
കുട്ടികളുടെ പ്രാഥമികാവശ്യം പോലും ചോദിച്ചറിയാന്‍ നേരമില്ലാത്ത അല്ലെങ്കില്‍ അതിനു കഴിയാത്ത ഒരു പാരന്റിംഗ് സംവിധാനമാണ് ഇന്നുള്ളത്. ഒരു പക്ഷെ കുട്ടികള്‍ വഴി തെറ്റാനുള്ള ഒന്നാമത്തെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് രക്ഷിതാക്കളുടെ അശ്രദ്ധയാണ്. തങ്ങളെ ആര്‍ക്കും വേണ്ടായെന്ന കുട്ടികളിലുണ്ടാകുന്ന ചിന്ത അവരെ മറ്റ് വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുമെന്ന് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.സൗമ്യ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ കുട്ടിയും തെറ്റ് ചെയ്യും
എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. ഞാന്‍ അവനെ അങ്ങനെയാണ് വളര്‍ത്തിയത്. വിദ്യാര്‍ഥികള്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടിയ ശേഷം രക്ഷിതാക്കളെ വിളിപ്പിച്ചാല്‍ മിക്ക രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയായിരിക്കും. പക്ഷെ ഇപ്പോഴത്തെ കൗമാരവും യുവത്വവും വലിയ തോതില്‍ മാറിപ്പോയെന്നും തന്റെ കുട്ടി ഏത് നിമിഷവും വഴിമാറിപ്പോവാമെന്ന ചിന്ത എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടാവണമെന്നും ഡോ.കെ.സൗമ്യ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം കുട്ടികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ പോലും രക്ഷിതാക്കള്‍ക്ക് മാറ്റിവെക്കാനാവാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നു പോവുന്നത്. അതില്‍ പലപ്പോഴും രക്ഷിതാക്കള്‍ ദു:ഖിതരുമാണ്. കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തും നടത്തിക്കൊടുത്ത് കൊണ്ടാണ് അവര്‍ അതിനെ മറികടക്കുന്നത്. പണമായാലും ബൈക്കായാലും വിലകൂടിയ മൊബൈല്‍ ഫോണായാലും കുട്ടികള്‍ പറയുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ നടത്തിക്കൊടുക്കുന്ന ഒരു നൂതന പേരന്റിംഗ് സംവിധാനം. അതിലൂടെ തങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞുവെന്ന് ചിന്തിക്കുന്ന രക്ഷിതാക്കള്‍. ഇത് കുട്ടികളുടെ ഇടയ്ക്ക് ആരെയും പേടിയില്ലാത്തെ എന്തിനെയും സ്വീകരിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. തങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ അവര്‍ക്ക് കഴിയാവുന്ന മറ്റ് വഴികള്‍ നോക്കും. പ്രധാനമായും പണത്തിന്റെ കാര്യത്തില്‍. ഇത്തരക്കാരെ നോട്ടമിട്ട് വലയില്‍ കുടുക്കാനായി പുറത്ത് വലിയ സംഘങ്ങളുമുണ്ട്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഹരി ഉപയോഗമെന്ന ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല
ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആഗ്രഹം, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍. എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ലക്ഷണങ്ങള്‍
സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോവുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക. ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്. ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വലിയ പങ്കാണ് പേരന്റിംഗിനുളളത്. അതിലെ പാളിച്ച കുട്ടികളുടെ ഭാവി ജീവിതത്തെ തന്നെ അപകടാവസ്ഥയിലാക്കും. ലഹരിമരുന്നിന്റെയും മയക്ക് മരുന്നിന്റെയും പിടിയില്‍ വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നതിന്റെയും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് പേരന്റിംഗിലെ പാളിച്ച തന്നെയാണ്. താന്‍ എങ്ങനെയുള്ള രക്ഷിതാവാകണം എന്ന ധാരണ ഓരോ അച്ഛനും അമ്മയ്ക്കും ഉണ്ടാവണമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും നാല് തരത്തിലാണ് പാരന്റിംഗ് സംമ്പ്രദായമുള്ളത്.
- അതോറിറ്റേറിയന്‍ പാരന്റിംഗ്
- അതോറിറ്റേറ്റീവ് പാരന്റിംഗ്
- പെര്‍മിസീവ് പാരന്റിംഗ്
- അണ്‍ ഇന്‍വോള്‍വ്ഡ് പാരന്റിംഗ്
അതോറിറ്റേറിയന്‍ പാരന്റിംഗ്
കുട്ടികളുടെ മേല്‍ അമിതമായ അധികാരം അടിച്ചേല്‍പ്പിക്കുന്ന പാരന്റിംഗ് രീതിയെ ആണ് അതോറിറ്റേറിയന്‍ പാരന്റിംഗ് എന്ന് പറയുന്നത്. അവരുടെ സങ്കല്‍പ്പങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ യാതൊരു വിലയും കൊടുക്കാത്ത ഇത്തരം പാരന്റിംഗ് രീതി കുട്ടികളെ പലപ്പോഴും അപകടത്തിലേക്ക് തള്ളിവിടുമെന്ന് മന:ശാസ്ത്ര വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. കുട്ടികള്‍ സ്വന്തമായി അഭിപ്രായം പറയുന്നതും, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതും ഇവിടെ രക്ഷിതാക്കള്‍ ഇഷ്ടപ്പെടുന്നില്ല. ഇത് കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു തരത്തിലുള്ള വെറുപ്പിന്റെ ഇടം സൃഷ്ടിക്കുന്നു. ഇത്തരം കുട്ടികള്‍ സ്വയ രക്ഷയ്ക്കായി അല്ലെങ്കില്‍ മാനസികമായ റിലാക്‌സിനായി ലഹരിതേടി പോവുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതോറിറ്റേറ്റീവ് പാരന്റിംഗ്
കുട്ടികളുടെ ഇടയില്‍ നിയന്ത്രണവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ക്കും ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നതുമായ പാരന്റിംഗ് രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിംഗ്. കുട്ടികളുമായി ഒരു പോസിറ്റീവ് ബന്ധം ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും. ഇങ്ങനെയുള്ള പാരന്റിംഗ് രീതിയില്‍ കുട്ടികള്‍ക്ക് മേല്‍ രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുമെങ്കിലും എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് കൂടി കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. പാരന്റിംഗ് രീതിയില്‍ ഏറ്റവും മികച്ചതായി പറയപ്പെടുന്നതും ഈ രീതിയെ ആണ്.
പെര്‍മിസീവ് പാരന്റിംഗ്
കുട്ടികള്‍ക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്രവും കാര്യമായ നിയന്ത്രണമില്ലാതെ നല്‍കുന്ന പാരന്റിംഗ് രീതിയാണ് പെര്‍മിസീവ് പാരന്റിംഗ്. ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപോലെ കുട്ടികളോട് പെരുമാറുന്ന പാരന്റിംഗ് രീതി. തങ്ങളുടെ കുട്ടികള്‍ ഒന്നും ചെയ്യില്ലെന്ന അമിതമായ ആത്മവിശ്വാസം ഉള്ള രക്ഷിതാക്കള്‍ ഇത്തരം പാരന്റിംഗില്‍ പെടും. പലപ്പോഴും കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തുക പോലും ഇവിടെ രക്ഷിതാവ് ചെയ്യുന്നില്ല. ഇത് കുട്ടികള്‍ മുതലാക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുടുംബത്തില്‍ വരുന്ന കുട്ടികള്‍ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റും വഴിമാറിപ്പോവുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അണ്‍ ഇന്‍വോള്‍വ്ഡ് പാരന്റിംഗ്
ഇന്ന് ലഹരി ഉപയോഗത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും എത്തിച്ചേരുന്ന കുട്ടികള്‍ ഭൂരിഭാഗവും എത്തിച്ചേരുന്നത് അണ്‍ ഇന്‍വോള്‍വ്ഡ് ഫാമിലിയില്‍ പെട്ട കുട്ടികളാണ്. കുട്ടികളെ പ്രാഥമിക ആവശ്യം പോലും നടത്തിക്കൊടുക്കാന്‍ നേരമില്ലാത്ത അവരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാത്ത പാരന്റിംഗ് രീതി. തങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ അവര്‍ക്ക് കഴിയാവുന്ന മറ്റ് വഴികള്‍ നോക്കും. പ്രധാനമായും പണത്തിന്റെ കാര്യത്തില്‍. ഇത്തരക്കാരെ നോട്ടമിട്ട് വലയില്‍ കുടുക്കാനായി പുറത്ത് വലിയ സംഘങ്ങളുമുണ്ട്.
ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ.കെ.സൗമ്യ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മാനസികാരോഗ്യ കേന്ദ്രം, കുതിരവട്ടം
Content Highlights: anti drug, anti drug awareness, drug abuse speech, drug abuse malayalam, childrens day
Published: 11 Nov 2023, 03:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented