കോഴിക്കോട്: ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശനിയാഴ്ച്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസ്സെടുത്തിട്ടുണ്ട്. 

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തിൽ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു  അമ്മിണി പറഞ്ഞു. ശനിയാഴ്ച രാത്രി 9.30 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

'വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല'- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു. 

സംഭവത്തെ കുറിച്ച് അവര്‍ പറയുന്നതിങ്ങനെ

ഇടിയുടെ ആഘാതത്തില്‍ ഞാന്‍ നിലത്തേക്ക് വീണ് നന്നായി ചോരയൊഴുകി. വായ്ക്കുള്ളിലാണ് വലിയ മുറിവുണ്ടായത്. ഓട്ടോ വന്നിടിച്ചപ്പോള്‍ വണ്ടിയുടെ സൈഡ് മിറര്‍ ആണ് മുഖത്തിടിച്ചത്. ആ ശക്തിയില്‍ വണ്ടിയുടെ മിറര്‍ ഒടിഞ്ഞ് താഴെവീണിട്ടുണ്ട്. ഇടിയില്‍ പല്ലുമിളകിയിട്ടുണ്ട്. തലയ്ക്ക് തരിപ്പും വേദനയും അനുഭവപ്പെടുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

സംഭവം നടക്കുന്ന സമയം പരിസരത്താരും ഉണ്ടായിരുന്നില്ല. അതിനാല്‍ സിഐയെ ആണ് ഉടന്‍ സഹായത്തിനായി വിളിച്ചത്. കഷ്ടിച്ച് നടക്കുന്നതിനിടെ ഒരു ഇരുചക്രവാഹനക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ഒടിഞ്ഞ മിററുള്ള ഓട്ടോ അന്വേഷിച്ചും സിസിടിവി പരിശോധിച്ചും ഇടിച്ചതാരാണെന്ന് എളുപ്പം കണ്ടുപിടിക്കാവുന്നതേയുള്ളൂ. പോലീസ് ഈ കേസില്‍ നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

പൊയില്‍ക്കാവില്‍ റെഡിമെയ്ഡ് തുണിപ്പീടിക നടത്തുന്നുണ്ട് ബിന്ദു അമ്മിണി. ഇതിനോട് ചേര്‍ന്ന് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനാല്‍ അതിന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസിലെ ജോലി കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴാണ് വധശ്രമം നടന്നത്. 

അക്രമം ആദ്യസംഭവമല്ല

"ഇതിനു മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചും ബൈക്ക് യാത്രികരായ അജ്ഞാതരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്കു നടക്കുന്ന സമയത്താണ് ഇത്തരം വധശ്രമങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്". 

സുപ്രീം കോടതി ഉത്തരവ് പ്രകാരം തനിക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ട ഉത്തരവാദിത്വം സ്‌റ്റേറ്റിനുണ്ടെന്നും അതു തനിക്ക് നിലവില്‍ ലഭിക്കുന്നില്ലെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളം പോലീസ് കൂടെയുണ്ടായിരുന്നപ്പോഴും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പോലീസ് പ്രൊട്ടക്ഷന്‍ ഇല്ലാതായതിനുശേഷമാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായതെന്നും ബിന്ദുഅമ്മിണി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധമറിയിച്ച് മലയാളപെൺകൂട്ടം

വിഷയത്തില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കണമെന്നും ബിന്ദുവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സ്ത്രീ കൂട്ടായ്മയായ മലയാളപെണ്‍കൂട്ടം ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന ലിംഗസമത്വത്തിന്റെ പക്ഷത്തു നിന്നുകൊണ്ടാണ് സുപ്രീം കോടതി വിധി ഉണ്ടായിട്ടുള്ളത്. ആ വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറിയ ആളാണ് ബിന്ദു അമ്മിണി.  മുന്‍പും പല തരത്തില്‍ അവര്‍ക്കുനേരെ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും മലയാള പെൺകൂട്ടം അറിയിച്ചു.

Content highlights: Murder attempt against Bindhu ammini, case filed, RSS behind the crime, she says