രൂഷക്കാരനാണ്. തലേദിവസം പുളിമാവ് കൂട്ടി കുഴച്ചുവെച്ച ഗോതമ്പുപൊടി രാവിലെ പൊങ്ങും. അത് അടിച്ചു പരത്തിയെടുത്ത് ചെറിയ കനലില്‍ ചട്ടുകത്തിനു മുകളില്‍ വെച്ച് ചുട്ടെടുക്കണം. അതില്‍ അച്ച് കൃത്യമായി പതിയണം.വേകണം.  അല്‍പ്പം പോലും കരിയാനും പാടില്ല. അതേ, റിസ്‌ക് ചില്ലറയല്ല. നല്ല ഉറക്കക്കാരനായ ഞാന്‍ രണ്ടരയുടെ കുര്‍ബാനയ്ക്ക് വേണ്ടി രാവിലെ ഒരു മണിക്കേ പളളിയിലെത്തി എല്ലാം ശരിയാക്കണം. പള്ളിയിലെ അതിവിശുദ്ധ ഇടമെന്നറിയപ്പെടുന്ന മദ്ബഹയില്‍ എന്നെ സഹായിക്കാന്‍ മൂന്നു നാലുപേര്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും ജൂനിയറായിരുന്നു സജി. അപ്പന്റെ ബന്ധത്തിലുള്ള ചാക്കപ്പന്‍ ചാച്ചന്റെ മകന്‍. ഇടവക മെത്രാപൊലീത്ത വരുമ്പോള്‍ ധൂപക്കുറ്റി വീശുകയെന്നത് ഇന്നും ഓരോ ദേവാലയങ്ങളിലെയും ശിശ്രൂഷക്കാരുടെ പ്രിവിലേജാണ്.  നീണ്ടുകിടക്കുന്ന ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടെങ്കിലും കുലുക്കിയാല്‍ അരമണി പോലെ കിലുങ്ങുന്ന മുത്തുമണികളുള്ള ധൂപക്കുറ്റി.അതിനു താഴെയുളള കുഴിയന്‍ പാത്രത്തില്‍ ചിരട്ടക്കരിയിട്ട് കനലുണ്ടാക്കും. പ്രാര്‍ഥനകളുടെ കൃത്യമായ ഇടവേളകളില്‍ പട്ടക്കാരന്‍ നിക്ഷേപിക്കുന്ന കുന്തിരിക്കം ദേവാലയമാകെ ആത്മീയ സുഗന്ധം പരത്തും. ഉറങ്ങി വീണുപോയേക്കാവുന്ന വിശ്വാസികളെ അതേപടി നിര്‍ത്താന്‍  ആഗ്രഹമുള്ളതുകൊണ്ട് തന്നെ ചിരട്ടക്കരിയെപ്പോളും ഊതി കത്തിച്ച് കനല്‍  ജ്വലിപ്പിച്ചു,കുന്തിരിക്കം പരമാവധി പുകച്ചു തന്നെ നിര്‍ത്തും. മദ്ബഹയുടെ നാലു ചുവരുകള്‍ക്കുളളില്‍ നിന്ന് കൂടെയുള്ളവരെയും   മെഴുകുതിരിക്കാലുകളെയും വെട്ടിച്ച് അത് വീശുന്നത് അല്‍പ്പം പാടുള്ള ഏര്‍പ്പാടാണ്. ക്രിസ്മസ് ശിശ്രൂഷ വെളുപ്പിന് രണ്ടരയ്ക്ക് മണിക്ക് തുടങ്ങി രാവിലെ ഏഴു മണിയോടു കൂടിയാണ് അവസാനിക്കുക. അന്ന് ധൂപക്കുറ്റിയെടുക്കുന്ന ചുമതലക്കാരന്‍ നന്നേ കഷ്ടപ്പെടേണ്ടി വരും. സാധാരണ ദിവസം വെള്ളിനിറമുള്ള ധൂപക്കുറ്റിയാണ് ഉപയോഗിക്കുന്നതെങ്കിലും വിശേഷ ദിവസങ്ങളില്‍ അതിവിശിഷ്ടമായ സ്വര്‍ണ നിറമുള്ളതാണ് എടുക്കുക- മെത്രാപോലീത്തയുടെ മുന്നിലും വിശ്വാസി സമൂഹത്തിന്റെ മുന്‍പിലും ക്രിസ്മസ് ദിവസം ആ ധൂപക്കുറ്റിയെടുക്കുന്നത് ഒരു അന്തസാണ്.  അന്ന്  പതിവിന് വിപരീതമായി ഏറ്റവും തിളക്കമുള്ള മേലങ്കിയും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ പോയപ്പോള്‍ അവിടെ നിന്ന് വാങ്ങിയതാണ്- അദ്ദേഹത്തിനൊപ്പമുള്ള ജിന്‍സെന്ന ചെറുപ്പക്കാരന്‍ ചെമ്മാച്ചന്‍ അക്കാര്യം രഹസ്യമായി എന്നോട് പറഞ്ഞു.
അന്ന് ആരാണ് ധൂപക്കുറ്റിയുടെ ചുമതയേറ്റെടുക്കുക എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് സജി ചിരിച്ച മുഖവുമായി മുന്നില്‍ വന്നത്.ചേട്ടായി,ഇന്ന് ഞാനൊടുത്തോളാം.

നീയോ, നീയിത് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളല്ലേ ആയിട്ടുള്ളു. നീ ശരിയാവില്ല. മാത്രമല്ല മണിക്കൂറുകളോളം  നില്‍ക്കണം. നിന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല.ഞാനെന്തൊക്കെ പറഞ്ഞിട്ടും അവന്‍ ആഗ്രഹത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. എന്നാല്‍ ഒരു കാര്യം ചെയ്യാം. കൂട്ടത്തില്‍ സീനിയറായ ജോമോന്‍ എടുക്കട്ടെ. നിനക്ക് ചെറിയ ഇടവേളകളില്‍ തരാം. ഗത്യന്തരമില്ലാതെ സജി സമ്മതിച്ചു. യേശുവിനെ കാണാനെത്തിയ ആട്ടിടയന്‍മാര്‍ തീ കൂട്ടിയതിനെ അനുസ്മരിപ്പിക്കുന്ന തീജ്വാല ശിശ്രൂഷയും, മൂന്നു രാജാക്കന്‍മാരെ താരകം വഴി കാണിച്ചതിനെ ഓര്‍ക്കുന്ന പ്രദക്ഷിണവും, അതു കഴിഞ്ഞ് പാട്ടുകളുടെ അകമ്പടിയോടെയുള്ള കുര്‍ബാനയും വിശ്വാസി സമൂഹത്തിന് ഏറ്റവും തൃപ്തികരമായി  മെത്രാന്‍ അവതരിപ്പിച്ചു. ആ ഓളത്തിനിടയില്‍ സജിക്ക് ധൂപക്കുറ്റി പിടിക്കാന്‍ കൊടുക്കുന്ന കാര്യം മറന്നും പോയി. ചടങ്ങുകള്‍ അതിന്റെ അവസാന ഘട്ടവും കടന്നു. സജി ഇടയ്ക്കിടെ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ടെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല. വിശ്വാസി സമൂഹത്തെ ആശിര്‍വദിക്കുന്നതിനു മുന്‍പ് മെത്രാപൊലീത്ത തന്റെ മേലങ്കി ഊരി സഹായിയായ  ചെമ്മാച്ചന് നല്‍കി. മദ്ഹബയോടു ചേര്‍ന്നുള്ള മുറിയിലെ വലിയൊരു  പെട്ടിയില്‍ അത് മടക്കി വയ്ക്കുന്നതിനിടെയാണ് സജീ വീണ്ടും ആവശ്യവുമായി വന്നത്. ചേട്ടായി, എന്തിനായോ, ഞാനൊന്ന് ആ ധൂപക്കുറ്റി വീശട്ടെ നാലാള്‍ കണ്ടില്ലെങ്കിലും എന്റെ ഒരു സമാധാനത്തിനെങ്കിലും-ആ കണ്ണീരിനു മുന്‍പില്‍ എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ധൂപക്കുറ്റിയിലെ കനല്‍ നല്ലവണ്ണം ഊതി കത്തിച്ച് പള്ളിമുറിക്കുള്ളില്‍ വെച്ച് ജോമോന്റെ കൈയ്യില്‍ നിന്നുമത് വാങ്ങി ഇന്നാടെ മോനെ നീ വീശെടാ,നീയെന്റെ അനിയനല്ലേ, നീ തകര്‍ക്കടാ എന്നൊറ്റ പറച്ചിലായിരുന്നു.  എന്റെ ഉള്ളിലെ നന്മമരത്തിന്റെ  കണ്ണ് നിറഞ്ഞു. ധൂപക്കുറ്റി കൈയ്യില്‍ കിട്ടിയ ആവേശവും, പക്ഷേ ക്രിസ്മസ് രാത്രിയുടെ ഉറക്കച്ചുവയും. അപ്രതീക്ഷിതമായി തലചരിച്ച് കറങ്ങി വന്ന പെഡസ്റ്റല്‍ ഫാനും സജിയുടെ   പ്രതീക്ഷകളെ തെറ്റിച്ചു. വീശി പാഞ്ഞുചെന്ന ധൂപക്കുറ്റിയുടെ അടിവശം ഫാനുമായി ഒന്ന് നൈസായി ചുംബിച്ചു. നിയന്ത്രണം വിട്ട ധൂപക്കുറ്റിയുടെ ഉള്ളില്‍ നിന്നും ചുവന്ന ചിറകുകളുള്ള ചിരട്ടക്കനലുകള്‍ ഈയല്‍ കൂട്ടങ്ങളെ പോലെ ചിതറിത്തെറിച്ചു പറന്നു. ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതില്‍ നല്ലപോലെ തിളച്ചു നിന്ന് ഒന്ന് പറന്നു ചെന്ന് വീണത് ചെമ്മാച്ചന്‍ അടയ്ക്കാന്‍ മറന്നുപോയ പെട്ടിക്കുള്ളിലേക്കായിരുന്നു. അന്തിച്ചു നിന്ന സജിയുടെ പിന്നില്‍ നിന്നും മറ്റ് ശിശ്രൂഷക്കാര്‍ കനലുകള്‍ അണയ്ക്കാന്‍ നാലുകാലില്‍ ഓടി. ആശങ്കയോടെ ഓടിച്ചെന്ന് പെട്ടിക്കുള്ളിലേക്ക് തലയിട്ടു നോക്കിയ ഞാന്‍ കണ്ടത് ഹൃദയഭേദകമായൊരു കാഴ്ചയായിരുന്നു. ലക്ഷങ്ങള്‍ വിലകൊടുത്തു വാങ്ങിയ മെത്രാന്റെ മടക്കിവെച്ച കുപ്പായത്തിനുള്ളിലേക്ക് അതിന്റെ മധ്യത്തിലൂടെ ആ കുഞ്ഞന്‍ കനല്‍ ഒരു ക്രിസ്മസ് നക്ഷത്രത്തിന്റെ രൂപം തീര്‍ത്ത് ഊളിയിട്ടിരിക്കുന്നു. തലയൊന്ന് വെട്ടിച്ചു നോക്കുമ്പോള്‍ മെത്രാനും ചെമ്മാച്ചനും, ഇതൊന്നുമറിയാതെ അകത്ത് കണ്ണടച്ച് പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുകയാണ്. നന്നായി പൊള്ളിയെങ്കിലും അകത്തേക്ക് ആഴത്തില്‍പോയ കരി കഷ്ടപ്പെട്ട് കൈയ്യിട്ടെടുത്ത് ഒന്നുമറിയാത്തതു പോലെ പെട്ടി അടച്ചുവെച്ചു. കൂടെ കണ്ടു നിന്നവരോട് മിണ്ടിപോകരുതെന്ന്