ശ്രദ്ധിച്ചിട്ടില്ലേ, ഇഷ്ടമില്ലാത്ത സ്ത്രീകള്‍ വല്ലതും പറഞ്ഞാല്‍ അമ്മായി, അമ്മച്ചി എന്ന വിളി ചേര്‍ത്ത് സംസാരിക്കുന്നവരെ. ഇതേ കാര്യം ആണാണ് പറഞ്ഞതെങ്കില്‍ പ്രായം മുന്‍നിര്‍ത്തിയുള്ള പരിഹാസം കുറവായിരിക്കും. ഈ വിഷയത്തില്‍ എഴുത്തുകാരി അനുചന്ദ്ര പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. പ്രായം കൂടി വരുന്ന സ്ത്രീകള്‍ അമ്മായിയും തള്ളച്ചിയും ആന്റിയുമായി മാറുന്നുവെന്നും  എന്നാൽ ഇഷ്ടമില്ലാത്തത് പറയുന്നത് പുരുഷനാണെങ്കിൽ പ്രായം മുൻനിർത്തിയുള്ള പരിഹാസങ്ങളുണ്ടാവുന്നില്ലെന്നുമാണ്  അനുചന്ദ്ര തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.. സ്ത്രീകളുടെ താത്പര്യങ്ങള്‍, പാഷന്‍ എല്ലാത്തിനെയും മാറ്റി വെച്ചവരോട് കുടുംബത്തിലൊതുങ്ങാന്‍ പറയുന്നു. പ്രായം കൂടിയവര്‍ക്ക് പബ്ലിക്കിനിടയില്‍ വന്നു നില്‍ക്കുന്നതിന് പോലും തടസ്സമുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. യൗവനകാലത്ത് ലോകം സ്ത്രീയുടേതാണെന്നും അത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ലോകത്തില്‍ നിന്ന് അങ്ങേയറ്റം ഉള്‍വലിയണമെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രായം കൂടിവരുന്ന സ്ത്രീകളെ നോക്കി അവരുടെ പ്രായത്തെ പരിഹസിക്കുന്നു ഇതൊന്നും പുരുഷനൊരിക്കലും ബാധകമേയല്ല എന്നുമാണ് അനുചന്ദ്ര തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

അനുചന്ദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രായം കൂടി വരുന്ന സ്ത്രീകള്‍ക്കീ ലോകത്ത് എക്‌സിസ്റ്റ് ചെയ്യാന്‍ വലിയ പാടാണെന്നെനിക്ക് തോന്നാറുണ്ട്. ഉദാഹരണത്തിന്, ഞാന്‍ സിനിമ റിവ്യൂ ചെയുന്ന സമയത്തൊക്കെ എന്റെ യൂട്യൂബ് ചാനലിനകത്തു പലപ്പോഴും കണ്ടിട്ടുള്ള കമന്റ്‌സ് ആണ് 
'അമ്മായിക്ക് വേറെ പണിയൊന്നുമില്ലേ?' 
'ആന്റി പോയി വേറെ വല്ല പണിം നോക്ക്' 
'ഏതാ ഈ തള്ളച്ചി' 
'പോയി വല്ല അടുക്കള പണിം നോക്ക് ' എന്നൊക്കെ. 
ആളുകളില്‍ നിന്ന് പലപ്പോഴായി ഇങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പ്രമുഖ യൂട്യൂബ് സിനിമ റിവ്യൂവേഴ്സായ സുധീഷ് പയ്യനൂര്‍, ഉണ്ണി വ്‌ലോഗ് തുടങ്ങി ചെറുതും വലുതുമായ സകല റിവ്യൂവേഴ്സിന്റെയും കമന്റ് ബോക്‌സിന് താഴെ വരുന്ന കമന്റ്‌സ് എണ്ണിപെറുക്കി വായിക്കാന്‍ തുടങ്ങി. 
'അമ്മാവന് വേറെ പണിയില്ലേ? ' 
'ഏതാ ഈ കിളവന്‍' 
'അപ്പൂപ്പന്‍ എന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്' 
'പോയി കുടുംബകാര്യം നോക്കിയിരിക്ക്' 
തുടങ്ങി പ്രായത്തെ അഡ്രെസ്സ് ചെയുന്ന ഒരു കമന്റ് പോലും എവിടെയും ഒരാളില്‍ പോലും കാണുന്നില്ല. ഒരുവന്റെയും ഒരുത്തന്റെയും പ്രായം ഒരിടത്തു പോലും അഡ്രെസ്സ് ചെയ്യപ്പെടുന്നില്ല. 
അപ്പോള്‍ പ്രശ്‌നം നേരിടുന്നത് സ്ത്രീകള്‍ മാത്രമാണ്. 
പ്രായം കൂടി വരുന്ന സ്ത്രീകള്‍ അമ്മായിയും തള്ളച്ചിയും ആന്റിയുമായി മാറുന്നു. അവരുടെ താല്പര്യങ്ങള്‍, പാഷന്‍ എല്ലാത്തിനെയും മാറ്റി വെച്ചവരോട് കുടുംബത്തിലൊതുങ്ങാന്‍ പറയുന്നു. പ്രായം കൂടിയവര്‍ക്ക് പബ്ലിക്കിനിടയില്‍ വന്നു നില്‍ക്കുന്നതിന് പോലും തടസ്സമുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഫ്‌ലറിഷായി നില്‍ക്കുന്ന കാലത്തോളം ലോകം സ്ത്രീയുടേതാണെന്നും അത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ലോകത്തില്‍ നിന്ന് അങ്ങേയറ്റം ഉള്‍വലിയണമെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രായം കൂടിവരുന്ന സ്ത്രീകളെ നോക്കി അവരുടെ പ്രായത്തെ പരിഹസിക്കുന്നു - എന്നാല്‍ ഇതൊന്നും പുരുഷനൊരിക്കലും ബാധകമേയല്ല.
നിലവില്‍ നിരന്തരമായി സിനിമ റിവ്യൂസ് വീഡിയോസായി ചെയ്യുന്ന സ്ത്രീകള്‍ മലയാളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഞാന്‍ കടന്നു വരുന്നത്. അവിടെ പ്രായമാണ് പലര്‍ക്കും വിഷയം. 
അല്ലെങ്കിലും മാളവിക ജയറാമിന്റെ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ പാര്‍വതിയെ നോക്കി 'മുതുകിളവി' 'ഡാകിനി' 'മുത്തശ്ശി' 'അമ്മൂമ്മ' എന്നൊക്കെ കമന്റ് ചെയ്യുന്ന, പ്രേമലു സിനിമയുടെ ഫങ്ഷനുമായി ബന്ധപ്പെട്ടുള്ള നസ്രിയ ഫഹദിന്റെ വീഡിയോസിന് താഴെ വന്ന് 'നിന്റെ കാലമൊക്കെ കഴിഞ്ഞെടീ ആന്റി' എന്ന് പറയുന്ന, പാര്‍വതി തിരുവോത്തിന്റെ വീഡിയോസ്‌ന് താഴെ വന്ന് 'കിളവിയായി, നീ ഫീല്‍ഡ് ഔട്ടായി പോയെടീ' എന്നൊക്കെ പറയുന്ന മനുഷ്യരല്ലേ ഇവിടുള്ളത്. 
അവര്‍ക്ക്,  70കളിലും സിനിമ വിടാത്ത മമ്മുട്ടി 'നടന്‍' ആണ്. 
ട്രോളുകള്‍ ഏറ്റു വാങ്ങുന്ന മോഹന്‍ലാലും 'നടന്‍' ആണ് 
രാഷ്രീയവിയോജിപ്പുകളില്‍ നില്‍ക്കുമ്പോഴും 'നടന്‍' ആയി തന്നെ സുരേഷ്ഗോപിയേയും അംഗീകരിക്കുന്നു.
നിരന്തരം ഫ്‌ലോപ്പുകള്‍ ഏറ്റു വാങ്ങുന്ന ജയറാമും 'നടന്‍' ആണ് - 
വഴിയേ പോകുന്ന ഒരുത്തന്‍ പോലും പ്രായം ചൂണ്ടി ഇതിലൊരുത്തനെ പോലും തൊട്ടു തീണ്ടില്ല. 
കാരണം ഇവരെല്ലാം ആണുങ്ങളാണ്. 
( ഞങ്ങളെല്ലാം പെണ്ണുങ്ങളും )
അതാണ് ഞാന്‍ പറഞ്ഞു വരുന്നത് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' കയറുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക്, അവരെ ഒതുക്കണമെന്നൊക്കെ തോന്നും. അതിന് മറു കോണ്‍ടെന്റ് കൊണ്ട് കഴിയില്ല എന്നാവുമ്പോള്‍ അവര്‍ ആദ്യം 'പ്രായം' ഇറക്കും. പിന്നെ ' രൂപം ' ഇറക്കും . അതുകൊണ്ടൊന്നും നടപടിയാവുന്നില്ലെന്ന് കണ്ടാല്‍ അടുത്ത വഴികള്‍ തേടി കൊണ്ടേയിരിക്കും.
അതാണല്ലോ ചരിത്രം!
അതാണല്ലോ ശീലം!