ന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാരും പാകിസ്താനി മാധ്യമപ്രവര്‍ത്തകനായ ചാന്ദ് നവാബിനെ മറക്കില്ല. 2008-ലെ ഈദ് ആഘോഷത്തോടനുബന്ധിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ രസകരമായ വീഡിയോയിലൂടെയാണ് അദ്ദേഹം ലോകമാകെ പ്രശസ്തനാകുന്നത്. വൈറല്‍ എന്ന വാക്ക് പ്രചാരത്തില്‍ വരുന്നതിന് മുമ്പ് വൈറലായ ആ വീഡിയോ ഓര്‍ക്കാതെ ഒരു ഈദ് കാലവും കടന്ന് പോകാറില്ല. 

To advertise here,

കറാച്ചിയിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ചാന്ദ് നവാബ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌റ്റേഷനിലെ നടപ്പാലത്തിന്റെ പടിക്കെട്ടില്‍ നിന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ പശ്ചാത്തലത്തില്‍ തന്റെ സ്‌റ്റോറിയുടെ സൈന്‍ ഓഫ് ചിത്രീകരിക്കുകയായിരുന്നു ചാന്ദ് നവാബും അദ്ദേഹത്തിന്റെ ക്യാമറാമാന്‍ കാമില്‍ യൂസഫും. ഈദിനോടനുബന്ധിച്ച് കറാച്ചിയിലെ ജനങ്ങള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള സൈന്‍ ഓഫ് പക്ഷേ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. 

ഓരോ തവണ സൈന്‍ ഓഫ് വാചകം പറയുമ്പോഴും യാത്രക്കാര്‍ മുന്നില്‍ കൂടെയും പിന്നില്‍ കൂടെയും നടന്നുപോയി തടസമുണ്ടാക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ഇങ്ങനെ കടന്നുപോകുന്ന യാത്രക്കാരോട് തന്റെ നീരസം തുറന്ന് പറയുന്നതും വീഡിയോയില്‍ കാണാം. 

'കറാച്ചി സേ ലോഗ് അപ്‌നോ മേ ഈദ് മനാനേ കേ ലിയേ അന്ദ്രുനേ മുല്‍ക്ക് ജാ രഹേ ഹേ. ക്യാമറാ മാന്‍ കാമില്‍ യൂസഫ് കേ സാഥ് ചാന്ദ് നവാബ്, ഇന്‍ഡസ് ന്യൂസ് കറാച്ചി (കറാച്ചിയില്‍ നിന്ന് ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈദ് ആഘോഷിക്കാനായി ഉള്‍നാടുകളിലേക്ക് പോകുന്നു. ക്യാമറാമാന്‍ കാമില്‍ യൂസഫിനൊപ്പം ചാന്ദ് നവാബ്, ഇന്‍ഡസ് ന്യൂസ് കറാച്ചി.)' -ഇതായിരുന്നു ചാന്ദ് നവാബ് പറയാന്‍ ശ്രമിച്ചത്. 

വീഡിയോ പുറത്തുവന്നതോടെ ലോകമാകെ ദശലക്ഷക്കണക്കിനാളുകളാണ് അത് കണ്ടത്. അതോടെ ചാന്ദ് നവാബ് താരമായി മാറി. 2015-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബജ്‌രംഗി ഭായ്ജാനില്‍ ഈ വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രംഗവുമുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ ചാന്ദ് നവാബ് എന്ന കഥാപാത്രം യഥാര്‍ഥ ചാന്ദ് നവാബിനെ പോലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് രസകരമായി തന്നെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. 

ഇത്തവണത്തെ ഈദിനും സോഷ്യല്‍ മീഡിയ ഈ പാകിസ്താനി മാധ്യമപ്രവര്‍ത്തകനെ മറന്നില്ല. ഒട്ടേറെ പേരാണ് 2008-ലെ ആ പഴയ വീഡിയോ ഫെയ്‌സ്ബുക്കിലും എക്‌സിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പങ്കുവെച്ചത്. പാകിസ്താനി നടി മഹിറ ഖാന്‍ ചാന്ദ് നവാബിന്റെ രസകരമായ റിപ്പോര്‍ട്ടിങ് പുനഃസൃഷ്ടിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

ചാന്ദ് നവാബ്

പാകിസ്താനിലെ മിര്‍പുര്‍ഖാസ് സ്വദേശിയായ ചാന്ദ് നവാബ് 1963-ലാണ് ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കറാച്ചിയിലേക്ക് മാറി. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ചാന്ദ് നവാബ് കറാച്ചി പോളി ടെക്‌നിക് കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. 

ഹുറിയത്ത്, ഡെയ്‌ലി മോണിങ് സ്‌പെഷ്യല്‍ എന്നീ പത്രങ്ങളിലും വാര്‍ത്താ ഏജന്‍സിയായ പാകിസ്താന്‍ പ്രസ് ഇന്റര്‍നാഷണലിലും (പിപിഐ) ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഇന്‍ഡസ് ടിവി കറാച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ അദ്ദേഹം 24 ന്യൂസ് എച്ച്ഡി, 92 ന്യൂസ് എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ എആര്‍വൈ ന്യൂസിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 

കെഎഫ്‌സി, ബാറ്റ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും രണ്ട് പാകിസ്താനി ചലച്ചിത്രങ്ങളിലും ചാന്ദ് നവാബ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.