ചെന്നൈ: മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്നാട്ടിലെ സിപിഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖമാണ് ഈ പ്രഖ്യാപനം നടത്തിയത്.

To advertise here,

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരുകയും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സ്' സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ഷണ്‍മുഖം പറഞ്ഞു. തിരുനെല്‍വേലി ജില്ലയില്‍ മാത്രം വര്‍ഷത്തില്‍ 240 ദുരഭിമാനക്കൊല നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരേ ജനവികാരം ഉയരുമ്പോള്‍ത്തന്നെ കൊലയാളികളെ മഹത്വവത്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയുംചെയ്യുന്നുണ്ടെന്ന് ഷണ്‍മുഖം ചൂണ്ടിക്കാണിച്ചു.

ജാതിമാറി കല്യാണംകഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ തടയുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം സിപിഎം ആവര്‍ത്തിച്ചു. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ ഇതിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് ഷണ്‍മുഖം ആവശ്യപ്പെട്ടു. പട്ടികജാതി, വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമംകൊണ്ട് ദുരഭിമാനക്കൊലകള്‍ തടയാനാവില്ല. പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇടയില്‍ത്തന്നെ ജാതിവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മിശ്രവിവാഹത്തിന് സഹായംനല്‍കിയതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ തിരുനെല്‍വേലിയിലെ സിപിഎംജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തിരുന്നു. പട്ടികജാതിയില്‍പ്പെട്ട യുവാവിന്റെയും പ്രദേശത്തെ പ്രബലജാതിയില്‍പ്പെട്ട യുവതിയുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നപ്പോഴാണ് കമിതാക്കള്‍ സിപിഎമ്മിന്റെ സഹായംതേടിയത്. സിപിഎമ്മിനു കീഴിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് വിവാഹം നടത്തിക്കൊടുത്തത്.