ജസ്റ്റിസ് കെ. ചന്ദ്രുവിൻെറ ‘അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍’ എന്ന പുസ്തകത്തിലെ’ ഒരു ഭാഗം വായിക്കാം.
ജാതിപ്രശ്നങ്ങള്‍ മിശ്രവിവാഹങ്ങളിലൂടെ കുറച്ചെങ്കിലും പരിഹരിക്കപ്പെടുമെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നുവെങ്കിലും കൃത്രിമമായ ആ രീതിയില്‍ അത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോട് അദ്ദേഹത്തിനു യോജിക്കാന്‍ കഴിയുമായിരുന്നില്ല. ഹിന്ദുമതത്തെ നവീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഗാന്ധിജി ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച പന്തിഭോജനവും മിശ്രവിവാഹങ്ങളും ജാതിയെ ഇല്ലാതാക്കില്ലെന്നും ഹിന്ദുശാസ്ത്ര ആചാരങ്ങളിലൂടെ ജാതിയുടെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിക്കിടക്കുകയാണെന്നും അതുകൊണ്ട് ശാസ്ത്രാചാരങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ ജാതിചിന്ത ഒഴിഞ്ഞുപോവുകയുള്ളൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
'മിശ്രവിവാഹങ്ങള്‍ ഉത്തമപ്രതിവിധിയാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. രക്തബന്ധത്തിലൂടെ മാത്രമേ കുടുംബം, ബന്ധുക്കള്‍ എന്ന ചിന്ത ഉണ്ടാവുകയുള്ളൂ. ഇങ്ങനത്തെ ബന്ധങ്ങള്‍ അല്ലെങ്കില്‍ അവര്‍ നമ്മുടെയും ബന്ധുക്കളാണെന്ന അവസ്ഥ ഉണ്ടാകുന്നതുവരെ ജാതി കാരണം ഉണ്ടാവുന്ന വിഭാഗീയത മറ്റുള്ള ജാതിക്കാര്‍ അന്യരാണെന്ന ചിന്ത ഇല്ലാതാവാന്‍ പോകുന്നില്ല.
'ഹിന്ദുക്കള്‍ക്കിടയില്‍ മിശ്രവിവാഹം ഒരു ശക്തിമത്തായ ഘടകമായി സാമൂഹികജീവിതത്തില്‍ വളരണം അഹിന്ദുക്കള്ക്കിടയില് വളരുന്നതിനെക്കാളും ശക്തിയായി. എങ്കില്‍ മാത്രമേ അത് സമൂഹത്തില്‍ ഒരു ശക്തമായ സ്വാധീനമായിത്തീരുകയുള്ളൂ. മറ്റു ബന്ധങ്ങളില്‍ സമൂഹം അല്ലെങ്കില്‍ത്തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ട് വിവാഹം എന്നത് ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സാധാരണകാര്യം മാത്രമായിത്തീരും. പക്ഷേ, എവിടെ സമൂഹം ഈ വിധത്തില്‍ വാര്ക്കപ്പെട്ടിരിക്കുന്നുവോ അവിടെ വിവാഹം എന്നത് കൂട്ടിയിണക്കുന്ന ശക്തിയാവുമെന്നതിനാല് അത് അടിയന്തരമായ ഒരാവശ്യമാവുകയാണ്. ജാതിയെ ഇല്ലായ്മ ചെയ്യാന്‍ മറ്റെന്തിനെക്കാളും മിശ്രവിവാഹങ്ങള്‍ അനിവാര്യമാണ്.
'ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും മിശ്രവിവാഹം കഴിക്കുന്നതും തുടര്‍ച്ചയായി നടത്താതെ, വല്ലപ്പോഴുമൊക്കെ മറ്റു ജാതിക്കാരുമൊത്ത് ഭക്ഷണം കഴിക്കുന്നതും മിശ്രവിവാഹങ്ങള്‍ നടക്കുന്നതും ആഗ്രഹിച്ച ഫലം നേടുവാന്‍ ഉപകരിക്കുകയില്ല. സത്യത്തില്‍ വേണ്ടത് ഹിന്ദുമതശാസ്ത്രങ്ങള്‍ വിശുദ്ധമാണെന്ന ചിന്തയെ നശിപ്പിക്കുക എന്നതാണ്. ഹിന്ദുമതശാസ്ത്രങ്ങള്‍ മനുഷ്യരുടെ വിശ്വാസങ്ങളെയും സംശയങ്ങളെയും തുടര്‍ച്ചയായി സ്വാധീനിച്ചുകൊണ്ടിരിക്കുമ്പോള്‍ വിജയം എങ്ങനെ സാധ്യമാകുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? അവയുടെ ശുദ്ധിയെയും അതിന്റെ പിന്നിലുള്ള ശിക്ഷ വിധിക്കാനുള്ള അംഗീകാരത്തെയും ചോദ്യംചെയ്യാതിരിക്കുന്നിടത്തോളം കാലവും, അവയുടെ നടപടികള്‍ വിവേകത്തിനും ആത്മാഭിമാനത്തിനും ചേര്‍ന്നതല്ലെന്നും പറഞ്ഞ് കുറ്റമാരോപിക്കുന്നതുകൊണ്ടു മാത്രവും സമൂഹത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും എന്ന് ചിന്തിക്കുന്നത് വിരോധാഭാസമാണ്.
ഹിന്ദുമതശാസ്ത്രങ്ങള്‍ മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയിട്ടുണ്ട്. അതുകാരണം സമൂഹത്തില്‍ വേരുറച്ചുപോയ ആചാരങ്ങളെയും ശുദ്ധാശുദ്ധങ്ങളെപ്പറ്റിയുള്ള വിശ്വാസങ്ങളെയും മനുഷ്യര്‍ ഉപേക്ഷിക്കുന്നതുവരെ അവഗണിക്കുന്നതുവരെ അവയെ അടിത്തറയായി സ്വീകരിച്ച് അവര്‍ കൊണ്ടുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അവര്‍ മാറ്റാന്പോകുന്നില്ലെന്ന സത്യത്തെ, തൊട്ടുകൂടായ്മയെ ഇല്ലാതാക്കുന്നതില്‍ തീവ്രമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധിയടക്കമുള്ള പുനരുദ്ധാരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല.
'എല്ലാ ജാതിക്കാരും ഒന്നിച്ചിരുന്ന് കഴിക്കുന്ന പന്തിഭോജനങ്ങളും മിശ്രവിവാഹങ്ങളും ഏര്‍പ്പാടാക്കുന്നതും അവര്‍ക്കുവേണ്ടി പോരാടുന്നതും കൃത്രിമമായി നിര്‍ബ്ബന്ധപൂര്‍വം ഭക്ഷണം കഴിപ്പിക്കുന്നതിനു തുല്യമാണ്. ഓരോ ആണിനെയും പെണ്ണിനെയും ഹിന്ദുമതശാസ്ത്രത്തിന്റെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കണം. ഹിന്ദുമതശാസ്ത്രവിധികള് കാരണം അവരുടെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പെരുംതെറ്റുകളെയും ആശയങ്ങളെയും ശുദ്ധീകരിച്ചാല്‍, നിങ്ങള്‍ പറയാതെത്തന്നെ അവനോ/അവളോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചോളും. മിശ്രവിവാഹം കഴിച്ചോളും.'
മിശ്രവിവാഹത്തിനെതിരായി സമൂഹത്തില്‍ നടക്കുന്ന ക്രൂരതകളെപ്പറ്റി സുപ്രീംകോടതി ഇപ്രകാരം പറഞ്ഞിട്ടുണ്ട് 'ഹര്ജിക്കാരന് പ്രായപൂര്‍ത്തിയായ വ്യക്തി എന്നതിനാലും, ചര്ച്ചയ്ക്കുള്പ്പെട്ട കാലത്തും പ്രായപൂര്ത്തിയായവനാണെന്നതിനാലും യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യാനോ അല്ലെങ്കില്‍, ഇഷ്ടപ്പെട്ട വ്യക്തിയോടൊത്ത് ജീവിക്കാനോ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുവിവാഹനിയമമനുസരിച്ചോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും നിയമമനുസരിച്ചോ മിശ്രവിവാഹം കഴിക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ല...
'കുറ്റംചെയ്യപ്പെട്ടവരില് (മിശ്രവിവാഹം ചെയ്ത യുവാവും യുവതിയും) യുവാവിന്റെ ബന്ധുക്കളും എന്തെങ്കിലും കുറ്റം ചെയ്തതായി ഞങ്ങള്‍ വിചാരിക്കുന്നില്ല. ഹര്‍ജിക്കാരിയുടെ സഹോദരന്മാര് തങ്ങളുടെ സഹോദരി മാറ്റൊരു ജാതിയില്‍പ്പെട്ടവനെ വിവാഹം ചെയ്തതു കാരണം കോപാകുലരാവുകയും അവരുടെ പ്രേരണ കാരണം തുടര്‍ന്നു സംഭവിച്ച ക്രിമിനല്‍ക്കുറ്റങ്ങള്‍ തീര്‍ച്ചയായും കോടതിനടപടികളെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുന്നവയുമാകുന്നു.
'ഹര്‍ജിക്കാരിയുടെ സഹോദരന്മാര്ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, പോലീസ് ഹര്‍ജിക്കാരിക്കും ഭര്‍ത്താവിനുമെതിരേ നിയമനടപടികളുമായി മുമ്പോട്ടു പോയത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു.
'മിശ്രവിവാഹം ചെയ്ത സ്ത്രീപുരുഷന്മാരെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുള്ളതുകൊണ്ട് ചില പൊതുവായ അഭിപ്രായങ്ങള്‍ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെയാണ് നാട് ഇപ്പോള്‍ കടന്നുപോകുന്നത്. അതുകൊണ്ട് ഇതുപോലുള്ള സംഭവങ്ങള്‍ കണ്ടുകൊണ്ട് വെറുതേയിരിക്കാന്‍ കോടതിക്കാവില്ല.
'നാടിന്റെ ശാപമാണ് ജാതിവ്യവസ്ഥ. എത്ര വേഗത്തില്‍ അതിനെ ഇല്ലായ്മ ചെയ്യുന്നുവോ അത്രയും നല്ലത്. നാമെല്ലാവരും ഒന്നുചേര്‍ന്ന് നാട് അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളെയും നേരിടേണ്ട സമയത്ത് സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാടിന്റെ വിഭജനമാണ്. മിശ്രവിവാഹം ജാതിവ്യവസ്ഥയെ തുടച്ചുമാറ്റാന്‍ വഴിയൊരുക്കുമെന്നതിനാല്‍ അതിനെ നാടിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നന്മയായി കരുതണം. പക്ഷേ, മിശ്രവിവാഹിതരെ ആണിനെയും പെണ്ണിനെയും ഭീകരമായ വിധത്തില്‍ പേടിപ്പെടുത്തുന്നതായും അവരുടെ നേര്‍ക്ക് അക്രമങ്ങള്‍ അഴിച്ചുവിടുന്നതുമായുള്ള വാര്‍ത്തകള്‍ നാടിന്റെ പല ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നു. അത് നാടിന്റെ സമാധാനത്തിനും ശാന്തിക്കും ഭംഗംവരുത്തുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും തീര്‍ച്ചയായും നിയമലംഘനങ്ങളാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കേണ്ടതുമാണ്.
'ഇതൊരു സ്വതന്ത്രജനാധിപത്യനാടാണ്. പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും ഏതു പുരുഷനും അവര്‍ ആരെയാണോ ആഗ്രഹിക്കുന്നത് അവരെ വിവാഹം ചെയ്യാം. പുരുഷന്റെയോ സ്ത്രീയുടെയോ മാതാപിതാക്കള്‍ മിശ്രവിവാഹത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പരമാവധി ചെയ്യാവുന്നത് മകനുമായോ അല്ലെങ്കില്‍ മകളുമായോ ഉള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാം എന്നതു മാത്രമാണ്. മിശ്രജാതിവിവാഹം അല്ലെങ്കില്‍ മിശ്രമതവിവാഹം ചെയ്തവരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ അല്ലെങ്കില്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്.
അതുകൊണ്ട് പ്രായപൂര്‍ത്തിയായ ഒരു ആണോ പെണ്ണോ, പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനെയോ ആണിനെയോ മിശ്രജാതിവിവാഹമോ മിശ്രമതവിവാഹമോ ചെയ്താല്‍ ആ ജോഡിയെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്യാതെനോക്കേണ്ടതും സംരക്ഷിക്കേണ്ടതും ഈ നാട്ടിലെ ഭരണസംവിധാനവും പോലീസ് അധികാരികളുമാണെന്ന് ഈ കോടതി ഉത്തരവിടുന്നു.
ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, ആക്രമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും സ്വയം ഇടപെട്ടാലും അല്ലെങ്കില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചാലും അവരുടെ പേരില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തി നിയമം അനുശാസിക്കുന്നവിധം കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ഈ കോടതി ഉത്തരവിടുന്നു.
'സ്വയം ആഗ്രഹിച്ച് മിശ്രജാതിവിവാഹമോ മിശ്രമതവിവാഹമോ ചെയ്യുന്നവരെ വധിക്കുന്ന ദുരഭിമാനക്കൊലപാതകങ്ങളെപ്പറ്റി ചിലപ്പോഴൊക്കെ കേള്‍ക്കുന്നുണ്ട്. ഈ കൊലപാതകങ്ങളില്‍ അന്തസ്സോ അഭിമാനമോ ഒന്നുമില്ല. സത്യം പറയുകയാണെങ്കില്‍ കഠിനശിക്ഷ ലഭിക്കേണ്ട, ജന്മിമാടമ്പി, പ്രഭുത്വ മാനസികാവസ്ഥയുള്ളവര്‍ ചെയ്യുന്ന കാടത്തം നിറഞ്ഞതും നാണക്കേടുണ്ടാക്കുന്നതുമായ കൊലപാതകങ്ങള്‍ മാത്രമാണ് അവയെല്ലാം. കടുത്ത ശിക്ഷകളിലൂടെ മാത്രമേ ഇത്തരം കാടത്തങ്ങളെ പറിച്ചെറിയാന്‍ കഴിയുകയുള്ളൂ.' (ലതാസിങ് v/s ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2006 (5) Scc 475)
2013-ല്‍ മിശ്രവിവാഹത്തിന് സഹായിച്ചു എന്ന കാരണംകൊണ്ട് ക്രിമിനല്‍ക്കുറ്റം ചുമത്തപ്പെട്ട് പോലീസില്‍ ജോലി നിഷേധിക്കപ്പെട്ട ശിവനേശന് എന്ന വ്യക്തിയുടെ ദയനീയമായ ഒരു ഹര്‍ജി എന്റെ മുമ്പില്‍ വിചാരണയ്ക്കു വന്നു. ശിവനേശന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുണ്ട്. ശിവനേശന്റെ സുഹൃത്ത് സുധാകരന് തിരുവണ്ണാമലയിലുള്ള ആരണിയിലാണു താമസം.
അദ്ദേഹവും അദ്ദേഹത്തോടൊപ്പം പഠിച്ച അറൈശെല്വിയും 2011-ല്‍ വിവാഹിതരായി. അതൊരു പ്രണയംമൂലമുള്ള മിശ്രവിവാഹമായിരുന്നു. പ്രായപൂര്‍ത്തിയായവരാണ് രണ്ടുപേരും. ആത്മാര്‍ത്ഥമായ പ്രേമമായിരുന്നു അവര്‍ തമ്മില്‍. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷിയായി ശിവനേശനാണു പോയത്. അറൈശെല്വിയുടെ ചേട്ടത്തിയമ്മയ്ക്ക് ഊരില്ത്തന്നെയുള്ള പോലീസ് സ്റ്റേഷനിലാണ് ജോലി.
സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ സ്വാധീനിച്ച് അറൈശെല്വിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞ് വ്യാജകേസുണ്ടാക്കി സുധാകരനെ അറസ്റ്റു ചെയ്ത് ജയിലില്‍ ഇടാന്‍ ചേട്ടത്തിയമ്മയ്ക്ക് കഴിഞ്ഞു. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ശിവനേശനെ പോലീസിലേക്ക് തിരഞ്ഞെടുക്കുന്നത്. ക്രിമിനല്‍പശ്ചാത്തലം ചൂണ്ടിക്കാണിച്ച് ജോലിയില്‍ ചേരാനുള്ള ഉത്തരവ് പിടിച്ചുവെക്കപ്പെട്ടു. ശിവനേശന് കോടതിയെ സമീപിച്ചു. എന്റെ വിധിപ്രസ്താവത്തില്‍ ഞാന്‍ സുപ്രീംകോടതിവിധി ഉദ്ധരിച്ചശേഷം ശിവനേശന് ജോലി നിഷേധിച്ചത് തെറ്റാണെന്നും ജോലിക്ക് ചേരാനുള്ള ഉത്തരവ് ഉടന്‍ നല്‍കണമെന്നും വിധിച്ചു.
'ഈ കേസില്‍ ആരണിയിലെ പോലീസ് വകുപ്പ് മിശ്രവിവാഹം കഴിക്കാന്‍ പുരുഷനെയും സ്ത്രീയെയും സഹായിച്ചില്ലെന്നു മാത്രമല്ല, അവരെ സഹായിച്ച സുഹൃത്തുക്കളുടെ പേരിലും വ്യാജകേസ് എടുത്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസ് വകുപ്പിന്റെ ഉത്തരവിനെ ന്യായീകരിക്കുവാന്‍ സാധ്യമല്ലെന്നു മാത്രമല്ല, ആ ഉത്തരവിനെ കോടതി റദ്ദുചെയ്യുകയും ചെയ്യുന്നു. ഹര്ജിക്കാരന് ഈ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം, മൂന്നാഴ്ചയ്ക്കുള്ളില്‍ ജോലിക്കു ചേരാനുള്ള ഉത്തരവ് അയയ്ക്കണമെന്ന് എതിര്‍കക്ഷികള്‍ക്ക് ഉത്തരവിടുകയും ചെയ്യുന്നു.' (ശിവനേശന് v/s പോലീസ് വകുപ്പ്, തിരുവണ്ണാമലൈ ജില്ല, തമിഴ്നാട്. 2013 (3) MLJ 142(Mad) 2013 (1) WC 8452013 (3) CTC-226=2013(2) LLN 434 (Ma-d).)
ജാതിപഞ്ചായത്തുകളില് (Khap panchayat എന്ന് വടക്കേ ഇന്ത്യയില്‍ അറിയപ്പെടുന്നു) പ്രേമവിവാഹങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും, പഞ്ചായത്തുകളുടെമേല് SC/ST prevention of atrocities Act പ്രകാരം ശക്തമായ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവിന്റെ സാരാംശം:
'വ്യത്യസ്ത ജാതിയില്‍ അല്ലെങ്കില്‍ മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാലോ, അല്ലെങ്കില്‍, വിവാഹം കഴിച്ചുകഴിഞ്ഞവരായാലോ, ആ വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന രീതിയില്‍ അഭിമാനക്കൊലപാതകങ്ങള്ക്ക് ഉത്തരവിടുകയോ പ്രോത്സാഹിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ അവരെ ദ്രോഹിക്കാനും ആക്രമിക്കാനും കൂട്ടുനില്‍ക്കുന്ന ജാതിപഞ്ചായത്തുകളെപ്പറ്റി അടുത്ത കാലത്തായി കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട് (തമിഴ്നാട്ടില്‍ കട്ടപ്പഞ്ചായത്തുകള് എന്നാണ് ഇവയെ വിളിക്കുന്നത്).
ഇത് നിയമലംഘനവും ചട്ടവിരോധവുമായതിനാല് ഇവയെ ഒരു ദയയും കാണിക്കാതെ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. മുമ്പ് ലതാസിങ് കേസില്‍ പറഞ്ഞതുപോലെ ദുരഭിമാനക്കൊലപാതകങ്ങളിലോ, മറ്റ് ആക്രമണങ്ങളിലോ അന്തസ്സ് എന്നൊന്നില്ല. സത്യം പറഞ്ഞാല്‍ സംസ്കാരത്തിനു ചേരാത്ത, നാണംകെടുത്തുന്ന കൊലപാതകങ്ങള്‍ മാത്രമാണ് ഇവയെല്ലാം. വേറൊന്നുമല്ല.
വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന പ്രഭുത്വമാനസികാവസ്ഥകളുമായി കഴിയുന്നവരെ കഠിനശിക്ഷയ്ക്കു വിധേയമാക്കണം. എന്നാല്‍ മാത്രമേ ഈവിധത്തിലുള്ള കാടത്തവും പ്രഭുത്വമാനസികാവസ്ഥയും ഇല്ലാതാവുകയുള്ളൂ. കൂടാതെ, നിയമം സ്വന്തം കൈയിലെടുത്ത് കാണിച്ചുകൂട്ടുന്ന ഈ പ്രവൃത്തികളെ കങ്കാരുക്കോടതികളായി കണക്കാക്കണം. കാരണം, അവ തീര്‍ത്തും നിയമവിരോധമാണ്.' (ആറുമുഖം സേര്‍വൈ v/s തമിഴ്നാട് സര്‍ക്കാര്‍2011 (6) SCC 405)
Content Highlights: Book excerpt from 'Ambedkarude prakasathil ente vidhiprasthavangal' by Justice K. Chandru
Published: 08 Nov 2025, 04:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented