തിരുവനന്തപുരം ആറ്റിങ്ങലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കേരളാ പൊലീസ്. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിങ്ങൽ അയിലം പാലത്തിൽ കയറിനിന്ന യുവാവിനെ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് തിരികെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുകയറ്റിയത്.

To advertise here,

സംഭവത്തിന്റെ ദൃശ്യങ്ങൾ കേരളാ പോലീസ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ‘എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് പരിഹരിക്കാം. അതിനല്ലേ പോലീസ് ഇവിടെ ഉള്ളത്. വാക്കാണ്’, എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നതും കേൾക്കാം.

ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പെക്ടർ ജിഷ്ണുവിന്റെയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻ പിള്ളയുടെയും ഇടപെടലാണ് നിർണായകമായതെന്ന് ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. കൂടാതെ, ഒരു പോലീസ് ഉദ്യോഗസ്ഥനാകണമെന്ന് പറഞ്ഞാണ് ആ സുഹൃത്ത് പിരിഞ്ഞതെന്നും പോലീസ് കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ പോലീസിനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തി. ഒരു മനുഷ്യന്റെ ഏറ്റവും മോശം സമയത്ത് അവന്റെ കൂടെ നിൽക്കാൻ മനസ്സ് കാണിച്ച കേരളാ പോലീസിന് ബിഗ് സല്യൂട്ട് എന്ന് ഒരാൾ കുറിച്ചു. മരണത്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് സ്‌നേഹമാണ് എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)